BREAKING NEWSWORLD

വെള്ളം മാത്രമല്ല, സുഗന്ധ ജലവും മദ്യവും ഒഴുകുന്ന നദികളുമുണ്ട് ലോകത്ത്

സാധരണയായി നദികളിലൂടെ ഒഴുകി വരുന്നത് എന്താണ്? ശുദ്ധ ജലം. ഇപ്പോ ചിലപ്പോള്‍ വെള്ളം മോശമാകും. എന്നൊക്കെയാകും നിങ്ങളുടെ ഉത്തരം. എന്നാല്‍, വെള്ളത്തിന് പകരം സുഗന്ധ ജലവും എന്തിന് മദ്യം വരെ ഒഴുകുന്ന നദികളുണ്ട് നമ്മുടെ ലോകത്ത്. അത്തരം വ്യത്യസ്തമായ ചില നദികളെ പരിചയപ്പെടാം.

വിയറ്റ്‌നാമിലെ പെര്‍ഫ്യൂം നദി

വിയറ്റ്‌നാമിലെ പ്രശസ്തമായ ഒരു നദിയാണ് ഹുറോങ് , പെര്‍ഫ്യൂം നദി എന്നാണ് ഹുറോങ് എന്ന പേരിനര്‍ഥം. ശരത്കാലത്ത് ഈ നദിയിലെ ജലത്തിന് നല്ല പെര്‍ഫ്യൂം പോലുള്ള സുഗന്ധമായിരിക്കും. 80 കിലോമീറ്ററോളം നീളമുള്ള ഹുറോങ് നദി ഒഴുകുന്നത് വിയറ്റ്‌നാമിലെ മധ്യ പ്രവിശ്യയായ തുര തിന്‍ഹ്യൂവിലൂടെയാണ്. നദി കടന്നുവരുന്ന പൊക്കമുള്ള പ്രദേശങ്ങളിലെ കാടുകളില്‍ പൂത്തുനില്‍ക്കുന്ന ചില മരങ്ങളില്‍ നിന്നുള്ള പൂക്കളാണ് നദിക്ക് ഈ സുഗന്ധം നല്‍കുന്നത്. നദീതീരത്തെ ഒരു പട്ടണമായ ഹ്യുവിലുള്ളവരാണ് ഈ നദിക്ക് ഹുറോങ് അഥവാ പെര്‍ഫ്യൂം നദിയെന്ന പേര് നല്‍കിയത്.

മദ്യം ഒഴുകിയ അരുവി

ഹവായിയിലെ ഒരു ദ്വീപായ ഓഹുവില്‍ ഒരു അരുവിയുണ്ട്. വൈപിയോ എന്ന ചെറുനദിയിലേക്ക് ചെന്നു ലയിക്കുന്ന ഈ അരുവിയില്‍ നിന്ന് ഒരു ദിവസമുണ്ടായ മദ്യഗന്ധം നാട്ടുകാര്‍ ശ്രദ്ധിക്കുകയും അധികാരികളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അരുവിയിലെ ജലത്തില്‍ ആല്‍ക്കഹോളിന്റെ അളവ് 1.2 ശതമാനമാണെന്ന് കണ്ടെത്തി. അരുവിയിലെ ജലത്തില്‍ .04 ശതമാനം പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി. ഒടുവില്‍ അന്വേഷണം എത്തി നിന്നത് അരുവിക്ക് സമീപമുള്ള ഒരു ഡിസ്റ്റിലറിയിലാണ്. ഇവിടെ നിന്നുള്ള മാലിന്യങ്ങളും മലിനജലവും വഹിക്കുന്ന ഒരു പൈപ്പ് പൊട്ടി അരുവിയില്‍ കലര്‍ന്നതാണ് അരുവിയെ മദ്യപ്പുഴയാക്കിയത്.

കട്ടന്‍ചായ പോലെ കറുത്ത വെള്ളമുള്ള നദി

ആഫ്രിക്കന്‍ രാജ്യം കോംഗോയിലെ (ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) കോംഗോ നദിയുടെ കൈവഴിയായ റുക്കി നദി ലോകത്തിലെ ഏറ്റവും കറുത്ത ജലാശയങ്ങളില്‍ ഒന്നാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇടിഎച്ച് സൂറിച്ച് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്, ഈ നദിയിലെ വെള്ളത്തിന് ഇത്രയും കറുപ്പ് നിറത്തിന് കാരണം എന്തെന്ന് കണ്ടെത്തിയത്. ചുറ്റുമുള്ള മഴക്കാടുകളില്‍ നിന്ന് ഉയര്‍ന്ന അളവില്‍ അലിഞ്ഞുചേരുന്ന ജൈവവസ്തുക്കളില്‍ നിന്നാണ് നദിയിലെ വെള്ളത്തിന് നിറം ലഭിക്കുന്നതെന്നാണ് പഠന ഫലം പറയുന്നത്. കട്ടന്‍ചായ പോലെയുള്ള വെള്ളമെന്നാണ് റുക്കിയുടെ ജലത്തെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.

ഏറ്റവും പഴക്കമുള്ള ജലമുള്ള നദി

കാനഡയിലെ, ഒണ്‍ടാരിയോയില്‍ സ്ഥിതി ചെയ്യുന്ന ഖനിയാണ് കിഡ്‌സ് ക്രീക്ക്. 1963 ലാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ ഖനിയിലാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജലമെന്ന് 2009 -ല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ബാര്‍ബറ ലോളര്‍ എന്ന, ടൊറന്റോ സര്‍വകലാശാലയിലെ ഭൗമശാസ്ത്രജ്ഞയാണ് ഈ പഴക്കമുള്ള ജലം കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ആഴമുള്ള ചെമ്പ്‌സിങ്ക് ഖനിയാണ് കിഡ്‌സ് ക്രീക്ക്. 1992 മുതല്‍ കിഡ് ക്രീക്കില്‍ ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ 17 വര്‍ഷങ്ങള്‍ക്കിപ്പുറം നടത്തിയ സന്ദര്‍ശനത്തില്‍ ഈ ജലം ലോളറുടെ ശ്രദ്ധയില്‍ പെട്ടു. ഖനിയില്‍ ഭൗമനിരപ്പില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം താഴ്ചയിലായിരുന്നു ഇതു സ്ഥിതി ചെയ്തത്. മൂക്ക് എരിഞ്ഞുപോകുന്ന മട്ടില്‍ ദുര്‍ഗന്ധമുള്ള ജലത്തിന്റെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഇതിന്റെ പ്രായം കണക്കാക്കപ്പെട്ടത്. 150 മുതല്‍ 260 വരെ കോടി വര്‍ഷം പഴക്കമുള്ളതാണ് ഈ ജലമെന്ന് പഠനം പറയുന്നു.

Related Articles

Back to top button