ArticlesARTICLESSPECIALWEB MAGAZINE

അജിത് ബാബുവിന്റെ സാഹിത്യ വഴികളിലൂടെ…

നീരജ വര്‍മ്മ

ഒരു സാഹിത്യ കൂട്ടായ്മയുടെ പ്രധാന അതിഥിയായിട്ടായിരുന്നു ഡോക്ടര്‍ അജിത് ബാബുവിനെ ആദ്യമായി കാണുന്നത്. ഭാര്യയും മകളുമൊത്ത് സുഹൃത്തുകൂടിയായ കവി സത്യന്‍ പൊയില്‍ക്കാവുമുണ്ടായിരുന്നു കൂടെ.

ഉദ്ഘാടന വേളയില്‍ അദ്ദേഹം പറഞ്ഞ ഒരു കഥ

ഒരു സുഹൃത്ത് മധുവിധു കാലത്ത് പ്രിയതമയുമൊത്ത് ഒരു ഫിഷ് അക്വേറിയം കാണാന്‍ പോയി. ഗോള്‍ഡന്‍ ഫിഷിനെയും, സില്‍വര്‍ ഫിഷിനേയുമൊക്കെ കാണിച്ച് വിവരിച്ച് ഭാര്യയെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ ചാളയാണ് (മത്തി) ഉപയോഗിക്കുന്നത് അതേയെനിക്കറിയൂന്ന് പ്രിയതമയുടെ മറുപടി.

ചാള മാത്രം കാണുന്നയൊരാള്‍ക്ക് (അതും ഭക്ഷിക്കാനുളളതെന്ന ചിന്തയോടെ) ഗോള്‍ഡന്‍ ഫിഷും സില്‍വര്‍ ഫിഷും എന്താണെന്നോ. എന്തിനാണവയെ പിടിച്ചിട്ടിരിക്കുന്നതേന്നോ അറിയാത്തപോലെ അതില്‍ ഗോള്‍ഡന്‍ ഫിഷും സില്‍വര്‍ ഫിഷും ഇട്ട അക്വേറിയത്തില്‍ ചാളയിട്ടാല്‍ എങ്ങിനെയിരിക്കും എന്ന മട്ടിലാണ് സാഹിത്യകൂട്ടങ്ങളുടെ അവസ്ഥയെന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം. അങിനെയാവരുത് എന്നോര്‍മ്മിപ്പിക്കയും.

കാസര്‍ഗോഡ് മാലിക് ദീനാര്‍ കോളേജിലെ പ്രിന്‍സിപ്പള്‍ കൂടെയായ ശ്രീ. അജിത് ബാബു ചേമഞ്ചേരിയെന്ന ഗ്രാമത്തിലെ അധ്യാപക ദമ്പതിമാരുടെ മൂത്ത പുത്രനായിരുന്നു. അനിയനും അനിയത്തിയുമടങ്ങുന്ന കുടുംബം. രസതന്ത്രം അധ്യാപികയായിരുന്ന അമ്മ രസതന്ത്രം പഠിപ്പിക്കുന്നതിനൊപ്പം ലൈബ്രേറിയന്റെ അധിക ചുമതലയും സ്‌കൂളില്‍ വഹിച്ചിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് അമ്മ കൊണ്ടു വന്നിരുന്ന പുസ്തകങ്ങള്‍ തിങ്കളാഴ്ചയിലേക്ക് വായിച്ചു തീര്‍ക്കുന്ന പതിവുണ്ടായിരുന്നു. അങ്ങിനെ കുട്ടിക്കാലത്തു തന്നെ വായനയിലേക്ക് ശ്രദ്ധ തിരിഞ്ഞിരുന്നു വായനക്കൊപ്പം അന്വേഷണ ത്വരയും.

കലാപ്രതിഭകളായ സുകുമാര ഭാഗവതരും കഥകളിയാചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ മാഷും പൂക്കാട് ശിവദാസന്‍ മാഷും ചേര്‍ന്നൊരുക്കിയ പൂക്കാട് യുവജനകലാലയം. നൃത്ത വാദ്യ ഗാന തരംഗങ്ങളുടെ സുവര്‍ണ്ണകാലം! നൃത്തനാടകങ്ങള്‍, ബാലെ, കച്ചേരികള്‍, എന്നിവയൊക്കെ അക്കാലത്ത് കലാലയങ്ങളില്‍ ധാരളമായി നടന്നിരുന്നു.

