
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ 338 റൺസിനു പുറത്ത്. 131 റൺസ് നേറ്റിയ സ്റ്റീവ് സ്മിത്താണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. മാർനസ് ലെബുഷെയ്ൻ (91), വിൽ പുകോവ്സ്കി (62) എന്നിവരും ഓസീസിനായി മികച്ച പ്രകടനം കാഴ്ച വെച്ചു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 4 വിക്കറ്റ് വീഴ്ത്തി.
രണ്ടാം ദിവസം 2 വിക്കറ്റ് നഷ്ടത്തിൽ 166 എന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചത്. സ്മിത്ത്-ലബുഷെയ്ൻ സഖ്യം പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നേറവെ രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. ലബുഷെയ്നെ അജിങ്ക്യ രഹാനെയുടെ കൈകളിലെത്തിച്ചാണ് ജഡേജ 100 റൺസ് നീണ്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിപ്പിച്ചത്. പിന്നാലെ എത്തിയ മാത്യു വെയ്ഡിനെയും ജഡേജ തന്നെയാണ് പുറത്താക്കിയത്. ആക്രമിച്ചു കളിച്ച വെയ്ഡിനെ ജഡേജ ബുംറയുടെ കൈകളിൽ എത്തിച്ചു. ന്യൂ ബോൾ എടുത്ത് അഞ്ചാമത്തെ ഓവറിൽ ഓസ്ട്രേലിയക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. കാമറൂൺ ഗ്രീനിനെ വിക്കറ്റിനു മുന്നിൽ കുരുക്കി ബുംറ മത്സരത്തിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ക്യാപ്റ്റൻ ടിം പെയ്നും (1) ബുംറക്ക് മുന്നിൽ വീണു. പെയ്നെ ബുംറ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.