BREAKING NEWSWORLD

ബാള്‍ട്ടിമോര്‍ അപകടം: കാണാതായ 6 പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു; കപ്പലിലെ 22 ഇന്ത്യക്കാര്‍ സുരക്ഷിതര്‍

മേരിലന്‍ഡ്: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ ആറുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചത്. ‘വെല്ലുവിളി നിറഞ്ഞ ദിവസത്തിന്റെ ഹൃദയഭേദകമായ പര്യവസാനം’ എന്നാണ് തിരച്ചില്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് മേരിലന്‍ഡ് ഗവര്‍ണര്‍ വെ മൂര്‍ പറഞ്ഞത്. കാണാതായവര്‍ക്ക് വേണ്ടി എല്ലാ സാധ്യതകളും ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും.
പ്രാദേശിക സമയം വൈകീട്ട് ഏഴരയോടെ തന്നെ ബാക്കിയുള്ള ആറുപേരെ ജീവനോടെ കണ്ടെത്താന്‍ സാധിക്കില്ലെന്ന നിഗമനത്തില്‍ കോസ്റ്റ്ഗാന്‍ഡ് എത്തിയിരുന്നു. പാലം തകരുമ്പോള്‍ എട്ടു നിര്‍മാണ തൊഴിലാളികളാണ് പാലത്തില്‍ ഉണ്ടായിരുന്നത്. അവരില്‍ രണ്ടുപേരെ രക്ഷിക്കാന്‍ സാധിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചു, പ്രാഥമിക ചികിത്സകള്‍ നല്‍കി വിട്ടയച്ചു.
യാത്ര തുടങ്ങി അരമണിക്കൂറിനുള്ളിലാണ് യുഎസിലെ ബാള്‍ട്ടിമോറില്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിലിടിച്ച ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണു ബാള്‍ട്ടിമോറിലെ സീഗര്‍ട്ട് മറൈന്‍ ടെര്‍മിനലില്‍നിന്നു കപ്പല്‍ പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണിലേക്കു കപ്പല്‍ ഇടിച്ചു കയറി. മേരിലാന്‍ഡ് സംസ്ഥാനത്തെ ബാള്‍ട്ടിമോര്‍ നഗരത്തില്‍ പറ്റാപ്സ്‌കോ നദിക്കു മുകളില്‍ 1.6 മൈല്‍ (2.57 കിലോമീറ്റര്‍) ദൂരത്തില്‍ നാലുവരിയാണ് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം. ഇടിയുടെ ആഘാതത്തില്‍ പാലം പൂര്‍ണമായും തകര്‍ന്നു നദിയിലേക്കു വീഴുകയായിരുന്നു.
സിംഗപ്പുര്‍ കമ്പനിയായ ഗ്രേസ് ഓഷ്യന്‍ പിടിഇയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ഡാലിയാണ് അപകടത്തില്‍പെട്ടത്. സിനര്‍ജി മറൈന്‍ ഗ്രൂപ്പിനാണ് കപ്പലിന്റെ മേല്‍നോട്ട ചുമതല. ശ്രീലങ്കയിലെ കൊളംബോയിലേക്കായിരുന്നു യാത്ര. ഏപ്രില്‍ 22ന് അവിടെ എത്തേണ്ടതായിരുന്നെന്ന് കപ്പല്‍ ട്രാക്കിങ് വെബ്സൈറ്റായ വെസല്‍ഫൈന്‍ഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 27 ദിവസം നീണ്ടുനില്‍ക്കേണ്ട യാത്രയാണു പുറപ്പെട്ട് അരമണിക്കൂറിനുള്ളില്‍ വന്‍ ദുരന്തത്തില്‍ അവസാനിച്ചത്. അപകടസമയം ഷിപ്പിങ് ഭീമന്മാരായ മര്‍സ്‌കിന്റെ ചരക്കുകളാണു കപ്പലിലുണ്ടായിരുന്നത്. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചു
അപകടസമയം 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യക്കാരാണ്. ഇവര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം പ്രസ് ഓഫിസര്‍ പാറ്റ് ആദംസണ്‍ ബ്രിട്ടിഷ് മാധ്യമമായ ബിബിസിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാരില്‍ ഒരാളുടെ തലയ്ക്കു ചെറിയ പോറല്‍ ഉണ്ടായെന്നല്ലാതെ മറ്റു പരുക്കുകളൊന്നുമില്ല. കപ്പലില്‍ രണ്ടു പൈലറ്റുമാരുണ്ടായിട്ടും ഇത്തരമൊരു അപകടം ഉണ്ടായത് അസാധാരണമാണെന്നും ആദംസണ്‍ പറഞ്ഞു.
അപകടത്തില്‍പ്പെട്ട കപ്പലായ ഡാലി, ഈ മാസം 19നാണ് പനാമയില്‍നിന്നു ബാള്‍ട്ടിമോറില്‍ തിരിച്ചെത്തിയത്. ഏകദേശം 1000 അടി നീളമുള്ള ഡാലി ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഹ്യുണ്ടായ് ഹെവി ഇന്‍ഡസ്ട്രീസ് 2015ലാണ് നിര്‍മിച്ചത്. 2016ല്‍ ആന്റ്വെര്‍പ് തുറമുഖത്ത് കപ്പല്‍ ഒരു മതിലില്‍ ഇടിച്ചിരുന്നു. കപ്പലിനു ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കുണ്ടായിരുന്നില്ല.

Related Articles

Back to top button