അവിടെ നിന്ന് തബലയും മൃദംഗവും അഭ്യസിക്കാനിടയായി. അന്ന് തബലയും മൃദംഗവും അഭ്യസിപ്പിച്ചിരുന്ന ശിവദാസന്‍ മാഷിപ്പോള്‍ ഈ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ കൂടെയാണ്.

ഇതിനോടകം എട്ടുപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചെങ്കിലും പുസ്തക പ്രസിദ്ധീകരണത്തില്‍ സജീവമാക്കിയത് ഭാര്യയായ ബീനയായിരുന്നു.

ഏതാണ്ടിരുപതുകൊല്ലത്തോളമായി എഴുതി സൂക്ഷിച്ച കഥകള്‍ സുഹൃത്തും എഴുത്തുകാരനുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവിനെ ബീന കാണിക്കുകയും അദ്ദേഹത്തിലൂടെ ഹരിതം ബുക്സ് പ്രതാപന്‍ തായാട്ടിലേക്ക് എത്തിചേരുകയും ചെയ്തു. 13 കഥകള്‍. അവ വായിച്ചപ്പോള്‍ പരസ്പരം ചില ബന്ധങ്ങളുളളതായിട്ടദ്ദേഹത്തിനു തോന്നി.

രാധിക എന്ന കഥാപാത്രത്തിലൂടെ പറഞ്ഞ കഥകള്‍ കോര്‍ത്തിണക്കാനാവശ്യപ്പെട്ടത് അദ്ദേഹമായിരുന്നു. പതിമൂന്ന് കഥകളിലൂടെ ‘വൃത്തസഞ്ചാരം’ നോവലായി പരിണമിക്കുകയായിരുന്നു. മംഗലാപുരത്ത് ബി.ഫാമിന് പഠിച്ച കാലത്ത് എഴുതിയതായിരുന്നു മിക്കതും. രണ്ടാമത്തെ നോവല്‍ ‘പൂര്‍ണ്ണവിരാമത്തിനുശേഷം’ ശിവകാശിയിലെ അധ്യാപക ജീവിതത്തിനിടയിലൂണ്ടായ യാത്രകളിലെ കുറിപ്പുകളായിരുന്നു. അക്കാലങ്ങളില്‍ പകല്‍ ജോലി കഴിഞ്ഞ് ഏഴെട്ടുമണിവരെയുറക്കം.

കനത്ത ചൂട്, ശുദ്ധമല്ലാത്ത വെള്ളം, രാത്രിയില്‍ ഉറക്കമില്ലായ്മ എഴുതാനുളള സൗകര്യം അങ്ങിനെയുണ്ടായി. ഈ സമയത്തായിരുന്നു ജേര്‍ണലിസം കോഴ്സിന് ചേര്‍ന്ന് പഠിച്ചത്. ശിവകാശിയിലെ തമിഴരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ പരിചയപ്പെട്ട കാലം.

നേത്രാവതി പാലത്തില്‍ നിന്ന് താഴേക്ക് ഒരാള്‍ ചാടുന്നു. താഴെയുണ്ടായിരുന്ന ഒരു മീന്‍ പിടുത്തക്കാരന്‍ അയാളെ രക്ഷപ്പെടുത്തി ജനറല്‍ ഹോസ്പിറ്റലിലാക്കുന്നു. മരണത്തിനും ജീവിതത്തിനുമിടക്കുളള നൂല്‍പാലത്തില്‍ കിടന്നുകൊണ്ടയാള്‍ സ്വപ്നങ്ങള്‍ കാണുന്നു.

യാഥാര്‍ത്ഥ്യങ്ങളിലുടെ, കടന്നുപോയ സ്വപ്നങ്ങള്‍, ഓര്‍മ്മകള്‍ക്കരികിലൂടെ കടന്നുപോയവരെ തിരയുന്നു. മരണത്തിന്റെ കള്ളിപ്പാലൂറ്റിയ പാട്ടിയമ്മയെപോലെ പലരെയും, അതിനൊടുവിലൊരു കാടിന്റെ നടുവിലൂടെ ബസ്സില്‍ സഞ്ചരിക്കുന്ന അയാള്‍.

