BREAKING NEWSKERALALATEST

തുടര്‍ച്ചയായ മര്‍ദനം, മാപ്പ് പറയിക്കല്‍: പൂക്കോട്ട് മുമ്പും ആള്‍ക്കൂട്ട വിചാരണ, വിവരങ്ങള്‍ പുറത്ത്

കല്പറ്റ: സിദ്ധാര്‍ഥന്റെ മരണത്തിനുമുമ്പും പൂക്കോട് വെറ്ററിനറി കോളേജില്‍ സമാനമായരീതിയില്‍ ക്രൂരമായ ആള്‍ക്കൂട്ടവിചാരണ നടന്നുവെന്ന് കണ്ടെത്തല്‍.സംഭവത്തില്‍ കുറ്റക്കാരാണെന്ന് ആന്റിറാഗിങ് സ്‌ക്വാഡ് കണ്ടെത്തിയ, എസ്.എഫ്.ഐ.യുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ മുന്‍ പ്രസിഡന്റുള്‍പ്പെടെ 13 വിദ്യാര്‍ഥികള്‍ക്കെതിരേ കോളേജിലെ ആന്റിറാഗിങ് കമ്മിറ്റി വ്യാഴാഴ്ച നടപടിയെടുത്തു.
പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞാണ് 2019-ലെയും 2021-ലെയും ബാച്ചില്‍പ്പെട്ട രണ്ടുവിദ്യാര്‍ഥികളെ ആണ്‍കുട്ടികളുടെ ഹോസ്റ്റലുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍വെച്ച് വിചാരണ നടത്തി ശിക്ഷ നടപ്പാക്കിയത്. മര്‍ദനത്തിന് വിധേയരായവര്‍ വലിയ മാനസികാഘാതത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 2019 ബാച്ചിലെ വിദ്യാര്‍ഥിയെ റാഗ് ചെയ്തവര്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഇപ്പോള്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ്.
ഈ സംഭവത്തില്‍ ഉള്‍പ്പെട്ട കോളേജ് യൂണിയന്‍ മുന്‍ പ്രസിഡന്റുള്‍പ്പെടെ നാലുവിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പ് ഒരുവര്‍ഷത്തേക്ക് വിലക്കി. അഞ്ചുപേരുടെ സ്‌കോളര്‍ഷിപ്പ് റദ്ദാക്കുകയും ചെയ്തു. 2021 ബാച്ചിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച രണ്ടുപേരെ ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും മറ്റു രണ്ടുപേരുടെ സ്‌കോളര്‍ഷിപ്പ് റദ്ദാക്കുകയും ചെയ്തു. തുടരന്വേഷണത്തിനായി പോലീസിന് റിപ്പോര്‍ട്ട് കൈമാറും.
സിദ്ധാര്‍ഥനേറ്റ മര്‍ദനം അന്വേഷിക്കുന്നതിന്റെ ഭാഗമായി മറ്റുവിദ്യാര്‍ഥികളില്‍നിന്ന് ആന്റിറാഗിങ് സ്‌ക്വാഡ് മൊഴിയെടുത്തപ്പോഴാണ് മുന്‍കാലവിവരങ്ങള്‍ പുറത്തുവന്നത്. കുറ്റം ആരോപിക്കുകയും ശിക്ഷനടപ്പാക്കുകയും ചെയ്യുന്ന കാലങ്ങളായുള്ള ‘അലിഖിത നിയമത്തിന്റെ’ തുടര്‍ച്ചയായാണ് സിദ്ധാര്‍ഥന്റെ മരണവുമെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്.
2019-ലാണ് ആദ്യസംഭവം. കാംപസില്‍വെച്ച് ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നുപറഞ്ഞ് നിലവില്‍ അവസാനവര്‍ഷ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥിയെ സിദ്ധാര്‍ഥന്റെ മരണത്തില്‍ റിമാന്‍ഡില്‍ക്കഴിയുന്ന കോളേജ് യൂണിയന്‍ പ്രസിഡന്റ് അരുണിന്റെ മുറിയില്‍ കൊണ്ടുപോയി ഒന്നരമണിക്കൂറോളം മൃഗീയമായി മര്‍ദിച്ചു.
32 തവണ തുടര്‍ച്ചയായി മര്‍ദിച്ചുവെന്നാണ് വിദ്യാര്‍ഥിയുടെ മൊഴി. മര്‍ദനത്തിനൊടുവില്‍ വിദ്യാര്‍ഥിയെക്കൊണ്ട് മാപ്പുപറയിക്കുകയും ചെയ്തു. 2020-ല്‍ കോളേജ് യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ ഒരുസംഘം വിളിച്ചുകൊണ്ടുപോയി മര്‍ദിച്ചത്. സംഭവത്തില്‍ തന്നെ മര്‍ദിച്ചെന്ന് വിദ്യാര്‍ഥി മൊഴിനല്‍കിയ നാലുപേരുടെ ഇന്റേണ്‍ഷിപ്പാണ് ഒരുവര്‍ഷത്തേക്ക് വിലക്കിയത്.

Related Articles

Back to top button