BREAKING NEWSNATIONAL

4.5 മണിക്കൂര്‍ ഉറക്കം, കുളി-പല്ലുതേപ്പ് 30 മിനുട്ട്, വിദ്യാര്‍ത്ഥിയുടെ പഠന ടൈംടേബിള്‍ കണ്ട് കണ്ണുതള്ളി നെറ്റിസണ്‍സ്

വെല്ലുവിളി നിറഞ്ഞ മത്സര പരീക്ഷകളില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് സ്വാഭാവികമാണ്. അവരുടെ വിജയങ്ങള്‍ ആഘോഷിക്കപ്പെടാറുമുണ്ട്. പലപ്പോഴും നമ്മള്‍ അറിയാതെ പോകുന്ന ഒന്നുണ്ട് വലിയൊരു കരിയര്‍ ഉണ്ടാക്കിയെടുത്തവുര്‍ അതിനായി ചെലവഴിച്ച സമയവും അധ്വാനവും ആണത്. അങ്ങനെയൊരു അധ്വാനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും കഥ പറയുന്നതാണ് ഒരു വൈറല്‍ പോസ്റ്റ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി)യിലേക്ക് അഡ്മിഷന്‍ ലഭിക്കാനുള്ള ഒരാളുടെ കഠിനാധ്വാനത്തിന്റെ വ്യാപ്തി എടുത്തുകാണിക്കുന്നതാണ് ആ പോസ്റ്റ്. ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് ( ജെഇഇ) തയ്യാറെടുക്കുന്ന ഒരു സുഹൃത്തിന്റെ പഠന ടൈംടേബിള്‍ ആണ് യുവാവ് പുറത്തുവിട്ടത്.
എക്‌സില്‍ മിസ്റ്റര്‍ ആര്‍സി എന്ന് പേരിട്ടിരിക്കുന്ന ഉപയോക്താവാണ് ഒരു ചിത്രം പങ്കുവച്ചത്, 16 കാരനെന്ന് പരിചയപ്പെടുത്തി, തന്റെ 17 വയസ്സുള്ള സുഹൃത്ത് സ്വന്തം കൈയക്ഷരത്തല്‍ എഴുതിയ ടൈം-ടേബിളാണ് പങ്കുവച്ചത്. ജെഇഇക്ക് തയ്യാറെടുക്കുന്ന ഒരു അടുത്ത സുഹൃത്തിന്റെ ഷെഡ്യൂള്‍ എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. കുറിപ്പില്‍ പറയുന്നതനുസരിച്ച്, പുലര്‍ച്ചെ നാലരയ്ക്കാണ് കുട്ടി എഴുന്നേല്‍ക്കുന്നത്. ഉറങ്ങുന്നതാകട്ടെ അര്‍ധ രാത്രി കഴിഞ്ഞും. ഷെഡ്യൂള്‍ പ്രകാരം വെറും നാലര മണിക്കൂര്‍ മാത്രമാണ് ഉറക്കം. എഴുന്നേറ്റ ശേഷം ആദ്യ രണ്ടര മണിക്കൂര്‍ ചെയ്യുന്നത് പഠിച്ച കാര്യങ്ങള്‍ റിവൈസ് ചെയ്യുക എന്നതാണ്.
ഇതിന് മുമ്പ് ഫ്രഷാകാന്‍ എടുക്കുന്നത് അരമണിക്കൂര്‍. 7.45 മുതല്‍ 10 മണിവരെയാണ് ക്ലാസിലെ ഹോംവര്‍ക്കുകള്‍ ചെയ്യാനുള്ള സമയം. ഇതിനിടയില്‍ 15 മിനിറ്റ് വിശ്രമം ഉണ്ട്. 12 മണിയോടെയാണ് ക്ലാസിലെത്തുന്നത്. ക്ലാസിനിടെ ലഞ്ച് ബ്രേക്ക് 20 മിനിറ്റാണ്. അത് കഴിഞ്ഞ് മൂന്നു മണിക്കൂര്‍ നീണ്ട കഠിനമായ പഠനം നടത്തും. അര മണിക്കൂര്‍ ഇടവേളയെടുക്കും. പിന്നീട് വൈകീട്ട് 4 മുതല്‍ 8.30 വരെ വീണ്ടും ക്ലാസ് നടക്കും. അതിനു ശേഷം 30 മിനിറ്റ് നോട്ട് എഴുതിയെടുക്കും. ഡിന്നറിന് ശേഷം രാത്രി 11.45 വരെ ഇരുന്ന് പഠിക്കും.
അവന്‍ ഷെഡ്യൂള്‍ കര്‍ശനമായി പിന്തുടരുന്നുണ്ടെന്നും എക്‌സില്‍ പോസ്റ്റ് പങ്കിട്ട സുഹൃത്ത് പറഞ്ഞു. അവന്‍ അത് വളരെ കൃത്യമായി പിന്തുടരുന്നു. തന്റെ കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനുള്ള ദൃഢനിശ്ചയമാണ് അതിന് പിന്നിലെന്നും മിസ്റ്റര്‍ ആര്‍സി കുറിക്കുന്നു. ഇതുപോലെയുള്ള നിരവധി കുട്ടികളുണ്ടെന്നും മികച്ച ഭാവിക്കായി ഇതുപോലെ കഠിനാധ്വാനം ചെയ്യുകയല്ലാതെ മറ്റൊന്നും അവരുടെ മുന്നില്‍ ഇല്ലെന്നും ആയിരുന്നു പോസ്റ്റിന് ചിലരുടെ കമന്റുകള്‍.

Related Articles

Back to top button