രണ്ടു കുന്നുകള്‍ക്കിടയിലെ സമതലവും അതിനപ്പുറത്തെ ഒരു മുള്‍ക്കാടും ആള്‍താമസമുളളതിന്റെ ലക്ഷണമേയില്ല. ബസ്സിലുണ്ടായിരുന്ന അവസാനത്തെ നാലുപേര്‍ അയാളെ വിളിച്ചുണര്‍ത്തുന്നു. അവസാനത്തെ ബസ് സ്റ്റോപ്പിലിറക്കിവിട്ട് തന്നെ ഒരു വലം വെച്ചെന്നവണ്ണം പോകുന്ന ബസ്.

അപ്പോള്‍ മുന്നിലെ കുന്നിന്‍ നെറുകയില്‍ നിന്ന് ഒരാള്‍ക്കൂട്ടമിറങ്ങി വരുന്നൊരു കാഴ്ച കാണുന്നു. അവരുടെ ചുമലിലെ മഞ്ചലിലൊരു ശവവും ശവമഞ്ചം പുതപ്പിച്ചു മൂടിയ വെള്ളത്തുണി കാറ്റില്‍ മെല്ലെയുലഞ്ഞു. അപ്പോള്‍ ആ ശവത്തിന്റെ മുഖം കാണുകയും അതുതാനാണെന്നറിയുകയും ചെയ്യുന്നു.ശവഘോഷയാത്ര മുളങ്കാട് ലക്ഷ്യമാക്കി നീങ്ങി.

കാറ്റിന്റെ നൂറായിരം കൈകള്‍ക്ക് ശൈത്യമൂര്‍ച്ച കൈവന്നു കൊണ്ടിരിക്കുന്നു. ആത്മാവും ശരീരവും തമ്മിലുളള ചില കാഴ്ചപ്പാടുകള്‍. ഒരു തരം ഹാലൂസിനേഷന്‍! ഇതായിരുന്നു ‘പൂര്‍ണ്ണ വിരാമത്തിനു ശേഷം’എന്ന നോവല്‍.

അന്ന് തമിഴ്നാട്ടിലെ സ്വാശ്രയ കോളേജുകളില്‍ ചുരുങ്ങിയ ശമ്പളവും കൂടുതല്‍ പണിയെടുപ്പിക്കലുമൊക്കെയായിരുന്നു പതിവ് മാത്രമല്ല മാനേജ്മെന്റിന് അധ്യാപകരോട് പെരുമാറേണ്ടത് എങ്ങിനെയെന്നുപോലും അറിയില്ലായിരുന്നു. ആ കോളേജിന്റെ മാനേജ്മെന്റും അധ്യാപകരോട് വളരെ മോശമായിട്ടാണ് പെരുമാറിയിരുന്നത്.

നാട്ടുകാര്‍ അധ്യാപകരെ ബഹുമാനിച്ചിരുന്നെങ്കിലും മാനേജുമെന്റിന്റെ നിലപാടുകള്‍ക്കെതിരായി അവരുമായി ചില സംവാദങ്ങള്‍ നടത്തി കാര്യങ്ങള്‍ അംഗീകരിപ്പിക്കുവാന്‍ കഴിഞ്ഞെങ്കിലും പിന്നീട് അവിടെ നിന്നില്ല.

ശിവകാശിയില്‍ നിന്ന് നേരെ പോയത് ഇന്ത്യാറിവ്യൂ എന്ന മാഗസിന്‍ സബ് എഡിറ്റര്‍ ആയിട്ടായിരുന്നു. കോഴിക്കോട് ജെ.ഡി.റ്റി. ഇസ്ലാം കോളേജില്‍ അധ്യാപകനായും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഫാര്‍മസിസ്റ്റുമായുമൊക്കെ അക്കാലത്ത് പ്രവര്‍ത്തിച്ചു. ഇന്ത്യാ റിവ്യൂവിലുണ്ടായ കാലത്താണ് പരന്നവായന സാദ്ധ്യമായത്.

ജെ.ഡി.റ്റിയില്‍ നിന്ന് വീണ്ടും മംഗലാപുരത്തേക്ക് എം ഫാം ചെയ്യാനായി. അക്കാലത്തായിരുന്നു എഴുത്തിലേക്ക് കൂടുതല്‍ തിരിഞ്ഞത്. പോസ്റ്റുഗ്രാഡ്വേഷനുശേഷം മൂന്നര വര്‍ഷത്തെ പ്രവാസി ജീവിതം. അക്കാലത്ത് എഴുതാനും വായിക്കാനും ധാരാളമായി കഴിഞ്ഞിരുന്നു. കമ്മ്യൂണിറ്റി ഫാര്‍മസിസറ്റ് ആയിട്ടായിരുന്നു ജോലി. മൊബൈലൊന്നും അത്ര പ്രചാരത്തിലെത്തിയിട്ടില്ലായിരുന്ന കാലം രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞാല്‍ ഉച്ചയുറക്കം.

