BREAKING NEWSNATIONAL

ആദ്യം തര്‍ക്കം, പിന്നാലെ രോഷാകുലയായ യുവതി അയല്‍വാസിയുടെ ചെവിയുടെ ഒരുഭാഗം കടിച്ചുമുറിച്ച് വിഴുങ്ങി

ലഖ്‌നൗ: വീടിന്റെ ഗേറ്റ് അടയ്ക്കാന്‍ മറന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച് യുവതി. കടിച്ചെടുത്ത ചെവിയുടെ കഷ്ണം യുവതി വിഴുങ്ങുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.
ന്യൂ ആഗ്ര പ്രദേശത്ത് താമസിക്കുന്ന റിക്ഷയോടിക്കുന്ന രാംവീര്‍ ബാഗേല്‍ ആണ് പരാതിക്കാരന്‍. രാഖി എന്ന സ്ത്രീക്കെതിരെയാണ് പരാതി. താനും രാഖിയുടെ കുടുംബവും ഒരേ സ്ഥലത്താണ് വാടകയ്ക്ക് താമസിക്കുന്നതെന്ന് രാംവീര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് രാംവീര്‍ നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ-
മാര്‍ച്ച് 4 ന് മറ്റൊരു വാടകക്കാരന്റെ മകന് പരീക്ഷയായിരുന്നു. കുട്ടിയ കൊണ്ടുവിടാന്‍ രാവിലെ ആറ് മണിക്ക് ഇറങ്ങിയതാണ് താന്‍. പോകുന്ന തിരക്കില്‍ ഗേറ്റ് അടയ്ക്കാന്‍ വിട്ടുപോയി. ഇതോടെ രാഖി അസഭ്യം പറയാന്‍ തുടങ്ങിയെന്ന് രാംവീര്‍ പറയുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ രാഖി കൂടുതല്‍ പ്രകോപിതയായി. തുടര്‍ന്ന് രാഖിയുടെ ഭര്‍ത്താവ് സഞ്ജീവ് എത്തി തന്നെ പിടിച്ചുവച്ചെന്നും രാംവീര്‍ പറഞ്ഞു.
അതിനിടെ രോഷാകുലയായ രാഖി തന്റെ ചെവി കടിച്ചുമുറിച്ചെന്ന് രാംവീര്‍ പറഞ്ഞു. തുപ്പാന്‍ പറഞ്ഞപ്പോള്‍ രാഖി കടിച്ചെടുത്ത ചെവിയുടെ കഷ്ണം വിഴുങ്ങിയെന്നും രാംവീര്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 325, 506 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. സംഭവം അസിസ്റ്റന്റ് കമ്മീഷണര്‍ ആരിബ് അഹമ്മദ് സ്ഥിരീകരിച്ചു. കുറ്റാരോപിതയായ സ്ത്രീക്കെതിരെ നിയമ നടപടി ആരംഭിച്ചന്നും അദ്ദേഹം പറഞ്ഞു. രാഖി എല്ലാ ദിവസവും മറ്റ് വാടകക്കാരുമായി വഴക്കിടാറുണ്ടെന്നും രാംവീര്‍ പറഞ്ഞു.

Related Articles

Back to top button