BREAKING NEWSNATIONAL

ഗ്യാന്‍വാപി പൂജ; സുപ്രീം കോടതിയില്‍ അടിയന്തര വാദത്തിന് മുസ്ലീം വിഭാഗം, തടസ്സ ഹര്‍ജിയുമായി ഹിന്ദു വിഭാഗം

ന്യൂഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താനുള്ള ജില്ലാ കോടതിവിധിക്കെതിരെ അടിയന്തര വാദത്തിന് സുപ്രിം കോടതിയെ സമീപിച്ച് മുസ്ലീം വിഭാഗം. എന്നാല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് രജിസ്ട്രി നിര്‍ദേശം നല്‍കിയത്. അതിനിടെ, ഹിന്ദു വിഭാഗം തടസ്സ ഹര്‍ജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
ഗ്യാന്‍ വ്യാപി മസ്ജിദില്‍ ഹിന്ദു വിഭാഗത്തിന് ആരാധന നടത്താന്‍ ജില്ലാ കോടതിയാണ് ഉത്തരവിട്ടത്. ഇതിനെതിരെ മുസ്ലിം വിഭാഗം ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹിന്ദു വിഭാഗത്തിന്റെ തടസ്സഹര്‍ജി കോടതിയിലെത്തിയത്. അതിനിടെ, കോടതി പൂജയ്ക്ക് അനുമതി നല്‍കിയതിന് പിന്നാലെ ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗം ആരാധന നടത്തി. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. പള്ളിയുടെ താഴെ തെക്കുഭാഗത്തുള്ള നിലവറകളിലാണ് കോടതി പൂജയ്ക്ക് അനുവാദം നല്‍കിയിരുന്നത്. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനാണ് ആരാധന തുടങ്ങിയ കാര്യം അറിയിച്ചത്. പൂജക്ക് കോടതി അനുമതി നല്‍കിയതോടെ വാരാണസിയില്‍ സുരക്ഷ കൂട്ടി. ക്രമീകരണങ്ങള്‍ ശക്തമാക്കിയെന്നും കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഹിന്ദു വിഭാഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നല്‍കിയത്. കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താനുള്ള സൗകര്യങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ ഒരുക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും ഇവിടെ പൂജക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ വിവിധ ഹൈന്ദവ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു. ഇവിടുത്തെ പത്ത് നിലവറകളില്‍ പൂജചെയ്യാനാണ് അനുമതി. ശ്രീ കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
പൂജ നടത്തുന്ന പ്രദേശത്ത് ഇരുമ്പ് വേലിക്കെട്ടി തിരിക്കാനും ജഡ്ജി എ.കെ വിശ്വശേര ഉത്തരവിട്ടു. പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സര്‍വേക്കായി സുപ്രീംകോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്തിരിക്കുകയായിരുന്നു ഈ നിലവറ. 1993 വരെ ഇവിടെ പൂജകള്‍ നടന്നിരുന്നുവെന്നാണ് ഹിന്ദു വിഭാഗം വാദിച്ചത്. ഇവിടുത്തെ പൂജാരിയായിരുന്ന സോംനാഥ് വ്യാസിന്റെ നേതൃത്വത്തിലാണ് പൂജകള്‍ നടന്നത്. എന്നാല്‍ മുലായം സിങ്ങ് സര്‍ക്കാര്‍ 1993 നവംബറില്‍ ഇവിടെ പൂജകള്‍ വിലക്കിയെന്നാണ് ഹിന്ദുവിഭാഗം വാദിച്ചത്. എന്നാല്‍ അനുമതിക്കതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് മസ്ജിജ് കമ്മറ്റി വ്യക്തമാക്കുന്നത്. മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്ത് നേരത്തെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അടുത്തിടെ ഹിന്ദു വിഭാഗം പുറത്തുവിട്ടിരുന്നു.

Related Articles

Back to top button