അത്ര ചൂടാണപ്പോള്‍ 4 മണി മുതല്‍ രാത്രി 11 മണി വരെ അടുത്ത ഡ്യൂട്ടി. അവിടെവെച്ച് അവസാനസന്ദര്‍കന്‍ എന്ന ചെറുകഥയ്ക്ക് ഐ.സി.ആര്‍.സി.യുടെ സമ്മാനവും കിട്ടി. ഈ കഥാ ഭാഷാ സമന്വയ വേദിയുടെ ഇതരഭാഷകളോടൊപ്പമുളള പുസ്തകത്തില്‍ മലയാളത്തില്‍ നിന്ന് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. റേഡിയോ ഏഷ്യയുടെ ‘സ്നേഹതരംഗം’ അവാര്‍ഡും അപ്പോള്‍ ലഭിച്ചിരുന്നു.

ഐ.സി.ആര്‍.സി.യുടെ വിധികര്‍ത്താക്കളിലൊരാളായ അസൈനാരുമായുണ്ടായ സൗഹൃദത്തിലൂടെ അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്ന് വായനക്കായി നിരവധി പുസ്തകങ്ങള്‍ ലഭിച്ചിരുന്നു. കലാകൗമുദിയിലും മറ്റും കവിതകള്‍ എഴുതിയിരുന്ന അസൈനാരുടെ ഭാര്യ റജൂല ഇന്ത്യാ റിവ്യൂവിലെ എഴുത്തുകാരിയുമായിരുന്നു. അക്കാലത്തുണ്ടായ പരിചയവും ഈ സൗഹൃദത്തെ ബലപ്പെടുത്തി.

മൂന്നാമത്തെ നോവല്‍ ദേവഗാന്ധാരം, ഇതിലൊരു യക്ഷി കഥാപാത്രമായിവരുന്നു. കണ്ണന്‍ ഗുരുക്കള്‍ എവിടെയോ നിന്ന് കൊണ്ടുവന്ന് ബന്ധിച്ച ഒരു യക്ഷി. കുറേ ഫാന്റസിയും മിത്തുമൊക്കെ ചേര്‍ന്നത് അമ്മേടെ വീട് ബാലൂശ്ശേരിയിലായിരുന്നതുകൊണ്ട് പ്രൈമറി കാലത്ത് അവിടെയായിരുന്നു പഠിച്ചത്.

അമ്മമ്മേടെ മുത്തശ്ശന്‍ കണ്ണന്‍ ഗുരുക്കള്‍ ഒരു മന്ത്രവാദി കൂടെയായിരുന്നു. ഏക്കറുകള്‍ നിലവിലുളള ആ ഭൂമിയില്‍ മുന്ന് നിലകളുളള ഒരു പഴയ തറവാട് അടച്ചിട്ടിരുന്നു. ഇപ്പുറത്ത് പുതിയതൊന്ന് പണിതപ്പോഴാണത് അടച്ചിട്ടത്.

കുട്ടിക്കാലത്തൊരിക്കല്‍ ആ വീട്ടിലേക്ക് ഒറ്റക്ക് കയറുകയും മുകള്‍ തട്ടിലെ ഗ്രന്ഥപുരയില്‍ ചെന്ന് ചില താളിയോലകളുമായി ഇറങ്ങുന്നതിനിടയില്‍ പുറകെ തിരഞ്ഞുവന്ന വല്യമ്മേടെ വിളികേട്ട് ഞെട്ടുകയും ചെയ്ത ഓര്‍മ്മ.

