BREAKING NEWSKERALALATEST

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: 2024 – 25 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷനാകും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവനന്തപുരം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോട്ടണ്‍ഹില്ലില്‍ രാവിലെ 11 മണിക്ക് ആണ് പരിപാടി.
2024 അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നേ അവധിക്കാലത്ത് കുട്ടികള്‍ക്ക് വരുന്ന അധ്യയന വര്‍ഷത്തേക്കുള്ള പാഠഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നതിന് വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് 2,4,6,8,10 ക്ലാസ്സുകളുടെ പാഠപുസ്തകങ്ങള്‍ വിതരണം ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. 2024 – 25 വര്‍ഷം പുതുക്കുന്ന 1, 3,5,7,9 ക്ലാസുകളുടെ പാഠപുസ്തകങ്ങള്‍ മെയ് മാസം ആരംഭത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ നടന്നു വരികയാണ്.
രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളില്‍ പഴയ പാഠപുസ്തകങ്ങളാണ്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളില്‍ പുതിയ പുസ്തകമാണ്. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങള്‍ക്ക് സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലായി തയ്യാറാക്കിയ നൂറ്റി എഴുപത്തി മൂന്ന് ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.
നിരവധി പ്രത്യേകതകള്‍ ഇത്തവണ പാഠ്യപദ്ധതി പരിഷ്‌കരണത്തിലുണ്ട്. എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ചേര്‍ത്തിട്ടുണ്ട്. കായികരംഗം, മാലിന്യ പ്രശ്നം, ശുചിത്വം, പൗരബോധം, തുല്യനീതി മുന്‍നിര്‍ത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, ഹൈക്കോടതി അടക്കം നിര്‍ദ്ദേശം വെച്ച പ്രകാരം പോക്സോ നിയമങ്ങള്‍, കൃഷി, ജനാധിപത്യ മൂല്യങ്ങള്‍, മതനിരപേക്ഷത എന്നിവ പാഠ പുസ്തകങ്ങളുടെ ഭാഗമാണ്.

Related Articles

Back to top button