BREAKING NEWSKERALALATESTNEWS

അയോധ്യയിലെ ”വിജയഭേരി” കാശിയിലേക്ക് പടര്‍ത്താനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് കെ.ടി ജലീല്‍

മലപ്പുറം: അയോധ്യയിലെ ”വിജയഭേരി” കാശിയിലേക്ക് പടര്‍ത്താനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താന്‍ ഹൈന്ദവ വിഭാഗത്തിന് വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയതില്‍ വിമര്‍ശനവുമായി കെ.ടി ജലീല്‍ എംഎല്‍എ. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം ഹൈന്ദവ വിഭാഗം മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ നടത്തിയിരുന്നു.

മതങ്ങളും വിശ്വാസങ്ങളും മനുഷ്യന്റെ സ്വാസ്ഥ്യം കെടുത്താനല്ല പിറവിയെടുത്തത്. ദൈവം ഒന്നേയുള്ളൂവെന്നും വിവിധ മതക്കാര്‍ വ്യത്യസ്ത ഭാഷകളില്‍ വ്യതിരിക്ത പേരുകളില്‍ വിളിക്കുന്നു എന്നുമാത്രമെന്നും അദേഹം പറഞ്ഞു. ഈശ്വരനും അള്ളാഹുവും കര്‍ത്താവും ഒന്നുതന്നെ. അത് മനസ്സിലാകണമെങ്കില്‍ സര്‍വദര്‍ശനങ്ങളുടെയും ആന്തരാര്‍ത്ഥം ഉള്‍കൊള്ളാനാവാണം. സ്വാമി വിവേകാനന്ദന്‍ വഴിനടത്തിയ നാടിന്റെ ചിന്തകള്‍ ഭ്രാന്തമാകാതിരിക്കട്ടെയെന്നും ജലീല്‍ കുറിച്ചു.

കെ.ടി ജലീലിന്റെ കുറിപ്പ്:

ബാബറി മസ്ജിദ് കൊണ്ട് എല്ലാം അവസാനിക്കും എന്ന് കരുതിയ നിഷ്‌കളങ്കര്‍ക്ക് തെറ്റിയോ? ഇനിയും എന്തൊക്കെയാണ് കാണാനിരിക്കുന്നത്? സഹോദര മതസ്ഥരുടെ ആരാധനാലയം കയ്യൂക്കില്‍ വശത്താക്കി പൂജ തുടങ്ങിയാല്‍ രാജ്യത്തിന്റെ ഭാവി എന്താകും? മതങ്ങളും വിശ്വാസങ്ങളും മനുഷ്യന്റെ സ്വാസ്ഥ്യം കെടുത്താനല്ല പിറവിയെടുത്തത്. മനുഷ്യ മനസ്സുകളെ ശാന്തിയുടെ തീരത്തേക്ക് ആനയിക്കാനാണ്.

എല്ലാ അതിക്രമങ്ങള്‍ക്കും ഒരന്ത്യമുണ്ടാകും. സത്യവും നീതിയും ന്യായവും അധികാരബലത്തില്‍ കുറച്ചുകാലത്തേക്ക് മണ്ണിട്ട് മൂടാന്‍ കഴിഞ്ഞേക്കാം. പക്ഷെ ധര്‍മ്മയുദ്ധത്തിന്റെ പര്യവസാനം അധര്‍മ്മത്തിന്റെ പരാജയം തന്നെയാകും. കുരുക്ഷേത്രം അതാണ് മാലോകരോട് പറയുന്നത്. ചെങ്കോലും കിരീടവും എല്ലാ കാലവും ഒരുകൂട്ടരുടെ കയ്യില്‍ തന്നെ ശാശ്വതമായുണ്ടാകുമെന്ന് കരുതരുത്.

