BREAKING NEWSKERALA

പിണറായി പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരി പോസ്റ്ററടിക്കുന്നു, നോട്ടുകെട്ടിനുമേല്‍ ഉറങ്ങുന്നു- കെ. സുധാകരന്‍

കണ്ണൂര്‍: മാസപ്പടിയായും വാര്‍ഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകള്‍ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെന്ന നാണംകെട്ടവനെ ചുമക്കുന്ന സി.പി.എം. എന്ന പാര്‍ട്ടി അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പാവപ്പെട്ടവന്റെ ക്ഷേമപെന്‍ഷനില്‍നിന്ന് കയ്യിട്ടുവാരി പോസ്റ്ററടിക്കുന്ന പിണറായി വിജയനെയോര്‍ത്ത് തലകുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ല. ടി.പി. ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്ലാലിനെയും ഏറ്റവുമൊടുവില്‍ സിദ്ധാര്‍ത്ഥനെയും കൊലയ്ക്കുകൊടുത്ത അഭിനവ ഹിറ്റ്ലറാണ് പിണറായിയെന്നും എ.കെ.ജിയും പി. കൃഷ്ണപിള്ളയും ഇ.എം.എസും പകര്‍ന്നുതന്ന കമ്യൂണിസ്റ്റ് മൂല്യങ്ങളെല്ലാം പിണറായി ആറടി മണ്ണില്‍ കുഴിച്ചുമൂടിയെന്നും സുധാകരന്‍ പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതോടെ വിറളിപിടിച്ചതുകൊണ്ടാണ് കോണ്‍ഗ്രസിനെ അപമാനിച്ചു കൊണ്ട് പിണറായി പ്രസംഗിച്ചത്. എന്നാല്‍ ഇത്രയും ഗംഭീരമായ ഒരു സ്ഥാനാര്‍ത്ഥി നിര്‍ണയം സമീപകാലത്തൊന്നും യു.ഡി.എഫില്‍ ഉണ്ടായിട്ടില്ല. തൃശൂരില്‍ ഇടതുപക്ഷ- ബി.ജെ.പി. സഖ്യത്തെ കെ. മുരളീധരന്‍ ഒറ്റദിവസംകൊണ്ടാണ് പൊളിച്ചടുക്കിയത്. തന്റെ യോഗത്തിന് ആളില്ലെന്നു പറഞ്ഞ് സുരേഷ് ഗോപി തിരുവനന്തപുരത്തേക്കുള്ള വണ്ടികയറാന്‍ നില്‍ക്കുകയാണ്. ആലപ്പുഴയില്‍ സിപിഎമ്മിന്റെ ഏക കനലിനെ കെ.സി. വേണുഗോപാല്‍ ഊതിക്കെടുത്തിക്കഴിഞ്ഞു. വടകരയില്‍ കോണ്‍ഗ്രസിന്റെ യുവതുര്‍ക്കി ഷാഫി പറമ്പില്‍ സി.പി.എമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. 20 മണ്ഡലങ്ങളിലും ഇതാണ് സ്ഥിതി’, കെ. സുധാകരന്‍ പറഞ്ഞു.
‘തലകുത്തിനിന്നാല്‍ പോലും ബി.ജെ.പി. കേരളത്തില്‍ ഒരു സീറ്റിലും വിജയിക്കില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. അങ്ങനെയൊരു നിലപാടെടുക്കാന്‍ സി.പി.എമ്മിനു സാധിക്കുമോ? 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സി.പി.എം.-ബി.ജെ.പി. കൂട്ടുകെട്ട് 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ കൂടുതല്‍ സുദൃഢമായിട്ടുണ്ട്. സംഘപരിവാര്‍ ശക്തികള്‍ക്കെതിരേ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടങ്ങള്‍ക്കുനേരേ കണ്ണടയ്ക്കുന്ന പിണറായി വിജയന്‍, ആര്‍.എസ്.എസിനെ ചെറുക്കുന്നത് അവര്‍ മാത്രമാണെന്ന് അവകാശപ്പെടുന്നതും കോണ്‍ഗ്രസിന്റെ പോരാട്ടവും തമ്മില്‍ ആനയും ആടും പോലെയുള്ള വ്യത്യാസമുണ്ട്’, സുധാകരന്‍ പറഞ്ഞു.
ബി.ജെ.പിയിലേക്ക് ആരെങ്കിലും പോയാല്‍ സുരേന്ദ്രനേക്കാള്‍ ആര്‍ത്തുല്ലസിക്കുന്ന സംഘപരിവാര്‍ മനസ്സാണ് പിണറായി വിജയന്റേത്. ബി.ജെ.പിയെ കേരളത്തില്‍ മുഖ്യപ്രതിപക്ഷമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള അച്ചാരം വാങ്ങിയ സി.പി.എം. നേതാവും പിണറായി വിജയനാണ്. കോണ്‍ഗ്രസിനെ നശിപ്പിക്കണമെന്നും തകര്‍ക്കണമെന്നുമാണ് സി.പി.എമ്മും ബി.ജെ.പിയും ആഗ്രഹിക്കുന്നത്. ഇതിന് മോദിയുടെയും അമിത്ഷായുടെയും അനുചരന്മാരായ ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഇടനിലക്കാരായി നിയോഗിച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്‍നിന്ന് അടര്‍ത്തിയെടുത്ത ചില നേതാക്കളെയും ഇതിനായി വിനിയോഗിക്കുന്നു’, സുധാകരന്‍ ആരോപിച്ചു.
‘ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ നടന്ന ബി.ജെ.പി-സി.പി.എം. ചര്‍ച്ചയും, ശ്രീ എമ്മിനു തിരുവനന്തപുരം ആക്കുളത്ത് സൗജന്യമായി നല്‍കിയ നാലരയേക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന യോഗാ സെന്ററിനു തറക്കല്ലിടാന്‍ പിണറായി എത്തിയതും മകള്‍ വീണാ വിജയനെതിരായ എസ്.എഫ്.ഐ.ഒ. അന്വേഷണം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ട എല്ലാ സാഹചര്യവുമുണ്ട്. പിണറായി വിജയനെ എപ്പോള്‍ വേണമെങ്കിലും കയ്യാമം വയ്ക്കാവുന്ന സ്വര്‍ണക്കടത്ത് കേസ്, ഡോളര്‍ കടത്തുകേസ്, ലൈഫ് മിഷന്‍ അഴിമതി എന്നിവ വര്‍ഷങ്ങളായി മെല്ലപ്പോക്കിലാണ്. മാസപ്പടി കേസും അതേ രീതിയില്‍ ഒത്തുതീര്‍പ്പാകും എന്നാണ് സൂചനകള്‍. ലാവ്ലിന്‍ കേസ് 39 തവണ മാറ്റിവച്ച് സര്‍വകാല റെക്കോഡിട്ടു. കേസെടുക്കുന്ന ദിവസം പ്രോസിക്യൂഷന്‍ ഹാജരാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. ബി.ജെ.പി. അധ്യക്ഷന്റെ കുഴല്‍പ്പണ കേസ് പിണറായി വിജയനും പ്രത്യുപകരമായി ചവിട്ടിപ്പിടിച്ചിരിക്കുകയാണ്’, സുധാകരന്‍ പറഞ്ഞു.

Related Articles

Back to top button