BREAKING NEWSKERALA

മാസപ്പടി: 2016 മുതല്‍ വീണയ്ക്ക് എല്ലാമാസവും 5 ലക്ഷംവീതം, യാഥാര്‍ഥ പ്രതി മുഖ്യമന്ത്രി – കുഴല്‍നാടന്‍

കൊച്ചി: മാസപ്പടി വിഷയത്തില്‍ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി തന്നെയാണെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എല്‍. 2016 ഡിസംബര്‍ മുതല്‍ തുടര്‍ന്നുള്ള എല്ലാ മാസത്തിലും വീണാ വിജയന് മാസപ്പടി ലഭിച്ചെന്നും സി.എം.ആര്‍.എല്ലിനെ സഹായിക്കാന്‍ കരിമണല്‍ ഖനന നയത്തില്‍ മുഖ്യമന്ത്രി തിരുത്ത് വരുത്തിയെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
2016 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ വീണയ്ക്ക് മാസത്തില്‍ അഞ്ച് ലക്ഷം രൂപ സിഎംആര്‍എല്‍ നല്‍കി. സിഎംആര്‍എല്ലിന്റെ ഏറ്റവും വലിയ ആവശ്യം എന്നത് ലീസ് അനുവദിച്ച് കിട്ടണം എന്നാണ്. 2017 മുതല്‍ ഈ അഞ്ച് ലക്ഷത്തിന് പുറമെ മൂന്ന് ലക്ഷം രൂപ വീതം എക്‌സാ ലോജിക് എന്ന കമ്പനിയിലേക്ക് സിഎംആര്‍എല്‍ കൊടുത്തുകൊണ്ടിരുന്നു.
സിഎംആര്‍എല്‍എന്ന കമ്പനിയുടെ വരുമാനവും നിക്ഷേപവും കരിമണല്‍ ആണ്. ലോകത്തിലെ ഏറ്റവും മികച്ച ആലപ്പുഴ, തോട്ടപ്പള്ളി, കൊല്ലം മേഖലയിലുള്ള കരിമണലിന് വേണ്ടിയിട്ടാണ് എല്ലാകാലത്തും അവര്‍ പരിശ്രമം നടത്തിയിട്ടുള്ളതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കരിമണല്‍ ഖനനത്തിനുള്ള ലീസ് നഷ്ടപ്പെടുമെന്നായപ്പോള്‍ സിഎംആര്‍എല്‍ മുഖ്യമന്ത്രിയെ സമീപിച്ചുവെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നും കുഴല്‍ നാടന്‍ ആരോപിച്ചു. ഇതിന്റെ ഫലമാണ് വീണാ വിജയന് പ്രതിമാസം ലഭിച്ച മാസപ്പടിയെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.

Related Articles

Back to top button