നംറൂദിന്റെയും ഫറോവയുടെയും ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ചരിത്രം എല്ലാവര്‍ക്കും പാഠമാണ്. ദൈവം ഒന്നേയുള്ളൂ. വിവിധ മതക്കാര്‍ വ്യത്യസ്ത ഭാഷകളില്‍ വ്യതിരിക്ത പേരുകളില്‍ വിളിക്കുന്നു എന്നുമാത്രം. ഈശ്വരനും അള്ളാഹുവും കര്‍ത്താവും ഒന്നുതന്നെ. അത് മനസ്സിലാകണമെങ്കില്‍ സര്‍വദര്‍ശനങ്ങളുടെയും ആന്തരാര്‍ത്ഥം ഉള്‍കൊള്ളാനാവാണം. സ്വാമി വിവേകാനന്ദന്‍ വഴിനടത്തിയ നാടിന്റെ ചിന്തകള്‍ ഭ്രാന്തമാകാതിരിക്കട്ടെ.

അയോധ്യയിലെ ”വിജയഭേരി” കാശിയിലേക്ക് പടര്‍ത്താനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്. കാശി കഴിഞ്ഞാല്‍ മധുരയിലേക്കാകും അതു നീളുക.

ഇന്ത്യയുടെ മധ്യകാലചരിത്രം ഇരുട്ട് വീഴ്ത്തി തമസ്‌കരിക്കാനുള്ള ശ്രമം പാഴ് വേലയാണ്. താജ്മഹലും, കുതുബ്മിനാറും, ചെങ്കോട്ടയും, ഫത്‌ഹേപൂര്‍സിക്രിയും, ചാര്‍മിനാറും, എണ്ണൂറ് വര്‍ഷം ഇന്ത്യ ഭരിച്ച ചക്രവര്‍ത്തിമാരുടെ ശവകുടീരങ്ങളും, 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരവും ലോകചരിത്രത്തിന്റെ കൂടി ഭാഗമാണ്.സൂര്യപ്രകാശത്തെ കീറമുറം കൊണ്ട് തടഞ്ഞ്, ചുറ്റും ഇരുട്ട് പരത്താനാകും എന്നു കരുതുന്നത് മഹാമൗഢ്യമാണ്. ഭരണകൂടവും ജുഡീഷ്യറിയും ലക്കുകെട്ട ജനക്കൂട്ടത്തിന്റെ ഭാഷയിലല്ല വിധി പറയേണ്ടത്. പൗരാണികതക്ക് മതമില്ല.

പൈതൃകങ്ങള്‍ക്ക് വിശ്വാസവുമില്ല. അനുസ്യൂതമായ മനുഷ്യപ്രവാഹത്തിന്റെ ദിശ സൂചിപ്പിക്കുന്ന നാഴികക്കല്ലുകളാണവ. അതിലൊന്നിന് വിഘ്‌നം സംഭവിച്ചാല്‍ അട്ടിമറിക്കപ്പെടുന്നത് സത്യസന്ധമായ ഇന്നലെകളാകും.ഒരു ദേശത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ കടക്ക് കത്തിവെച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് എല്ലാ തീവ്രചിന്താഗതിക്കാരും പിന്തിരിഞ്ഞാല്‍ മാത്രമേ സമാധാനം പുലരൂ. പകയും വിദ്വേഷവും നിലനില്‍ക്കുന്ന നാട്ടിലേക്ക് ഒരു ടൂറിസ്റ്റും വരില്ല.

ആഭ്യന്തര സംഘര്‍ഷങ്ങള്‍ കൊടുമ്പിരി കൊണ്ടാല്‍ ലോകം ഇന്ത്യയെ വെറുക്കും. ആരാധനാസ്വാതന്ത്ര്യം തടയപ്പെട്ടാല്‍ ഭാരതത്തിന്റെ മതിപ്പിന് മങ്ങലേല്‍ക്കും. മസ്ജിദുകളും ചര്‍ച്ചകളും തകര്‍ക്കപ്പെട്ടാല്‍ പള്ളിപൊളിയന്‍മാരുടെ ദേശമെന്ന ദുഷ്‌പേരിന് ഗാന്ധിജിയുടെ രാഷ്ട്രം പാത്രമാകും. പഴയതുപോലെ ബഹുസ്വരതയുടെ ധര്‍മ്മഭൂമിയായി ഇന്ത്യ മാറണം. അതിനാവണം ഓരോ ഭാരതീയന്റെയും പ്രവര്‍ത്തനവും പ്രാര്‍ത്ഥനയും.

Related Articles

Back to top button