BREAKING NEWSKERALALATEST

‘കള്ളം കെട്ടിച്ചമച്ചവര്‍ക്കൊപ്പമില്ല, സിപിഎം മെമ്പര്‍ഷിപ്പ് പുതുക്കില്ല; ബിജെപിയില്‍ പോകുമെന്നര്‍ത്ഥമില്ല’: രാജേന്ദ്രന്‍

ഇടുക്കി: സിപിഎം നേതാക്കളെത്തി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എന്നാല്‍ മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് എസ് രാജേന്ദ്രന്‍ പറയുന്നത്. മെമ്പര്‍ഷിപ്പ് പുതുക്കുന്നില്ല എന്നത് കൊണ്ട് ബിജെപിയില്‍ പോകുമെന്നല്ല അര്‍ത്ഥനെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ എ രാജക്കെതിരെ പ്രവര്‍ത്തിച്ചുവെന്നത് കെട്ടിച്ചമച്ച കാര്യമാണ്. അത്തരം കാര്യങ്ങള്‍ കെട്ടിച്ചമച്ചവര്‍ക്കൊപ്പം നിന്ന് പോകാന്‍ കഴിയില്ലെന്നും എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന് സൂചന നല്‍കിയതിന് പിന്നാലെയാണ് എസ് രാജേന്ദ്രന്‍ സൂചന നല്‍കുന്നില്ലെന്ന് അറിയിക്കുന്നത്. നിലവില്‍ പാര്‍ട്ടി വിടുമെന്നൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് എസ് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാല്‍, സിപിഎം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ എ രാജയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് രാജേന്ദ്രനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രനെ പാര്‍ട്ടി തിരിച്ചെടുത്തില്ല. ഇതോടെയാണ് പരിഹാരം ഇല്ലെങ്കില്‍ മറ്റൊരിടത്തേക്ക് എന്ന ചിന്ത ഉണ്ടാകുന്നത്. ബിജെപി ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തിയെന്ന് രാജേന്ദ്രന്‍ സമ്മതിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നുവെന്നും പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചുവെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

Related Articles

Back to top button