ഒരുപാട് ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മന്ത്രവാദപരമായവയാണെന്നും ഇനിയാരുമതൊന്നും പഠിക്കണ്ട എന്നും പറഞ്ഞ് തീയിട്ടു നശിപ്പിച്ചു. വല്യമ്മ നശിപ്പിച്ച ഗ്രന്ഥങ്ങളുടെ വിലയറിഞ്ഞത്. കൈയ്യില്‍ കിട്ടിയ മൂന്നു താളിയോലകളിലൂടെയായിരുന്നു ഔഷധങ്ങളെക്കുറിച്ചായിരുന്നു അവയിലൊരെണ്ണം. തലമുറകള്‍ക്കുമുമ്പു നടന്ന പൈതല്‍ വല്യച്ചന്റെ കൊലയും നിലതെറ്റിയ ലക്ഷമിവല്യമ്മയുടെ കഥകളുമൊക്കെ കുട്ടികാലത്തെ മനസ്സിലേക്കെത്തിയിരുന്നു. ഇതൊക്കെയാവാം ആ യക്ഷി കഥയിലേക്ക് നയിച്ചത്.

ദേവഗാന്ധാരി രാഗത്തിലുളള പാട്ടുകേള്‍ക്കുകയും ബസ്സില്‍ തന്റെ അടുത്തിരിക്കുകയും ചെയ്യുന്ന യക്ഷി ജേണലിസ്റ്റായ ഹീറോ അതാരാണെന്നറിയുകയും യക്ഷി പറയുന്ന ചല സത്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുകയും ചെയ്യുന്നു. യക്ഷിയുമായി സൗഹൃദത്തിലായി സന്ധി ചെയ്യുന്നു.

രണ്ടു കാര്യങ്ങളിലൊന്നാമത്തേത് അവളുമായിട്ടൊരിക്കലും സുരതത്തിലേര്‍പ്പെടരുതെന്നും രണ്ടാമത്തേത് അവളുടെ തലയിലെ ആണി വലിച്ചൂരരുതെന്നും അവളെ കുറിച്ചാരോടും പറയരുതെന്നും, രണ്ടു കാര്യങ്ങളാണ് പറഞ്ഞതെങ്കിലും മുന്നാമതൊന്നു കൂടെയിലില്ലേന്ന് ജേണലിസ്റ്റിന്റെ സംശയം. ആദ്യത്തെ കാര്യത്തില്‍ അതുണ്ടാവണമെന്നില്ലെന്നവള്‍ കളിയാക്കുന്നുമുണ്ട്. ‘നീയൊരു കാമുകനിലേക്കെത്താന്‍ ഇനിയുമൊരുപാടുദൂരം സഞ്ചരിക്കണമെന്ന്.’

സൗഹൃദത്തിന്റെ കാലപ്പഴക്കത്തിലെപ്പോഴോ യക്ഷിയുമായി സുരതത്തിലേര്‍പ്പെട്ടപ്പോള്‍ ചുളിവുകളോടുകൂടിയ മുഖത്തോടെ ഒരു കിഴവിയായി യക്ഷി രൂപാന്തരം പ്രാപിച്ചു. ഏതാണ്ടിരുനൂറുവയസ്സുളള ജരബാധിച്ച കിഴവി. കണ്ണന്‍ ഗുരുക്കള്‍ യക്ഷിയെ ബന്ധിച്ച പ്രായത്തിനൊപ്പം.

‘അഗ്‌നിച്ചിലമ്പ് ‘എന്ന പേരില്‍ ചിലപ്പതിക്കാരത്തെ ആസ്പദമാക്കി ഒരു നാടകവുമെഴുതി ചേമഞ്ചേരി റസിഡന്‍സ് അസോസിയേഷനുവേണ്ടി. ഏതാണ്ട് രണ്ടുരണ്ടരമണിക്കൂറുളള നാടകം ചേമഞ്ചേരി കലാവേദി ഒരു അമേച്വര്‍ നാടകമായി അഞ്ചെട്ടു വേദികളിലവതരിപ്പിക്കുകയും ചെയ്തു. അദ്ധ്യാപകനായ അച്ഛന്‍ ഒരു നാടക കലാകാരന്‍ കൂടെയായിരുന്നു അച്ഛന്റെ നാടകങ്ങള്‍ക്കുവേണ്ടി കുട്ടിക്കാലത്ത് അമ്മയോടൊപ്പം യാത്ര ചെയ്തിരുന്നതും അതിനു പ്രേരണയായി.

