LATESTKERALA

ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ കൂട്ടി,ആയമാരുടെ വേതനത്തില്‍ 500 രൂപയുടെ വര്‍ധന

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ബജറ്റ് നിര്‍ദേശം. ഓണറേറിയം ആയിരം രൂപ കൂട്ടിയതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കുട്ടികളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതിന് എല്ലാ സ്‌കൂളുകളിലും കൗണ്‍സലര്‍മാരെ നിയമിക്കും. സൈക്കോ- സോഷ്യല്‍ കൗണ്‍സലര്‍മാര്‍ക്ക് ഓണറേറിയമായി 24000 രൂപ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാചക തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാനും ബജറ്റ് പ്രഖ്യാപനം. 50 രൂപ കൂട്ടിയതായി തോമസ് ഐസക് പറഞ്ഞു. ആയമാരുടെ വേതനത്തില്‍ 500 രൂപയുടെ വര്‍ധനയാണ് വരുത്തുക. ആശാപ്രവര്‍ത്തകരുടെ ബത്തയും വര്‍ധിപ്പിച്ചിട്ടുണ്ട്. ആയിരം രൂപയാണ് ഉയര്‍ത്തിയതെന്നും ധനമന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി നല്‍കുമെന്ന് തോമസ് ഐസക് പറഞ്ഞു. വെള്ള, നീല കാര്‍ഡുടമകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ അനുവദിക്കുമെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

കോവിഡ് കാലത്ത് ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണം കോവിഡാനന്തര കാലത്തും തുടരാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടെന്ന് തോമസ് ഐസക് വ്യക്തമാക്കി.ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സബ്‌സിഡിക്കായി 1060 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചര കോടി ഭക്ഷ്യകിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കമ്പോളത്തില്‍ ശക്തമായ ഇടപെടലാണ് നടത്തിയത്. ഓണക്കാലത്ത് ഇത് വിപണിയില്‍ ദൃശ്യമായെന്നും ഐസക് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker