BREAKING NEWSKERALA

‘മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെ, ഇപിയുടെ വാക്കുകള്‍ വിവാദമാക്കേണ്ടതില്ല’: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരം സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയാണെന്നും പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞ ഇപിയുടെ വാക്കുകള്‍ വിവാദമാക്കേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് ഇപി തന്നെ മറുപടി നല്‍കുമെന്നും അത്തരം ആരോപണങ്ങള്‍ പാര്‍ട്ടി ഏറ്റുപിടിക്കേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
ഇന്നലെ ഇപിയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. കേരളത്തില്‍ മത്സരം ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണ്. മത്സരത്തില്‍ ഇടതുമുന്നണി വലിയ വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്ക് കനത്ത രീതിയിലുള്ള പുറകോട്ട് പോക്ക് ഈ തെരഞ്ഞെടുപ്പില്‍ സംഭവിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മത്സരം ഇടതുപക്ഷവും ബിജെപിയും തമ്മിലെന്ന് ആയിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പ്രസ്താവന. പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് വരുന്നത് ബിജെപിയാണെന്നും കോണ്‍ഗ്രസ് ഇനിയും ദുര്‍ബലമാകുമെന്നും ലീഗ് മാറി ചിന്തിക്കണമെന്നും ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

Related Articles

Back to top button