BREAKING NEWSWORLD

കാമുകിയെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി വെടിവച്ച് കൊന്നു; 30 വര്‍ഷത്തിന് ശേഷം കാമുകന് വധശിക്ഷ

കാമുകിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ ആള്‍ക്ക് 30 വര്‍ഷത്തിന് ശേഷം വധശിക്ഷ നടപ്പിലാക്കി യുഎസ് സംസ്ഥാനമായ ജോര്‍ജിയ. 59 കാരനായ വില്ലി ജെയിംസ് പൈയ്ക്കാണ് കുറ്റം ചെയ്ത് മൂന്ന് പതിറ്റാണ്ടിന് ശേഷം വധശിക്ഷ ലഭിച്ചത്. 2020 ജനുവരിക്ക് ശേഷം ജോര്‍ജിയയില്‍ ആദ്യമായി വധിക്കപ്പെടുന്ന വ്യക്തി കൂടിയാണ് വില്ലി ജെയിംസ് പൈ.

1993 നവംബറില്‍ തന്റെ മുന്‍ കാമുകി അലിസിയ ലിന്‍ യാര്‍ബ്രോയെ കൊലപ്പെടുത്തിയതിന് പൈ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നതായി ജോര്‍ജിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷന്‍സിന്റെ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി 11:03 നാണ് മാരകമായ കുത്തിവെയ്പ്പിലൂടെ ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയാത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ജോര്‍ജിയയില്‍ നടത്തുന്ന ആദ്യത്തെ വധശിക്ഷയാണിത്. നടപടി ക്രമങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും കോവിഡ്-19-ന് ശേഷം വധശിക്ഷ പുനരാരംഭിക്കുന്നതിനുള്ള മുന്‍വ്യവസ്ഥകള്‍ സംസ്ഥാനം പാലിച്ചിട്ടില്ലെന്നും വാദിച്ച്, വധശിക്ഷ നിര്‍ത്തലാക്കണമെന്ന് പൈയുടെ വക്കീല്‍ യുഎസ് സുപ്രീം കോടതിയില്‍ അവസാന നിമിഷം അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കോടതി ഈ അപ്പീല്‍ തള്ളി.

ആറ് കുടുംബാംഗങ്ങളും ഒരു വൈദികനും ഒരു അഭിഭാഷകനും വധശിക്ഷ നടപ്പിലാക്കും മുന്‍പ് പൈയെ സന്ദര്‍ശിച്ചതായി കറക്ഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ലോറി ബെനോയിറ്റ് പറഞ്ഞു. തന്റെ അവസാന ഭക്ഷണമായി ഇയാള്‍ ചിക്കന്‍ സാന്‍ഡ്വിച്ചുകളും ചീസ് ബര്‍ഗറുകളും ആവശ്യപ്പെട്ടതായും ലോറി ബെനോയിറ്റ് കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട യാര്‍ബ്രോയുമായി പൈയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. മറ്റ് രണ്ട് കൂട്ടാളികളോടൊപ്പം ഇയാള്‍ യാര്‍ബ്രോയുടെ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയും അവളെ തട്ടികൊണ്ട് പോവുകയും ചെയ്തു. സംഘം യാര്‍ബ്രോയെ ഒരു മോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ അവര്‍ അവളെ ആക്രമിച്ചു. ഒടുവില്‍, റോഡിലിറക്കി വിട്ടതിന് ശേഷം പൈ മൂന്ന് തവണ അവളെ വെടിവെക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

യാര്‍ബ്രോയുടെ മൃതദേഹം 1993 നവംബര്‍ 17 നാണ് കണ്ടെത്തിയത്. ഈ കേസില്‍ പൈയെയും കൂട്ടാളികളായ ആഡംസിനെയും ഒരു കൗമാരക്കാരനെയും പോലീസ് പിടികൂടി. യാര്‍ബ്രോക്ക് എന്ത് സംഭവിച്ചുവെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് പൈയും ആഡംസും പറഞ്ഞെങ്കിലും, കൗമാരക്കാരന്‍ കുറ്റം സമ്മതിക്കുകയും തങ്ങള്‍ക്ക് അതില്‍ പങ്കുണ്ടെന്ന് പറയുകയും ചെയ്തതോടെയാണ് ഇയാള്‍ കുടുങ്ങിയത്. തുടര്‍ന്ന് കൗമാരക്കാരനെ കോടതി മാപ്പ് സാക്ഷിയാക്കി വിട്ടയച്ചു. 1996 ജൂണില്‍, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, സായുധ കവര്‍ച്ച, ബലാത്സംഗം, കവര്‍ച്ച എന്നിവയ്ക്ക് പൈ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 30 വര്‍ഷങ്ങള്‍ക്കിപ്പുറം വധശിക്ഷ നടപ്പിലാക്കുകയുമായിരുന്നു.

Related Articles

Back to top button