ഏറ്റവുമൊടുവില്‍ പ്രസിദ്ധീകരിച്ച വേഗവര്‍ത്തമാനവും ജുഗുല്‍ബന്ദിയും രണ്ടു ചെറുകഥാ സമാഹാരങ്ങളാണ് ഫെയ്സ് ബുക്കില്‍ ഇപ്പോള്‍ എഴുതുന്ന വിക്രമാദിത്യകഥകള്‍ എഴുതപ്പെടാനുളള പ്രേരണയെ കുറിച്ചറിയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ

രാഷ്ട്രീയ സിംഹാസനങ്ങളിലിരിക്കുന്നവര്‍ക്ക് അതിനുളള യോഗ്യതയുണ്ടോ എന്ന ചിന്ത. വിക്രമാദിത്യ ചക്രവര്‍ത്തിയേക്കാള്‍ യോഗ്യനായ ഒരു ഭരണാധികാരിയും ന്യായാധിപനും വേറെയുണ്ടോ ? ഇന്ദ്രസദസ്സില്‍ പോലും വിധി പ്രസ്താവിച്ചയാളല്ലേ വിക്രമാദിത്യന്‍.

രാഷ്ട്രീയത്തിലായാലും നീതിന്യായ വ്യവസ്ഥിതിയിലായും അധികാരത്തിലിരിക്കുന്നവര്‍ക്കെല്ലാം ഒരു പ്രത്യേക പരിഗണന ലഭിക്കുന്നില്ലേ ഇന്ന്. അതു ശരിയാണോ എന്ന ചിന്തയില്‍ വിക്രമാദിത്യന്‍ മനസ്സിലേക്കെത്തി. കുട്ടിക്കാലത്ത് വായിച്ച വിക്രമാദിത്യ ചക്രവര്‍ത്തിയുടെ കഥകളിലേക്ക് അന്വേഷണ ത്വരയോടെ നോക്കിയപ്പോള്‍ അദ്ദേഹത്തെപ്പോലെ നീതിമാനായ ഒരു ഭരാണാധികാരി വേറെയില്ലെന്ന തിരിച്ചറിവ് ഭോജരാജാവിനോട് സാലഭഞ്ജികമാര്‍ പറയുന്ന കഥകളും ഉപകഥകളും കൊണ്ട് സമ്പുഷ്ടമാണ് വിക്രമാദിത്യ കഥകള്‍. ഭാരതത്തിന്റെ പല പ്രദേശങ്ങളും അതിലേക്ക് കടന്നുവരുകയായിരുന്നു.

ബീഹാറിലെ പാടലീപുത്രവും തമിഴ്നാട്ടിലെ ധര്‍മ്മപുരിയും ഇന്നത്തെ ഭാരതത്തിന്നപ്പുറത്തേക്കും മനസ്സുകൊണ്ട് സഞ്ചരിക്കുകയും ഭൂമിശാസ്ത്ര പരവും ചരിത്രപരവുമായ കാര്യങ്ങളിലേക്ക് ആഴ്ന്നിറങ്ങേണ്ടി വരികയും ചെയ്യുന്നു. 32 സാലഭഞ്ജികമാരില്‍ ഏതാണ്ടൊരൊമ്പതെണ്ണത്തോളമായി എഴുപത് ശതമാനത്തോളം ഫെയ്സ്ബുക്കിലിപ്പോള്‍ വിക്രമാദിത്യകകള്‍ക്കേറേ ആസ്വാദകരുണ്ട്.

പല വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്. ഇതുവരെയെഴുതിയ എട്ട് പുസ്തകങ്ങളെക്കാള്‍ സ്വീകാര്യത വിക്രമാദിത്യ കഥകള്‍ക്കാണെന്ന് പറയാതെ വയ്യ. കുട്ടികളെക്കാള്‍ മുതിര്‍ന്നവരാണിപ്പോള്‍ ഭോജരാജാവ് വിക്രമാദിത്യ സിംഹാസനത്തിലിരിക്ക്യോ എന്നറിയാനുളള ആകാംക്ഷയില്‍ കാത്തിരിക്കുന്നത്.

മൂന്നു ലേഖന സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട് ഗബ്രിയേല്‍ ഗാര്‍ഷ്യോ മാര്‍ക്വിസിനെ പരിചയപ്പെടുത്തികൊണ്ടുളള പുസ്തകത്തില്‍ സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ ഒരു കവിതയും ഇടം നേടിയിട്ടുണ്ട്. ഗാബോയെക്കുറിച്ചുളള കുറിപ്പുകളില്‍ സ്വന്തം വീക്ഷണം അതൊരു പഠനവും അനുസ്മരണവുമാണ്.

