BREAKING NEWSKERALALATESTNEWS

എന്റെ മോള്‍ കരയുന്നത് പോലെ ആരും കരയരുത്; വയനാട്ടില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്: വാച്ചര്‍ പോളിന്റെ കുടുംബം

 

മാനന്തവാടി: എന്റെ മോള്‍ കരയുന്നത് പോലെ ആരും കരയരുത്. വയനാട്ടില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും ആശുപത്രിയില്‍ സൗകര്യവും ഡോക്ടര്‍മാരും വേണമെന്നും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ ഭാര്യ സ്ഥലം എംപിയായ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് അദേഹം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെയും പോളിന്റെയും വീടുകള്‍ സന്ദര്‍ശിച്ചത്. രാഹുല്‍ ഗാന്ധി എംപിയുടെ സന്ദര്‍ശനം ആശ്വാസം നല്‍കിയെന്ന് കുടുംബം പ്രതികരിച്ചു.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളും വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കാവശ്യമായ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവും പോളിന്റെ മകള്‍ ആവശ്യപ്പെട്ടു. എംപി നേരിട്ട് ഇക്കാര്യങ്ങള്‍ കേട്ട് അനുഭാവപൂര്‍ണമായ പ്രതികരണം നടത്തുമ്പോള്‍ ആ വാക്കില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

എന്നാല്‍ പോളിന് യഥാസമയം ചികിത്സ കിട്ടിയില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും ആക്രമണത്തെകുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദേശിച്ചു. അതേസമയം ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം.

രണ്ടാഴ്ചയ്ക്കുള്ളില്‍ കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ പൊലിഞ്ഞത് മൂന്നു ജീവനാണ്. ശക്തമായ പ്രതിഷേധമാണ് ഇവിടെ നടക്കുന്നത്. ഈ മാസം 20ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തിര യോഗത്തില്‍ 250 ക്യാമറകള്‍ വാങ്ങാന്‍ തീരുമാനമായി.

Related Articles

Back to top button