BREAKING NEWSWORLD

ലൈവായി മൃഗങ്ങളെ പീഡിപ്പിച്ച് കൊന്നു, എല്ലാം സബ്‌സ്‌ക്രൈബര്‍മാരെ കൂട്ടാന്‍, 28 -കാരിയുടെ ക്രൂരത

മനുഷ്യര്‍ കാണിക്കുന്ന ചില ക്രൂരതകള്‍ കാണുമ്പോള്‍ നമ്മള്‍ അമ്പരന്ന് പോകും. എങ്ങനെയാണ് ഒരാള്‍ക്ക് ഇത് സാധിക്കുന്നത് എന്നും സ്വാഭാവികമായി ചിന്തിച്ച് പോകും. അതുപോലെ യുഎസ്സില്‍ ഒരു യുവതി ചെയ്ത ക്രൂരതയാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. മൃഗങ്ങളെ പീഡിപ്പിച്ച് ലൈവായി കൊന്നതിന് അറസ്റ്റിലായിരിക്കുകയാണ് പെന്‍സില്‍വാനിയയില്‍ നിന്നുള്ള അനിഗര്‍ മോന്‍സി എന്ന 28 -കാരി. എല്ലാം അവള്‍ ചെയ്തത് തന്റെ യൂട്യൂബ് ചാനലില്‍ ആളുകളെ കൂട്ടാന്‍ വേണ്ടിയാണ്.
കോഴി, പ്രാവ്, മുയല്‍, തവള എന്നിവയെയാണ് അവള്‍ ലൈവായി കൊന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ ഇതിന്റെ നാല് ലൈവ് സ്ട്രീം വീഡിയോകളും അവള്‍ പോസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് അനിഗറിനെതിരെ കേസെടുത്തത്. 20,000 സബ്‌സ്‌ക്രൈബര്‍മാരാണ് അവള്‍ക്കുണ്ടായിരുന്നത്. പക്ഷികളെയും മൃഗങ്ങളെയും കൊല്ലുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്റെ ചാനല്‍ സബ്‌ക്രൈബ് ചെയ്യണമെന്നും അവള്‍ അഭ്യര്‍ത്ഥിച്ചു. ‘ഇത് തികച്ചും പ്രാകൃതവും മനുഷ്യത്വമില്ലായ്മയുമാണ്’ എന്നാണ് അപ്പര്‍ ഡാര്‍ബി പൊലീസ് സൂപ്രണ്ട് തിമോത്തി ബെര്‍ണാര്‍ഡ് പറഞ്ഞത്.
‘നിങ്ങള്‍ ഇത്തരം ഒരു കാര്യം ചെയ്യുന്നു എന്ന് മാത്രമല്ല, ആളുകള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതും കൂടുതല്‍ അസ്വസ്ഥാജനകമായ കാര്യമാണ്’ എന്നും അദ്ദേഹം പറഞ്ഞു. ABC7 റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം അവസാനം അവള്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ തലക്കെട്ട് ‘കുക്കിംഗ് ലക്കി’ എന്നായിരുന്നു. അതില്‍ ഒരു കോഴിയെ കൊല്ലുന്നതാണ് കാണിച്ചിരുന്നത്. കോഴി അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിന് തൊട്ടുമുമ്പാണ് അവള്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
അവള്‍ ആഗ്രഹിക്കുന്ന അത്രയും കാഴ്ചക്കാരുണ്ടാകുന്നത് വരെ അവള്‍ കോഴിയെ കൊന്നില്ല. അതിനെ പീഡിപ്പിച്ച് രസിക്കുകയായിരുന്നു. അവള്‍ കരുതിവച്ചിരുന്ന അത്രയും കാഴ്ചക്കാരായ ശേഷമാണ് അവള്‍ കോഴിയെ കൊന്നത് എന്നും പൊലീസുദ്യോഗസ്ഥന്‍ പറയുന്നു. ഒട്ടും മൂര്‍ച്ചയില്ലാത്ത കത്തിയെടുത്ത് ഇഞ്ചിഞ്ചായി ക്രൂരമായിട്ടാണ് അവള്‍ മുയലിനെ കൊന്നത്. നിരവധി തവളകളെയും പ്രാവുകളെയും ഇതുപോലെ കൊന്നുവെന്നും പൊലീസ് പറയുന്നു.
മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പെറ്റ(People for Ethical Treatment of Animals)യാണ് വീഡിയോയുടെ വിവരം പൊലീസിന് കൈമാറിയത്.

Related Articles

Back to top button