KERALALATEST

രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിനെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് പിടിയില്‍

കോഴിക്കോട്: രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ വിധി പ്രസ്ഥാപിച്ച ജഡ്ജിനെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് പിടിയില്‍. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്. സ്വമേധയാ എടുത്ത കേസിലാണ് നടപടി.
രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേര്‍ അറസ്റ്റിലായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീര്‍ മോന്‍, നവാസ് നൈന, തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി റാഫി എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്. ആകെ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
രണ്‍ജിത് കേസില്‍ വിധി പറഞ്ഞ മാവേലിക്കര അഡീ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയായിരുന്നു അധിക്ഷേപവും ഭീഷണിയും. രണ്‍ജിത് കേസില്‍ എസ്ഡിപിഐ, പിഎഫ്ഐ പ്രവര്‍ത്തകരായ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചിരുന്നു. ജഡ്ജിയെ ഭീഷണിപ്പെടുത്തിയതില്‍ ആറു പേര്‍ക്കെതിരെയാണ കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.
ജഡ്ജി ശ്രീദേവിയുടെ ഔദ്യോഗിക വസതിക്ക് ചൊവ്വാഴ്ച രാത്രി മുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കായംകുളം ഡിവൈഎസ്പി പി അജയ് നാഥിനാണ് സുരക്ഷാ ചുമതല. ഒരു സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ 24 മണിക്കൂറും സുരക്ഷ ചുമതലയില്‍ ഉണ്ടാകും.

Related Articles

Back to top button