BREAKING NEWSWORLD

ടിക്ടോക് ചലഞ്ച്, 11 -കാരന് ഹൃദയാഘാതം, മരിച്ചുകിടന്നത് കൂട്ടുകാരന്റെ വീട്ടില്‍

സോഷ്യല്‍ മീഡിയയ്ക്ക് അനുദിന ജീവിതത്തില്‍ വിനോദത്തിനപ്പുറം വലിയ സ്വാധീനമുണ്ട്. നമ്മുടെ ജീവിതങ്ങളെ നിയന്ത്രിക്കാന്‍ പോലുമുള്ള ശേഷി സാമൂഹിക മാധ്യമങ്ങള്‍ക്കുണ്ട് എന്നതാണ് സത്യം. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ട്രെന്‍ഡിങ്ങ് ആയി വരുന്ന പല ചലഞ്ചുകളിലും നാം പങ്കെടുക്കുന്നത് സാധാരണമാണ്. എന്നാല്‍, ഈ ട്രെന്‍ഡുകളില്‍ നിരുപദ്രവകരം ആയതു മുതല്‍ അങ്ങേയറ്റം ഹാനികരമായത് വരെയുണ്ട് എന്ന് നാം തിരിച്ചറിയണം. പല സോഷ്യല്‍ മീഡിയ ചലഞ്ചുകളും മരണങ്ങളില്‍ കലാശിച്ചിട്ടുണ്ട് എന്നത് ഒരു നിസാര കാര്യമല്ല. ഇപ്പോഴിതാ യുകെയില്‍ ഒരു 11 വയസ്സുള്ള കുട്ടിയ്ക്ക് ടിക്ടോക് ചലഞ്ചിലൂടെ സ്വന്തം ജീവന്‍ നഷ്ടപ്പെട്ട ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ലണ്ടന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ടോമി-ലീ ഗ്രേസി ബില്ലിംഗ്ടണ്‍ എന്ന 11 കാരനെയാണ് മാര്‍ച്ച് രണ്ടിന് ഒരു സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബില്ലിംഗ്ടണിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും പുറത്ത് വിട്ടിട്ടില്ലെങ്കിലും ഉറങ്ങുന്ന സമയത്ത് ടിക് ടോക്ക് ചലഞ്ചായ ‘ക്രോമിംഗില്‍’ അവന്‍ ഏര്‍പ്പെട്ടതായാണ് കുട്ടിയുടെ മുത്തശ്ശി പറയുന്നത്. ഇതേ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായത്. ക്രോമിം?ഗ് ചലഞ്ചില്‍ ജീവന്‍ നഷ്ടമാകുന്ന ആദ്യസംഭവം അല്ല ഇത്. 2023 മാര്‍ച്ചില്‍, ഒരു സുഹൃത്തിന്റെ വീട്ടില്‍വെച്ച് ക്രോമിംഗ് ചലഞ്ചില്‍ പങ്കെടുത്തതിന് ശേഷം, ഓസ്ട്രേലിയന്‍ കൗമാരക്കാരിയായ എസ്ര ഹെയ്നസ് ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചിരുന്നു.
മെല്‍ബണിലെ റോയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ പറയുന്നതനുസരിച്ച്, ആനന്ദത്തിനോ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിനോ വിനോദത്തിനോ വേണ്ടി സൈക്കോ ആക്റ്റീവ് മരുന്നുകള്‍ അല്ലെങ്കില്‍ റീക്രിയേഷണല്‍ ഡ്രഗ്‌സ് ആയി ഉപയോഗിക്കുന്ന അപകടകരമായ രാസവസ്തുക്കള്‍ ശ്വസിക്കുന്നതാണ് ക്രോമിംഗ്. എയറോസോള്‍ ക്യാനുകള്‍, പെയിന്റ്, പെര്‍മനന്റ് മാര്‍ക്കറുകള്‍, ഹെയര്‍ സ്പ്രേ, നെയില്‍ പോളിഷ് റിമൂവര്‍, ലൈറ്റര്‍ ഫ്‌ലൂയിഡ്, ഗ്ലൂ, ക്ലീനിംഗ് സപ്ലൈസ്, നൈട്രസ് ഓക്സൈഡ്, ഗ്യാസോലിന്‍ എന്നിവ വിഷാംശമുള്ള രാസവസ്തുക്കളുടെ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളുടെ പുക അമിതമായ അളവില്‍ ശ്വസിക്കുന്നതാണ് ചലഞ്ച്.
ഇത് ഉപയോഗിക്കുന്നവരില്‍ ഓക്കാനം, ഛര്‍ദ്ദി, ഭ്രമാത്മകത, മന്ദഗതിയിലുള്ള സംസാരം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകുക എന്നിങ്ങനെ പലതരം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ മദ്യത്തിന്റെ ലഹരിയുമായി സാമ്യമുള്ളതും സാധാരണയായി താല്‍ക്കാലികവുമാണ്. ഇതിന്റെ ഹാങ്ഓവര്‍ ആറ് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. ഏറെ അപകടകരമായ ഇതിന്റെ അന്തിമ ഫലങ്ങള്‍ മസ്തിഷ്‌കം, ഹൃദയം, ശ്വാസകോശം, കരള്‍, വൃക്കകള്‍ എന്നിവയ്ക്കുണ്ടാക്കുന്ന തകരാറുകളും ഹൃദയാഘാതം, ശ്വാസംമുട്ടല്‍, കോമ, ശ്വാസംമുട്ടല്‍, അല്ലെങ്കില്‍ മരണം എന്നിവയുമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.

Related Articles

Back to top button