തിരുവനന്തപുരം: അഴിമതി ആരോപണം നേരിട്ട കെഎസ്ആര്‍ടിസി പെന്ഷന് ആന്റ് ഓഡിറ്റ് വിഭാഗം എക്സിക്യൂട്ടീവ് ഡറക്ടര്‍ കെ എം ശ്രീകുമാറിനെ സ്ഥലം മാറ്റി. എറണാകുളം സോണ്‍ ഡയറക്ടറായാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ അഴിമതിയെക്കുറിച്ച് എംഡി ബിജു പ്രഭാകര്‍ പരസ്യ പ്രതികരണം നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് സ്ഥലം മാറ്റം. ബിജു പ്രഭാകറിന്റെ പ്രസ്താവനയ്ക്കെതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തൂവന്നിരുന്നു.
2012-2015 കാലത്ത് കെ എം ശ്രീകുമാര്‍ അക്കൗണ്ട്സ് മാനേജര്‍ ആയിരുന്നപ്പോള്‍ 100 കോടിയുടെ തിരിമറിയാണ് നടത്തിയത് എന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. ടിക്കറ്റ് നല്‍കുന്നതിലും, ലോക്കല്‍ പര്‍ച്ചേസിലും എല്ലാം വെട്ടിപ്പ് നടക്കുന്നുണ്ട്. ടെണ്ടര്‍ ഇല്ലാതെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉയര്‍ന്ന വില രേഖപ്പെടുത്തുന്നു, കമ്മീഷന് കൈപ്പറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റും. 95 ശതമാനം ജീവനക്കാരെപ്പറ്റിയും തനിക്ക് മോശം അഭിപ്രായമില്ല. രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിപിടിച്ചു നടന്നിട്ടുള്ളവര്‍, കൈക്കൂലി കൊടുത്തും അനധികൃതമായും കെഎസ്ആര്‍ടിസിയില്‍ ജോലിക്ക് കയറിയവരാണ് മോശമായി പെരുമാറുന്നത്.
കെഎസ്ആര്‍ടിസിയില്‍ സ്വിഫ്റ്റ് നടപ്പാക്കുമെന്ന് എം ഡി വ്യക്തമാക്കി. ഇനി കെഎസ്ആര്‍ടിസിക്ക് പണം നല്കണമെങ്കില് സ്വിഫ്റ്റ് നടപ്പാക്കിയാല്‍ മാത്രമേ തരികയുള്ളൂ എന്ന് ധനകാര്യ വകുപ്പ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ഒരു സംശയവും വേണ്ട, സ്വിഫ്റ്റ് നടപ്പാക്കിയിരിക്കും. സ്ഥാപനം ചെളിക്കുണ്ടില്‍ കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പരിഷ്കരണത്തെ എതിര്‍ക്കുന്നതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.