BREAKING NEWSNATIONAL

ബംഗാളില്‍ രാഹുലിന്റെ ന്യായ് യാത്രയില്‍ അണിചേര്‍ന്ന് സി.പി.എം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ സി.പി.എമ്മും അണിചേര്‍ന്നു. മുര്‍ഷിദാബാദ് ജില്ലയിലെ ബെഹ്‌റാംപുരിലാണ് കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടികള്‍ക്കൊപ്പം ചെങ്കൊടികളുമേന്തി സി.പി.എം പ്രവര്‍ത്തകര്‍ യാത്രയില്‍ പങ്കെടുത്തത്. സി.പി.എം. സംസ്ഥാനസെക്രട്ടറി മുഹമ്മദ് സലീം, സംസ്ഥാനക്കമ്മിറ്റിയംഗം സുജന്‍ ചക്രവര്‍ത്തി എന്നിവര്‍ നേരിട്ടെത്തി രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്നു.
”ന്യായവും അന്യായവും തമ്മിലുള്ള പോരാട്ടത്തിനാണ് ഇപ്പോള്‍ രാജ്യം സാക്ഷ്യംവഹിക്കുന്നത്. അതില്‍ ന്യായത്തിന്റെ ഭാഗത്താണ് ഞങ്ങള്‍. അതുകൊണ്ടാണ് ന്യായ് യാത്രയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനെത്തിയത്” -മുഹമ്മദ് സലീം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കോണ്‍ഗ്രസ്-സി.പിഎം. സഖ്യത്തിന്റെ സൂചനയാണോ ഇതെന്ന ചോദ്യത്തിന് സഖ്യകാര്യങ്ങള്‍ ഇത്തരം വേദികളിലല്ല ചര്‍ച്ചചെയ്യുകയെന്നും അത് ഇരുപാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ തീരുമാനിക്കുമെന്നുമായിരുന്നു സലീമിന്റെ മറുപടി. കോണ്‍ഗ്രസിനെ സി.പി.എം. നിയന്ത്രിക്കുന്നുവെന്ന മമതയുടെ വിമര്‍ശനം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ”മമതയെ ആര്‍.എസ്.എസ്. നിയന്ത്രിക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കും” എന്നായിരുന്നു പ്രതികരണം.
വ്യാഴാഴ്ചയാണ് മാല്‍ദ ജില്ലയില്‍നിന്ന് ന്യായ് യാത്ര മുര്‍ഷിദാബാദ് ജില്ലയിലെത്തിയത്. പി.സി.സി. അധ്യക്ഷന്‍കൂടിയായ അധീര്‍ രഞ്ജന്‍ ചൗധരിയുടെ മണ്ഡലമായ ബെഹ്‌റാംപുരില്‍ കോണ്‍ഗ്രസ് അണികള്‍ യാത്രയ്ക്ക് ആവേശപൂര്‍വം സ്വീകരണം നല്‍കി.

Related Articles

Back to top button