BREAKING NEWSKERALALATEST

ചെലവ് കൂടുതലെങ്കിലും റോഡ് നിര്‍മാണത്തിന് റബ്ബര്‍ ഉപയോഗിക്കണമെന്നു കേന്ദ്രം

ആലപ്പുഴ: ചെലവ് കൂടുതലാണെന്ന കാരണത്താല്‍ റോഡ് നിര്‍മാണത്തില്‍ റബ്ബര്‍ ഒഴിവാക്കരുതെന്നു കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം. സ്വാഭാവിക റബ്ബര്‍ കലര്‍ത്തിയുള്ള ടാര്‍ മിശ്രിതം ഉപയോഗിക്കണമെന്നാണു നിര്‍ദേശം. ഇതു റോഡിന്റെ നിലനില്‍പ്പിനും യാത്രക്കാരുടെ സുരക്ഷയ്ക്കും ഗുണകരമാണെന്നാണു വിലയിരുത്തല്‍. കേരളത്തില്‍ ഏഴുമീറ്റര്‍ വീതിയിലും മൂന്നു സെന്റിമീറ്റര്‍ കനത്തിലും ഒരു കിലോമീറ്റര്‍ റോഡ് സ്വാഭാവിക റബ്ബര്‍ കലര്‍ത്തിയ ബിറ്റുമിന്‍ (നാച്വറല്‍ റബ്ബര്‍ മിക്‌സ്ഡ് ബിറ്റുമിന്‍) ഉപയോഗിച്ച് നിര്‍മിച്ചാല്‍ 2,97,418 രൂപ കൂടുതലായിരിക്കുമെന്നാണു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്.
ഇക്കാര്യം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്‌തെങ്കിലും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്, മോര്‍ത്ത് (മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സ്) എന്നിവയുടെ നിര്‍ദേശപ്രകാരം മാത്രമേ റോഡ് നിര്‍മിക്കാവൂയെന്ന അറിയിപ്പാണു ലഭിച്ചിട്ടുള്ളത്. ഇവര്‍ നിര്‍ദേശിക്കുന്നത് റബ്ബര്‍ ഉപയോഗിച്ചുള്ള ടാറിങ്ങാണ്. സാധാരണ ടാറിങ്ങിനെ അപേക്ഷിച്ച് സ്വാഭാവിക റബ്ബര്‍ കലര്‍ത്തിയ ബിറ്റുമിന്‍ ഉപയോഗിച്ചാല്‍ അപകടസാധ്യത വളരെ കുറയുമെന്നാണു വിവിധ പരിശോധനകളിലൂടെ മോര്‍ത്തിനും ഐ.ആര്‍.സി.ക്കും വിവരം കിട്ടിയിട്ടുള്ളത്. വാഹനം മറിയുന്നതു പ്രതിരോധിക്കല്‍, റോഡില്‍ നല്ല പിടിത്തം (ഗ്രിപ്) തുടങ്ങിയ മെച്ചങ്ങളുമുണ്ട്.
ഇതാണ് അപകടസാധ്യത കുറയ്ക്കുന്നത്. മാത്രമല്ല ഉയര്‍ന്ന ഇലാസ്തികത, മികച്ച ആവരണം എന്നിവമൂലം റോഡ് ഏറെക്കാലം നിലനില്‍ക്കുകയും ചെയ്യും. നിര്‍മാണച്ചെലവ് കൂടുമെങ്കിലും അപകടവും ആവര്‍ത്തനച്ചെലവും കുറയുമെന്നതിനാല്‍ ഇത് നഷ്ടമായി കാണേണ്ടതില്ലെന്നാണ് ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
കേരളത്തില്‍ കൊച്ചിയിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ പ്ലാന്റില്‍നിന്നാണ് റബ്ബര്‍ കലര്‍ത്തിയുള്ള ബിറ്റുമിന്‍ ലഭിക്കുന്നത്. കോട്ടയത്തുനിന്നു റബ്ബര്‍പാല്‍ എത്തിച്ചാണ് ബി.പി.സി.എല്‍. ഇതു തയ്യാറാക്കുന്നത്. ഇതിന്റെ ഉപയോഗം വന്‍തോതില്‍ ഉയര്‍ന്നാല്‍ റബ്ബര്‍ മേഖലയ്ക്കും ഗുണകരമാകും. എന്നാല്‍, സ്വാഭാവിക റബ്ബര്‍ കലര്‍ന്ന ബിറ്റുമിന്‍ ലഭിക്കുന്നില്ലെന്ന കരാറുകാരുടെ ആക്ഷേപം ശക്തമാണ്.

Related Articles

Back to top button