ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ഫോറന്‍സിക് ആര്‍ട്ടിസ്റ്റാണ് ലോയിസ് ?ഗിബ്‌സണ്‍. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സാണ് ഈ 74 -കാരിയെ അങ്ങനെ വിശേഷിപ്പിച്ചത്. ഫോറന്‍സിക് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ലോയിസ് വരച്ച രേഖാചിത്രങ്ങള്‍ 1,313 കുറ്റവാളികളെ തിരിച്ചറിയാന്‍ ഹൂസ്റ്റണ്‍ പൊലീസിനെ സഹായിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനേക്കാളൊക്കെ അതിശയിപ്പിക്കുന്നത് എങ്ങനെയാണ് ലോയിസ് ഒരു ഫോറന്‍സിക് ആര്‍ട്ടിസ്റ്റായിത്തീര്‍ന്നത് എന്ന കഥയാണ്.
ഒരു മോഡലും ഡാന്‍സറുമായിരുന്നു ലോയിസ്. പിന്നീടാണ് അവള്‍ ഫൈന്‍ ആര്‍ട്‌സില്‍ ബിരുദമെടുക്കുന്നതിന് സര്‍വകലാശാലയില്‍ ചേര്‍ന്നത്. പക്ഷേ, 21 -ാമത്തെ വയസ്സിലുണ്ടായ ഒരു അനുഭവം അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. 1971 -ല്‍, അവളുടെ ലോസ് ഏഞ്ചല്‍സിലെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ വച്ച് ഒരു അപരിചിതന്‍ അവളെ ആക്രമിക്കുകയായിരുന്നു. അവളെ കഴുത്തു ഞെരിച്ച് കൊല്ലാനും ലൈംഗികാതിക്രമത്തിനുമായിരുന്നു അയാളുടെ ശ്രമം.
ക്രൂരമായ ആക്രമണത്തില്‍ നിന്ന് ലോയിസ് കഷ്ടിച്ച് രക്ഷപ്പെട്ടു. പക്ഷേ, ഈ സംഭവം പൊലീസില്‍ അറിയിച്ചില്ല. പിന്നീട്, അവള്‍ ടെക്‌സാസിലെ ഹൂസ്റ്റണിലേക്ക് താമസം മാറി. അവിടെ ഒരു പോര്‍ട്രെയ്റ്റ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തന്റെ വരയിലുള്ള കഴിവുകള്‍ കുറ്റവാളികളെ പിടികൂടാന്‍ പൊലീസിനെ സഹായിക്കുമെന്ന് മനസിലാക്കിയ ലോയിസ് തന്നെ ഒരു ഫോറന്‍സിക് ആര്‍ട്ടിസ്റ്റായി നിയമിക്കണമെന്ന് പൊലീസിനോട് അപേക്ഷിച്ചു. തന്റെ കഴിവുകള്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
1982 -ല്‍ ഹൂസ്റ്റണ്‍ പൊലീസിനൊപ്പം ഫോറന്‍സിക് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി ലോയിസ്. എന്നാല്‍, ആദ്യമായി അവള്‍ ചെയ്ത വര്‍ക്ക് അവളെ വൈകാരികമായി ബാധിക്കുന്ന ഒന്നായിത്തീര്‍ന്നു. എന്നാല്‍, കുറ്റവാളിയെ പിടികൂടാന്‍ അത് പൊലീസിനെ സഹായിച്ചു.
”ഇനി ഒരിക്കലും ഈ ജോലി ചെയ്യരുതെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. കാരണം, ആ രേഖാചിത്രം ചെയ്യുന്നത് വൈകാരികമായി വളരെ ഭയാനകമായ ഒന്നായിരുന്നു. പക്ഷേ, കുറ്റവാളിയെ പിടികൂടി എന്ന് മനസ്സിലാക്കിയപ്പോള്‍, അത് മാറി. വെറും ഒരു മണിക്കൂര്‍ കൊണ്ട് വരച്ച ചിത്രം കൊണ്ട് കുറ്റവാളിയെ പിടികൂടാനാവുമെന്ന അറിവ് എന്റെ അവസ്ഥ മാറ്റി” എന്നും അവള്‍ പറയുന്നു.
ഈ വര്‍ഷം ഫെബ്രുവരി വരെയായി 1313 പ്രതികളെ ഇതുപോലെ പിടികൂടാന്‍ സാധിച്ചു എന്നും അവള്‍ പറയുന്നു. 2017 -ല്‍ ഏറ്റവുമധികം കുറ്റവാളികളെ പിടികൂടാന്‍ സഹായിച്ച ഫോറന്‍സിക് ആര്‍ട്ടിസ്റ്റ് എന്ന പേരില്‍ ?ഗിന്നസ് വേള്‍ റെക്കോര്‍ഡും അവള്‍ സ്വന്തമാക്കിയിരുന്നു.
81 1 minute read