BREAKING NEWSKERALALATEST

പെന്‍ഷന്‍ തുക കുടിശികയില്‍ ഒരു മാസത്തെ ഗഡു അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ കുടിശികയില്‍ ഒരു മാസത്തേത് കൂടി അനുവദിച്ച് സംസ്ഥാന ധനവകുപ്പ് ഉത്തരവിട്ടു. മാര്‍ച്ച് 15 മുതല്‍ ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം ചെയ്യുമെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇതോടെ ആറ് മാസത്തെ പെന്‍ഷന്‍ തുക കുടിശികയുണ്ടാവും. എങ്കിലും ഏപ്രില്‍ മാസം മുതല്‍ പെന്‍ഷന്‍ വിതരണം കൃത്യമായി നടക്കുമെന്നാണ് ധനവകുപ്പ് പറയുന്നത്.
മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടു വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും. ഏപ്രില്‍ മുതല്‍ അതാതു മാസം പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കുകയാണെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത് തുടരുകയാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. നികുതി വിഹിതവും മറ്റ് വരുമാനങ്ങളും നിഷേധിച്ചും, അര്‍ഹതപ്പെട്ട കടമെടുക്കാനുള്ള അനുവാദം തരാതെയും ഞെക്കിക്കൊല്ലാനാണ് ശ്രമം. അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുത്തതിന്റെ പേരില്‍ സാമ്പത്തിക വര്‍ഷാവസാനം എടുക്കാനാകുന്ന വായ്പയ്ക്കും കേന്ദ്രം തടസ്സമുണ്ടാക്കുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും ക്ഷേമ പെന്‍ഷന്‍ അടക്കം ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പ്രാധാന്യത്തില്‍തന്നെ പരിഹാരം ഉണ്ടാക്കാനും, അവരുടെ ആശ്വാസ പദ്ധതികള്‍ കൃത്യമായിതന്നെ നടപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Related Articles

Back to top button