BREAKING NEWSKERALA

‘ജോലിക്ക് പോകാന്‍ കുഞ്ഞ് തടസം’; ഒരു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ മാതാവ് ശില്‍പ റിമാന്‍ഡില്‍

പാലക്കാട്: ഷൊര്‍ണൂരില്‍ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ശില്‍പയെ മാര്‍ച്ച് 5 വരെ റിമാന്‍ഡ് ചെയ്തു. ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് ശില്‍പയെ ഹാജരാക്കിയത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം
ശില്‍പയെ പാലക്കാട് ജില്ലാ ജയിലിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് ആലപ്പുഴ മാവേലിക്കരയിലായതിനാല്‍ മാവേലിക്കര പോലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാവേലിക്കരയിലെ വാടക വീട്ടില്‍ വച്ചാണ് കുറ്റകൃത്യം നടന്നത്. ജോലിക്ക് പോകാന്‍ കുഞ്ഞൊരു തടസ്സമായതിനാലാണ് കൊലപാതകം നടത്തിയതെന്ന് ശില്പ പോലീസിന് മൊഴി നല്‍കിയിരുന്നു.
ഒരുവയസുകാരി ശിഖന്യയെ അമ്മ ശില്‍പ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ശില്‍പ നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചശേഷമാണ് ശില്‍പ കൃത്യം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ആലപ്പുഴ മാവേലിക്കര സ്വദേശി ശില്പയുടെയും പാലക്കാട് ഷോര്‍ണൂര്‍ സ്വദേശി അജ്മലിന്റെയും മകളാണ് കൊല്ലപ്പെട്ട ഒരു വയസുകാരി ശിഖന്യ. അജ്മലും ശില്പയും കുറച്ചുകാലമായി അകന്നു താമസിക്കുകയായിരുന്നു.
ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് ശിഖന്യയുടെ കൊലപാതകത്തിന് കാരണമായതെന്നു പൊലീസ് പറഞ്ഞു. സ്വദേശമായ മാവേലിക്കരയില്‍ വച്ചാണ് ശില്പ കുഞ്ഞിനെ കൊന്നത്.അവിടെ നിന്ന് കാറില്‍ ഷൊര്‍ണൂരിലെത്തി. അജ്മല്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ മൃതദേഹം വെച്ച് മടങ്ങാന്‍ ഒരുങ്ങി. അജ്മലാണ് സംഭവം ഷോര്‍ണൂര്‍ പൊലീസില്‍ അറിയിച്ചത്. ഇരുവരോടും കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. ഷോര്‍ണൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. ശില്പയെ പൊലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്തു.
കൂടുതല്‍ ചോദ്യം ചെയ്യലിലായിരുന്നു ശില്‍പ്പയുടെ കുറ്റസമ്മതം.താന്‍ കുട്ടിയെ കൊല്ലുമെന്ന് ശില്‍പ അജ്മലിന് സന്ദേശം അയച്ചിരുന്നു. പല സമയങ്ങളിലും ഇത്തരം സന്ദേശങ്ങള്‍ ശില്‍പ്പയില്‍ നിന്ന് ഉണ്ടാകാറുള്ളതിനാല്‍ കാര്യമാക്കിയില്ല. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles

Back to top button