ഗബ്രിയേല്‍ ഗാര്‍ഷ്യോ മാര്‍ക്വിസ് പരത്തിക്കുന്ന് ചേമഞ്ചേരി പോസ്റ്റ് എന്നു തുടങ്ങുന്ന ഒരു അഡ്രസ്സിലൂടെ ഗാബോ ചേമഞ്ചേരിക്കാരനാവുന്നു. ചേമഞ്ചേരിയുടെ വിമോചനം സ്വപ്നം കാണുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ഗാബോ ചേമഞ്ചേരിയുടെ പരത്തി കുന്നിന്റെ മുകളിലുളള ചെറിയൊരു പാറക്കല്ലിലിരുന്ന് പൈപ്പില്‍ പുകവലിച്ചുകൊണ്ടിരിക്കുകയും പുഞ്ചിരിച്ചുകൊണ്ട് തന്റെ സംശയങ്ങള്‍ക്ക് മറുപടി തരികയും ചെയ്യുന്നു.

പ്രണയത്തെക്കുറിച്ചുളള കാഴ്ചപ്പാടുകളിലൂടെ സംവാദങ്ങളിലുടെ സഞ്ചരിച്ച് ഗാബോ കാണിച്ചുതന്ന മാംസഭുക്കായ സസ്യത്തെകണ്ട് നാല്പതുവര്‍ഷത്തിന്റെ പ്രായവ്യത്യാസമില്ലാത്ത സുഹൃത്താവുന്നു. പരത്തികുന്നിറങ്ങി ഏതോ ഒരു തീവണ്ടി കയറി ഗാബോ പോകുമ്പോള്‍ ഏല്‍പ്പിച്ച ഒരുകവര്‍ അത് തുറന്നപ്പോള്‍ മലയാളമറിയാത്ത ലാറ്റിനമേരിക്കന്‍ ഗാബോ മലയാളത്തില്‍ അതിലെഴുതിയ പ്രണയവീക്ഷണം.

പ്രിയ അജിത്ത് ബാബുവിന് പ്രണയം ഒരു മാനസികാവസ്ഥയാണ് നിനക്ക് വേണ്ടതും നീ കാണാനാഗ്രഹിക്കുന്നതുമായ എന്തിനേയും ഇങ്ങുമെങ്ങും പ്രണയം നിനക്കായി കാണിച്ചുതരുന്നു. ലേഖനമവസാനിപ്പിക്കുന്നതിങ്ങനെയാണ്.

അകാലത്തില്‍ പൊലിഞ്ഞുപോയ സുഹൃത്തും കഥാകാരനുമായ കെ.വി അനൂപിനെ കുറിച്ചായിരുന്നു കറുക മഞ്ഞുസൂര്യന്‍ എന്ന പുസ്തകം അനൂപിനെ അടയാളപ്പെടുത്തലായിരുന്നു അതിലൂടെ. കോഴിക്കോട് ഇന്ത്യാ റിവ്യൂ മാഗസിനില്‍ എത്തിചേര്‍ന്ന കാലം മുതലുളള സൗഹൃദമായിരുന്നു അനുപുമായിട്ടുണ്ടായിരുന്നത്. അച്ഛന്‍ മിംമ്സ് ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ അനുപ് താഴെ ഐ.സി.യുവില്‍ ഉണ്ടായിരുന്നുവെങ്കിലും കയറി കണ്ടിരുന്നില്യ.

പതിമൂന്ന് കൊല്ലം മുമ്പ് കിഡ്നി ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയ അനൂപിന് മരണം അടുത്തെത്തി എന്ന തോന്നലുണ്ടായിരുന്നു. അനൂപിന്റെ വേര്‍പാടിന്റെ തലേന്നാള്‍ സ്വന്തം മുറിയിലെ അടച്ചിട്ട കതകില്‍ ആരോ മുട്ടിവിളിക്കുകയും ഒപ്പം ജനല്‍ വലിച്ചടയുന്ന ശബ്ദവും. എഴുന്നേറ്റ് കതകു തുറന്നപ്പോള്‍ ആരുമുണ്ടായിരുന്നില്യ.

