BREAKING NEWSLATESTNATIONAL

‘അധികാര ദുര്‍വിനിയോഗം’; കെജ്‌രിവാള്‍ ഭരണം തുടരുന്നതിനെതിരെ പരാതി നല്‍കി ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഭരണം തുടരുന്നതിനെതിരെ പരാതി നല്കി ബിജെപി. കസ്റ്റഡിയില്‍ ഇരുന്ന് ഭരിക്കുന്നത് അധികാര ദുര്‍വിനിയോഗം ആണെന്നാണ് ബിജെപിയുടെ പരാതി. ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്കാണ് രേഖാമൂലം പരാതി നല്കിയത്. ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നിയമവശം പരിശോധിക്കുകയാണ്. അതിനിടെ കെജ്രിവാളിനായി തിഹാര്‍ ജയിലില്‍ സെല്‍ തയ്യാറാക്കിയിരിക്കുകയാണ് അധികൃതര്‍. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടാലുള്ള മുന്‍കരുതല്‍ നടപടി മാത്രമാണിതെന്നാണ് പ്രതികരണം.
മദ്യനയ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയിലാണ് നിലവില്‍ കെജ്‌രിവാള്‍. കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. കെജ്രിവാളിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകന്‍ വീനീത് ജന്‍ഡാലും ലഫ്. ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് പരാതി.
അതുപോലെ തന്നെ സൗജന്യ മരുന്നും പരിശോധനകളും തുടരാന്‍ കെജ്രിവാള്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചിരുന്നു. ദില്ലിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജ്‌രിവാള്‍ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു. കെജ്രിവാളിന് പിന്നാലെ പാര്‍ട്ടിയിലെ കൂടുതല്‍ നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നല്‍കുമെന്നാണ് വിവരം.
മാര്‍ച്ച് 21ന് രാത്രി 9 മണിയോടെയാണ് ഇഡി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി സംഘം വാറണ്ടുമായി കെജ്രിവാളിന്റെ വീട്ടിലെത്തുകയായിരുന്നു. അതിനിടെ കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ എഎപിയുടെ പ്രതിഷേധം തുടരുകയാണ്. മോദിയുടെ ഏറ്റവും വലിയ ഭയം കെജ്രിവാള്‍ എന്ന് രേഖപ്പെടുത്തിയ പ്രൊഫൈല്‍ പിക്ചറുമായി ആം ആദ്മി പാര്‍ട്ടി സോഷ്യല്‍ മീഡിയയിലും പ്രതിഷേധം തുടരുകയാണ്.

Related Articles

Back to top button