BREAKING NEWSKERALALATEST

ജോസ് കെ മാണി രാജ്യസഭാംഗത്വം ഉടന്‍ രാജിവയ്ക്കില്ലെന്ന് സൂചന

ജോസ് കെ മാണി രാജ്യസഭാംഗത്വം ഉടന്‍ രാജിവയ്ക്കില്ലെന്ന് സൂചന. അധികാരത്തര്‍ക്കത്തില്‍ കോടതി നടപടി നീളുന്നതിനാലാണ് രാജി വൈകുന്നത്. കോടതി വിധിക്ക് ശേഷം രാജിയെന്നാണ് വിവരം.

ധാർമികത ഉയർത്തിപ്പിടിച്ച് രാജ്യസഭ എംപി പദവി രാജി വയ്ക്കുമെന്ന് ആയിരുന്നു ഒക്ടോബർ 14ന് മുന്നണി മാറ്റം പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിൽ ജോസ് കെ മാണി അറിയിച്ചിരുന്നത്. ഇടതുമുന്നണിയിൽ എത്തി മൂന്നു മാസം പിന്നിടുമ്പോഴും രാജിയുണ്ടാകാത്തതിൽ യുഡിഎഫ് നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചു.

കഴിഞ്ഞ ബുധനാഴ്ച രാജി സമർപ്പിക്കാൻ ആയിരുന്നു പാർട്ടിയുടെ തീരുമാനം. എന്നാൽ ഡൽഹിയിലെത്തിയ ജോസ് കെ മാണി, നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമേ രാജി ഉണ്ടാകുവെന്ന് പ്രഖ്യാപിച്ചു. ഔദ്യോഗിക പക്ഷം എന്ന അംഗീകാരം ജോസ് കെ മാണിക്ക് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി ചോദ്യം ചെയ്തുള്ള പിജെ ജോസഫിൻ്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി നടപടികൾ അവസാനിക്കുംവരെ രാജി വക്കേണ്ടെന്നാണ് ജോസ് കെ മാണിക്ക് ലഭിച്ച നിയമോപദേശം. രണ്ട് എംപിമാർ ഉള്ളത് കൂടി കണക്കിലെടുത്താണ് ജോസ് കെ മാണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം ലഭിച്ചത്. ഉടൻ രാജിവച്ചാൽ കേസിനെ പ്രതികൂലമായി ബാധിക്കുമോ എന്നാണ് ആശങ്ക.

ഹൈക്കോടതിയിൽ നിന്ന് അനുകൂല നടപടി ഉണ്ടായാലും, ജോസഫ് മേൽകോടതിയിൽ അപ്പീൽ നൽകാന്നുള്ള സാധ്യതയുണ്ട്. കോടതി നടപടികൾ പൂർണമായും അവസാനിച്ച ശേഷമാകും രാജിയെന്നാണ് സൂചന. ഉടൻ രാജിവച്ചാൽ ഒഴിവു വരുന്ന സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിൽ അവകാശവാദങ്ങൾ ഉണ്ടായേക്കാം എന്ന ആശങ്കയും ജോസ് കെ മാണിക്കുണ്ട്. പാർട്ടിയിലും എംപി പദവി മോഹിച്ച് ഒന്നിലധികം പേർ രംഗത്തിറങ്ങിയതും രാജി വൈകാൻ കാരണമായി.

Related Articles

Back to top button