BREAKING NEWSKERALALATEST

ആലത്തൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മന്ത്രി കെ രാധാകൃഷ്ണനായി വോട്ടഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി

തൃശൂര്‍: ആലത്തൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മന്ത്രി കെ രാധാകൃഷ്ണനായി വോട്ടഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി. മന്ത്രി കെ രാധാകൃഷ്ണന്‍ ജനങ്ങളെ സഹായിക്കുന്ന ആളാണ്. അദ്ദേഹത്തിന് ഉന്നത വിജയം നല്‍കണമെന്നും കലാമണ്ഡലം ഗോപി വിഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു.
കലാമണ്ഡലത്തിന് എല്ലാ സഹായവും നല്‍കി. കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ട് നിന്നു. കഥകളിക്കാരന്‍ രാഷ്ട്രീയം പറഞ്ഞതല്ല. കെ രാധാകൃഷ്ണന്‍ നല്ല സുഹൃത്താണ്. എന്നും അങ്ങനെ ആയിരിക്കുമെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.
സുരേഷ് ഗോപിയ്ക്കായി കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ പല വിഐപികളും ശ്രമിച്ചെന്ന മകന്‍ രഘു ഗുരുകൃപയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇത് വലിയ ചര്‍ച്ചയായി. ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി ആരും വീട്ടില്‍ കയറരുതെന്ന് ഉള്‍പ്പെടെ സൂചിപ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ചര്‍ച്ചകള്‍ ചൂടുപിടിച്ചതോടെ രഘു പിന്‍വലിച്ചിരിക്കുന്നത്. തന്റെ കുടുംബവുമായി അടുപ്പമുള്ള ഒരു പ്രശസ്ത ഡോക്ടര്‍ സുരേഷ് ഗോപിയ്ക്കായി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു രഘു ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയിരുന്നത്. ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കുകയെന്നും സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
പ്രശസ്ത ഡോക്ടര്‍ തന്റെ പിതാവിനോട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് പറഞ്ഞെന്നും കലാമണ്ഡലം ഗോപി അത് നിരസിച്ചെന്നും പോസ്റ്റിലൂടെ രഘു പറയുന്നുണ്ട്. ആവശ്യം നിരസിച്ചതിന് പിന്നാലെ ഡോക്ടര്‍ ആശാന് പത്മഭൂഷന്‍ കിട്ടേണ്ടേയെന്ന് ചോദിച്ചുവെന്നും പോസ്റ്റിലൂടെ രഘു വെളിപ്പെടുത്തുന്നുണ്ട്. അങ്ങനെ തനിക്ക് പത്മഭൂഷന്‍ കിട്ടേണ്ടെന്ന് കലാമണ്ഡലം ഗോപി ആ ഡോക്ടറോട് പറഞ്ഞതായും രഘുവിന്റെ പോസ്റ്റിലുണ്ടായിരുന്നു.
എന്നാല്‍ കലാമണ്ഡലം ഗോപിയെ വിളിയ്ക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. കലാമണ്ഡലം ഗോപി ഗുരുതുല്യനാണ്. പ്രചാരണത്തിന്റെ ഭാഗമായി ആരെ കാണണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി പറഞ്ഞാല്‍ ഗോപിയാശാനെ കാണും. എനിക്ക് യാതൊരു സ്ട്രാറ്റജിയും ഇല്ല. നേരെ ഞാന്‍ ഇറങ്ങുന്നത് ജനങ്ങളിലേക്കാണ്. പാര്‍ട്ടി തരുന്ന ലിസ്റ്റില്‍ ആരോയെക്കെ കാണണം എന്നുള്ളത് അനുസരിച്ചാണ് കാണുന്നത് എന്നും സുരേഷ് ഗോപി പ്രതികരിച്ചു. വിഷയം വിവാദമാക്കേണ്ടതില്ലെന്ന് വി എസ് സുനില്‍ കുമാറും പറഞ്ഞു.

Related Articles

Back to top button