ജനല്‍പ്പാളികള്‍ അടഞ്ഞാണ് കിടന്നിരുന്നതും. സെപ്തംബറില്‍ കര്‍ക്കിടകത്തിന്റെ കാലാവസ്ഥ ലോജിക്കില്യാത്ത സംഭവങ്ങള്‍. കുട്ടിക്കാലത്ത് പഠിച്ച ബാലുശ്ശേരി സ്‌കൂളിന്റെ വരാന്തയിലിരുന്ന് വയല്‍ക്കരയിലെ കറുകപുല്ലിലെ മഞ്ഞുകണങ്ങളില്‍ സൂര്യരശ്മി പതിയുമ്പോഴുളള തിളക്കം അതായിരുന്നു കറുകമഞ്ഞ് സൂര്യന്‍ അടുത്തത് പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ കുറേ പരിസ്ഥിതി ലേഖനങ്ങളെടുത്ത് ഒരു പുസ്തകമാക്കുകയായിരുന്നു.

ഇപ്പോള്‍ മറ്റൊരു നോവലിന്റെ പണിപ്പുരയില്‍ ചില അന്വേഷണങ്ങളുടെ ഉത്തരം തേടി തമിഴ്നാട്ടിലെ ചിലയിടങ്ങള്‍ സന്ദര്‍ശിക്കാനുളള ഒഴിവുവേളകള്‍ കാത്തിരിക്കയാണന്നു പറയാം.

രണ്ടു കണ്ണുകള്‍ തരുന്ന കാഴ്ചകള്‍ വ്യത്യസ്തമായപ്പോലെ കര്‍മ്മം ആപേക്ഷികമല്ലെന്നും സത്കര്‍മ്മമുണ്ടെങ്കില്‍ ദുഷ്‌കര്‍മ്മവും ഉണ്ടെന്നു വിശ്വസിക്കുന്ന അജിത് ബാബു ഔഷധ ശാസ്ത്രത്തില്‍ ആണ് ഡോക്ടറേറ്റ് നേടിയിരിക്കുന്നത്. അധ്യാപകന്‍, പത്ര പ്രവര്‍ത്തകന്‍, ഫാര്‍മസിസ്റ്റ് എന്നീ നിലകളിലൊക്കെ ഔദ്യോഗിത ജീവിതം നയിച്ച് അദ്ദേഹമിപ്പോള്‍ കാസര്‍കോഡ് മാലിക്ദിനാര്‍ കോളേജില്‍ പ്രിന്‍സിപ്പല്‍ ആയി തുടരുന്നു.

അദ്ധ്യാപികയായ ബീനയും വിധുദേബ്, ശ്രീലക്ഷ്മി എന്നീ രണ്ടുമക്കളുമൊത്ത് കോഴിക്കോട് ചേമഞ്ചേരിയിലെ സിതാരയില്‍ താമസം.

ഗുരു നിത്യചൈതന്യയതിയെ നേരിട്ടുകാണാനാവസരം ലഭിച്ച അദ്ദേഹം ഗുരു നിത്യചൈതന്യയതിയുടെ ഒരാരാധകന്‍ കൂടെയാണ്. നാമൊരു വാതില്‍ അകത്തുനിന്ന് അടക്കുമ്പോള്‍ ഉളളില്‍ നാം സുരക്ഷിതരാവുന്നു. പുറത്തുനിന്നാണെങ്കിലോ? ബന്ധിക്കപ്പെടുന്നു.

സങ്കടങ്ങള്‍ വരുമ്പോള്‍ സാഹിത്യ സൃഷ്ടിയുണ്ടാവാം. അല്ലേല്‍ നിര്‍ത്താം എന്നു ചിന്തിക്കാം. ഇതുരണ്ടും സംഭവ്യം. പക്ഷെ അദ്ദേഹം ഒന്നും കാര്യാക്കുന്നില്യാ പോട്ടെസാരല്യ (ഒ.കെ. നോ പ്രോബ്ലം) എന്ന മട്ടില്‍ ജീവിക്ക്യാന്‍ ശീലിച്ചിരിക്കുന്നു.

സ്വയം സന്തോഷമായിട്ടിരിക്കുന്നവര്‍ക്കെ മറ്റുളളവരെ സന്തോഷിപ്പിക്ക്യാന്‍ കഴിയൂ. അതുകൊണ്ട് സഹപ്രവര്‍ത്തകരോടും അദ്ദേഹം പറയുന്നത് സന്തോഷമാവാന്‍ ശ്രമിക്ക്വാനാണ്.

Related Articles

Back to top button