BREAKING NEWSKERALA

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനത്തിന്റെ മോശം ധനമാനേജ്‌മെന്റ്; കേരളത്തിനെതിരേ കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിന്റെ സാമ്പത്തിക ക്ലേശത്തിന് കാരണം ധന മാനേജ്‌മെന്റിലെ പിടിപ്പുകേടെന്ന് കേന്ദ്രം. കേരളത്തിന്റേത് അതീവ മോശം ധന മാനേജമെന്റ് ആണെന്നും കേന്ദ്രം കുറ്റപ്പെടുത്തി. എടുക്കുന്ന കടം ശമ്പളവും പെന്‍ഷനും ഉള്‍പ്പടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം ചെലവഴിക്കുന്നുവെന്നും കേന്ദ്രം കുറ്റപ്പെടുത്തി. കിഫ്ബിക്ക് സ്വന്തമായ വരുമാനസ്രോതസ്സ് ഇല്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് പ്രസംഗം നടത്താന്‍ പോകുന്നതിന്റെ തൊട്ടുമുമ്പാണ് കേരളത്തിലെ ധനകാര്യ സ്ഥിതി സംബന്ധിച്ച വിശദീകരണം അടങ്ങുന്ന കുറിപ്പ് കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറിയത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിന് എതിരെ കേരളം നല്‍കിയ സ്യൂട്ട് ഹര്‍ജിയിലാണ് കോടതിയെ കേന്ദ്രം നിലപാടറിയിച്ചത്. അടിയന്തരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സംസ്ഥാന ബജറ്റിന് മുമ്പ് കോടതി പരിഗണിക്കണമെന്ന് കേരളം നേരത്തെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ധനകാര്യ കമ്മിഷനുകള്‍ ശുപാര്‍ശ ചെയ്തതിനേക്കാള്‍ തുക കേരളത്തിന് കൈമാറിയിട്ടുണ്ടെന്നാണ് കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അര്‍ഹതപ്പെട്ട കേന്ദ്രനികുതി, ധനകമ്മി ഗ്രാന്റുകള്‍, കേന്ദ്ര പദ്ധതികളുടെ പണം എന്നിവ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ടെന്നാണ് കേന്ദ്രവാദം. ഉയര്‍ന്ന കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. 2018 – 19-ല്‍ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 31 ശതമാനത്തിലധികമായിരുന്നു കടം. 2021 – 22 ആയപ്പോള്‍ ഈ തുക 39 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരി 29.8 ശതമാനം മാത്രമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related Articles

Back to top button