BREAKING NEWSWORLD

സ്ത്രീവേഷം കെട്ടി പട്ടാപ്പകല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട് തടവുകാരന്‍, എല്ലാത്തിനും സഹായിച്ചത് കാമുകി

സ്ത്രീവേഷം കെട്ടി ജയിലില്‍ നിന്നും രക്ഷപ്പെട്ട് തടവുകാരന്‍. വെനസ്വേലക്കാരനായ മാനുവല്‍ ലോറെന്‍സോ അവില അല്‍വാറാഡോ എന്ന 25 കാരനാണ് ജയിലില്‍ നിന്നും സ്ത്രീവേഷം കെട്ടി ?ഗാര്‍ഡുകള്‍ നോക്കിനില്‍ക്കെത്തന്നെ പുറത്തുപോയത്. കവര്‍ച്ച, കൊലപാതകം എന്നിവയാണ് ഇയാളുടെ പേരിലുള്ള കുറ്റം. മാര്‍ച്ച് 13 -ന് സന്ദര്‍ശനസമയം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഇയാള്‍ ജയില്‍ ചാടിയത്.
പ്രാദേശിക പത്രമായ എല്‍ കാരബോബെനോ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വിഗ്ഗും സ്ത്രീകളുടെ വേഷവും ധരിച്ച മാനുവലിനെ തിരിച്ചറിയാന്‍ ജയില്‍ ഗാര്‍ഡുകള്‍ക്ക് പോലും കഴിഞ്ഞില്ല. അങ്ങനെ ഗാര്‍ഡുകളെ പറ്റിച്ചുകൊണ്ട് ഇയാള്‍ ജയിലില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ജയിലിലെ സിസിടിവി ദൃശ്യങ്ങളനുസരിച്ച് ഇയാള്‍ രക്ഷപ്പെടുന്നത് സ്ത്രീകളായ സന്ദര്‍ശകര്‍ക്കൊപ്പമാണ്. സന്ദര്‍ശനസമയം അവസാനിച്ചതിനാല്‍ നിരവധി സ്ത്രീകള്‍ അതുവഴി ജയിലിന് പുറത്തേക്ക് പോകുന്നുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം സ്ത്രീവേഷത്തില്‍ മാനുവലും പുറത്തേക്കിറങ്ങുകയായിരുന്നു.
സംഭവത്തോടെ നാല് ഗാര്‍ഡുകളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മാനുവലിന്റെ കാമുകിയാണ് അയാളെ സ്ത്രീവേഷം കെട്ടാനും അവിടെ നിന്നും രക്ഷപ്പെടാനും സഹായിച്ചത്. അവള്‍ക്ക് വേണ്ടിയും തിരച്ചില്‍ നടക്കുന്നുണ്ട്. എന്നാല്‍, രണ്ടുപേരെയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
എന്നാല്‍, ഇത് ആദ്യമായിട്ടല്ല ഇങ്ങനെ പുരുഷ തടവുകാര്‍ സ്ത്രീവേഷം കെട്ടി ജയിലില്‍ നിന്നും രക്ഷപ്പെടുന്നത്. സമാനമായ സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരാഗ്വേ സ്വദേശിയായ ഗോര്‍ഡിറ്റോ ലിന്‍ഡോ, കറുത്ത വിഗ്ഗും മേക്കപ്പും സ്ത്രീകളുടെ വസ്ത്രങ്ങളും ധരിച്ച് ജയിലില്‍ നിന്ന് മുന്‍വാതിലിലൂടെ തന്നെ പുറത്തിറങ്ങി രക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍, രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം അധികൃതര്‍ ഇയാളെ പിടികൂടി എന്നതും വസ്തുതയാണ്.
മറ്റൊരു സംഭവം ഫിലാഡല്‍ഫിയയിലായിരുന്നു. ഇവിടെ കറക്ഷണല്‍ സെന്ററില്‍, നാസിര്‍ ഗ്രാന്റ് എന്ന അന്തേവാസിയാണ് സ്ത്രീ വേഷം ധരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സ്ത്രീയോടൊപ്പം യുഎസ് മാര്‍ഷല്‍ സര്‍വീസ് ഗ്രാന്റിനെ അധികം വൈകാതെ തന്നെ പിടികൂടി.

Related Articles

Back to top button