BREAKING NEWSKERALALATEST

‘കേരളത്തിന് മാത്രമായി മാറി നില്‍ക്കാനാവില്ല, മസ്റ്ററിംഗ് നടത്തണമെന്ന് കേന്ദ്ര നിര്‍ദേശം’; ആശങ്ക വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: എല്ലാ ഗുണഭോക്താക്കള്‍ക്കും മസ്റ്റര്‍ ചെയ്യാനുള്ള സമയവും സാവകാശവും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതാണെന്നും പൊതുജനങ്ങള്‍ക്ക് ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്ഷ്യ വിതരണ, ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുസംബന്ധിച്ച് റേഷന്‍ ഗുണഭോക്താക്കള്‍ക്ക് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല.
ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുന്ന രീതിയില്‍ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായും പൊതുവിതരണ വകുപ്പ് ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്ന വസ്തുതകളാണ് വിശ്വാസത്തില്‍ എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. മുന്‍ഗണനാകാര്‍ഡുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മഴുവന്‍ അംഗങ്ങളും നേരിട്ടെത്തി ഇ-പോസ് മെഷീനില്‍ വിരലടയാളം പതിപ്പിച്ചുകൊണ്ട് മാത്രമേ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ.
കേരളത്തിന് മാത്രമായി ഇതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതത്തെയടക്കം ബാധിക്കാന്‍ ഇടയുണ്ട് എന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. മാര്‍ച്ച് 15, 16, 17 തീയതികളില്‍ മസ്റ്ററിംഗ് നിശ്ചയിച്ചിരുന്നു. ഒരേ സമയം റേഷന്‍ വിതരണവും മസ്റ്ററിംഗും ഒരുമിച്ച് നടക്കുമ്പോള്‍ സര്‍വ്വറില്‍ ഉണ്ടാകാനിടയുള്ള ലോഡ് കുറയ്ക്കുന്നതിനായി റേഷന്‍ വിതരണം ഈ ദിവസങ്ങളില്‍ നിര്‍ത്തിവയ്ക്കുകയുമുണ്ടായി. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട സാധാരണ സേവനങ്ങളില്‍ തന്നെ പലപ്പൊഴും തടസ്സം നേരിടുന്നതിന് നാം അനുഭവസ്ഥരാണ്. എന്നാല്‍ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്നത് വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്.
സംസ്ഥാന ഐ.ടി മിഷന്‍, കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എന്‍ഐസി, യുഎഡിഎഐ, ബിഎസ്എന്‍എല്‍ എന്നിങ്ങനെ 4 ഏജന്‍സികള്‍ സാങ്കേതികമായി സഹകരിച്ചുകൊണ്ടാണ് ഗുണഭോക്താവിനെ തിരിച്ചറിയുന്ന പ്രക്രിയ നടക്കുന്നത്. ഇതെല്ലാം 12 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയാകണം. ഇല്ലെങ്കില്‍ ടൈം ഔട്ട് ആകും.
ഇതില്‍ ഏതിലെങ്കിലും ഉണ്ടാകുന്ന പാകപ്പിഴ മൂലം പ്രക്രിയ മുഴുവന്‍ തകരാറിലാകാം. ഇന്ന് രാവിലെ മസ്റ്ററിംഗ് നടത്താന്‍ ചില പ്രയാസങ്ങള്‍ നേരിട്ടു. ഇന്ന് 1,82,116 മുന്‍ഗണനാകാര്‍ഡ് അംഗങ്ങള്‍ക്കു മാത്രമേ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുള്ളൂ. ഇക്കാര്യം ശ്രദ്ധയില്‍പെട്ട ഉടനേ 2 തവണ ഉന്നതതലയോഗം ചേര്‍ന്നു. സ്റ്റേറ്റ് ഐ.ടി മിഷന്‍, ഐ.ടി വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ചകഇ ഇവരുടെയെല്ലാം ഉന്നത ഉദ്യോഗസ്ഥര്‍ എന്റെ സാന്നിദ്ധ്യത്തിലാണ് യോഗം ചേര്‍ന്നത്. സെര്‍വ്വറില്‍ ഉണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് ഇന്നുണ്ടായ തടസ്സം എന്ന് വിലയിരുത്തുകയും പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ മുഴുവന്‍ മഞ്ഞ, പിങ്ക് കാര്‍ഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. മാര്‍ച്ച് 31 ന് മുമ്പ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റേഷന്‍ നിഷേധിക്കപ്പെടുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിന് പുറത്ത് താമസമുള്ളവര്‍ക്ക് മസ്റ്ററിംഗിനായി മതിയായ സമയം നല്‍കും. കിടപ്പ് രോഗികള്‍ക്ക് പൊതുവിതരണ ഉദ്യോഗസ്ഥര്‍ താമസ സ്ഥലത്ത് നേരിട്ടെത്തി മസ്റ്ററിംഗ് പൂര്‍ത്തിയാക്കും.
നാളെയും മറ്റന്നാളും (മാര്‍ച്ച് 16, 17) മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമായിരിക്കും മസ്റ്ററിംഗ്. എന്നാല്‍ മസ്റ്ററിംഗ്. എന്നാല്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുവേണ്ടി ദൂര സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ള പിങ്ക് കാര്‍ഡ് അംഗങ്ങള്‍ക്ക് അതിനുള്ള അവസരം നിഷേധിക്കാതിരിക്കാന്‍ റേഷന്‍ വ്യാപാരികള്‍ പ്രത്യേകം ശ്രദ്ധിക്കണം. നാളെയും മറ്റന്നാളും (മാര്‍ച്ച് 16, 17) മാഞ്ഞ കാര്‍ഡൊഴികെ റേഷന്‍ വിതരണം നടത്താന്‍ പാടില്ല എന്ന നിര്‍ദ്ദേശം റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിയിട്ടുണ്ട്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ നിര്‍ദ്ദേശം എല്ലാവരുമായി കൂടിയാലോചന നടത്തി ഞായറാഴ്ച വൈകുന്നേരം പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button