BREAKING NEWSKERALA

ഏക സിവില്‍ കോഡ് വന്നിരിക്കും, ‘കെ റെയില്‍ വരുംകേട്ടോ’ എന്ന് പറയുംപോലെയല്ല- സുരേഷ് ഗോപി

കണ്ണൂര്‍: ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഏക സിവില്‍ കോഡ് വാഗ്ദാനമായിട്ട് വരുമെന്നും അത് നടപ്പിലാക്കിയെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര കണ്ണൂരില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏക സിവില്‍ കോഡിനുവേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യത്തുള്ളതെന്നും മോദി ഭരണത്തില്‍ പ്രീണനവും ജാതിയുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ വാഗ്ദാനമായി ഏക സിവില്‍ കോഡ് വരുമെങ്കില്‍, അത് നടപ്പിലാക്കിയെടുക്കുമെങ്കില്‍ പിന്നെവിടെയാണ് ജാതിക്ക് സ്ഥാനം? നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നത് അതല്ലേ? അത് സംഭവിച്ചിരിക്കും. ‘കെറെയില്‍ വരും കേട്ടോ’ എന്ന് പറഞ്ഞത് പോലെയല്ല. അത് വന്നിരിക്കും. ഒരു പ്രത്യേക വിഭാഗത്തെ നശിപ്പിക്കാനുള്ള സംവിധാനമെന്ന് ആരും വിചാരിക്കേണ്ട. ഏറ്റവും കൂടുതല്‍ ഗുണം ചെയ്യാന്‍ പോകുന്നത് ആ വിഭാഗത്തിനുതന്നെയാണ്, സുരേഷ് ഗോപി പറഞ്ഞു.
സ്ത്രീകള്‍ക്കും തുല്യത വേണം. സ്ത്രീ സമത്വത്തിന് വേണ്ടി 33.5 ശതമാനം എന്നുപറഞ്ഞ് ചുണ്ടനക്കിയതല്ലാതെ ഹൃദയം പ്രവര്‍ത്തിച്ചില്ല. അത് പ്രാവര്‍ത്തികമാക്കാന്‍ നരേന്ദ്ര മോദി വന്നിട്ടുണ്ടെങ്കില്‍ സ്ത്രീ സമത്വം എന്നത് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വരും, സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button