BREAKING NEWSKERALALATESTNEWS

കണ്ടല സര്‍വീസ് സഹകരണ ബാങ്ക് പുനരുദ്ധാരണ പാക്കേജ്: സമിതി രൂപീകരിച്ചു

തിരുവനന്തപുരം: മുന്‍ സിപിഐ നേതാവ് ഭാസുരേന്ദ്ര ബാബു പ്രസിഡന്റായിരുന്നപ്പോള്‍ കോടികളുടെ തട്ടിപ്പ് നടന്ന കണ്ടല സര്‍വീസ് സഹകരണ ബാങ്ക് നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുന്നത് ഉറപ്പുവരുത്താനും ബാങ്കിന്റെ പുനരുദ്ധാണത്തിന് വേണ്ടിയുള്ള പാക്കേജ് തയാറാക്കുന്നതിനുമായി പ്രത്യേക സമിതി രൂപീകരിച്ചു. സഹകരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

ക്രമക്കേടിന് ഉത്തരവാദികളായവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും നടന്നു കൊണ്ടിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ്, കേരള ബാങ്ക് , മറ്റിതര സഹകരണ മേഖലയില്‍ കണ്ടലബാങ്കിന് നിലവിലുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കല്‍, വായ്പക്കുടിശിക പിരിച്ചെടുക്കല്‍ എന്നിവയിലൂടെയും പണം കണ്ടെത്തുവാനാണ് നിര്‍ദ്ദേശം നല്‍കയിരിക്കുന്നത്. ഇതിനൊപ്പം ഡെപ്പോസിറ്റ് കാമ്പയിനിലൂടെയും എം ഡി എസിലൂടെയും ബാങ്ക് സ്വരൂപിക്കുന്ന നിക്ഷേപങ്ങളും ഉപയോഗപ്പെടുത്തി പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനാണ് തീരുമാനം.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണരജിസ്ട്രാര്‍ ടി.വി സുഭാഷ്, കേരളാ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.സി സഹദേവന്‍, തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാര്‍ നിസാമുദീന്‍, കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാര്‍ ബിനില്‍, കണ്ടല ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ജെ. അജിത്ത് കുമാര്‍, കമ്മിറ്റി അംഗങ്ങളായ കെ.ഉപേന്ദ്രന്‍, കെ. സുരേഷ് കുമാര്‍ എന്നിവരാണ് പുനരുദ്ധാണ പാക്കേജ് തയാറാക്കുന്ന സമിതിയിലെ അംഗങ്ങള്‍.

Related Articles

Back to top button