BREAKING NEWSKERALALATEST

കെ ഫോണ്‍ കേബിളില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറത്ത് തടിലോറി പൊട്ടിച്ച കെ ഫോണിന്റെ കേബിളില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് പരുക്കേറ്റ കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. ലോറിയുമായെത്തിയാണ് കരുനാഗപ്പള്ളി സിഐക്ക് മുന്നില്‍ കീഴടങ്ങിയത്. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലോറി ഉടമയും സ്റ്റേഷനിലെത്തിയിരുന്നു. മനുഷ്യജീവന് ആപത്തുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാട്ടുകാര്‍ ലോറി തടഞ്ഞുവച്ച് പൊലീസില്‍ വിവരം അറിയിച്ചിട്ടും 27 മണിക്കൂറിന് ശേഷമാണ് പൊലീസ് കേസെടുത്തത്. ഇതിനിടെ, പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സന്ധ്യയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് ഒളിച്ചുകളി തുടരുകയാണെന്നാണ് ആരോപണം.
കൊല്ലം കരുനാഗപ്പള്ളി കേബിള്‍ കുരുങ്ങി വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ലോറിയില്‍ കുരുങ്ങിയത് കെ ഫോണ്‍ കേബിളാണെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി. ഹോണടിച്ച് ലോറി നിര്‍ത്താന്‍ പറഞ്ഞിട്ടും നിര്‍ത്തിയില്ലെന്നും ദൃക്‌സാക്ഷി പറയുന്നു. അപകട കാരണം ലോറി അമിത ലോഡ് കയറ്റിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. താലൂക്ക് ആശുപത്രിയില്‍ മികച്ച ചികിത്സ കിട്ടിയില്ലെന്നാണ് സന്ധ്യയുടെ ഭര്‍ത്താവിന്റെ ആരോപണം.തഴവ കൊച്ചുകുറ്റിപ്പുറത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു അപകടം ഉണ്ടായത്.
വളാലില്‍ ജങ്ഷനില്‍ താമസിക്കുന്ന 43 വയസുള്ള സന്ധ്യയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഭര്‍ത്താവ് തുളസീധരന്റെ വര്‍ക് ഷോപ്പിന് മുന്നില്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്നു സന്ധ്യ. തടി കയറ്റിവന്ന ലോറിയില്‍ കുടുങ്ങി കെ ഫോണ്‍ കേബിളുകള്‍ പൊട്ടി താഴെ വീണു. കേബിളുകള്‍ക്കിടയില്‍പ്പെട്ട് സ്‌കൂട്ടറും സന്ധ്യയും 20 മീറ്റര്‍ ദൂരേക്ക് തെറിച്ചു വീണു. സ്‌കൂട്ടര്‍ 20 മീറ്ററോളം ഉയരെ പൊങ്ങി സന്ധ്യയുടെ ദേഹത്ത് വീണു. ഇതൊന്നുമറിയാതെ മുന്നോട്ടു പോയ ലോറി നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. തോളെല്ലിന് പൊട്ടലെറ്റ സന്ധ്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ലോറിയുടെ പിന്നാലെ കാറില്‍ എത്തിയ ലോറി ഉടമ കയര്‍ത്തുവെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

****

Related Articles

Back to top button