കുവൈറ്റില്‍ ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 23 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതിനു പിന്നാലെ മാധ്യമങ്ങളില്‍ ചര്‍ച്ചയായ ഒരു പേരായിരുന്നു എന്‍ബിടിസി ഗ്രൂപ്പും കെജി എബ്രഹാം. അദ്ദേഹത്തിന്റെ ഉടമയുള്ള എന്‍ബിടിസി ഗ്രൂപ്പിലെ ജീവനക്കാരായിരുന്നു മരണപ്പെട്ടത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി കുവൈറ്റിയിലെ വ്യവസായ രംഗത്ത് പ്രമുഖനാണ് കെ ജി എബ്രഹാം. സഹപ്രവര്‍ത്തകരോടുള്ള പെരുമാറ്റവും പാവപ്പെട്ട മനുഷ്യരെ സഹായിക്കാനുള്ള സ്വമനസ്സുകൊണ്ട് അദ്ദേഹം നേരത്തെയും പ്രശസ്തനാണ്. സാധാരണ ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് വളര്‍ന്ന് ഗള്‍ഫില്‍ തന്റെ സാമ്രാജ്യം കെട്ടിപ്പടുത്ത അദ്ദേഹത്തിന്റെ ജീവിതകഥ കഠിനാധ്വാനത്തിന്റെ ആത്മസമര്‍പ്പണത്തിന്റെയും കൂടിയാണ്
പത്തനംതിട്ട തിരുവല്ലയിലെ കര്‍ഷകനായ കെ ടി ഗിവര്‍ഗീസിന്റെയും ശോശാമ്മയുടെയും മൂന്നാമത്തെ മകനായി 1954 നവംബര്‍ ഒന്‍പതിനാണ് കെ ജി എബ്രഹാമിന്റെ ജനനം. നിരണം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും നേടിയ ശേഷം 22ാമത്തെ വയസില്‍ കുവൈറ്റിലേക്ക് യാത്ര തിരിച്ചു.സാധാരണ പ്രവാസിയെ പോലെ 1976ല്‍ കുവൈറ്റിലെത്തിയ അദ്ദേഹം അഹമ്മദിയിലെ ‘ബദ്ധ ആന്‍ഡ് മുസൈരി’ കമ്പനിയില്‍ 60 ദിനാര്‍ ശമ്പളത്തിനാണ് ജോലിക്ക് കയറിയത്. ഏഴ് വര്‍ഷത്തിനുശേഷം സ്വന്തമായുണ്ടായിരുന്ന 1500 ദിനാറും സുഹൃത്തുക്കളില്‍ നിന്ന് സ്വരൂപിച്ച 2500 ദിനാറും ചേര്‍ത്ത് 4000 ദിനാര്‍ മൂലധനത്തില്‍ സ്വന്തം സ്ഥാപനം തുടങ്ങി. 1983ല്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് വേണ്ടി എണ്ണ അനുബന്ധ ഉത്പാദനങ്ങളുടെ ചെറുകിട കരാര്‍ ജോലികള്‍ ഏറ്റെടുത്തുകൊണ്ടാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്.എബ്രഹാം കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി കുവൈറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളം കേന്ദ്രീകരിച്ചുള്ള കെജിഎ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനും കൂടിയാണ് എബ്രഹാം. 90 ജീവനക്കാരുമായി ആരംഭിച്ച എന്‍ടിബിസി ഇന്ന് 14 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ്.38 വര്‍ഷമായി കുവൈറ്റില്‍ ബിസിനസുകാരനായ അദ്ദേഹത്തിന് 4000 കോടിയുടെ ആസ്തിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
മിഡില്‍ ഈസ്റ്റിന് പുറമെ ഇന്ത്യന്‍ ഭൂഖണ്ഡം കേന്ദ്രീകരിച്ചും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനമായും എഞ്ചിനീറിങ്, നിര്‍മാണം, മാര്‍ക്കറ്റിങ്ങ്, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് കമ്പനിയുടെ നിക്ഷേപങ്ങള്‍. തിരുവല്ലയിലെ കെജിഎ എലൈറ്റ് കോണ്ടിനെന്റല്‍ ഹോട്ടലിന്റെ പങ്കാളിയുമാണ്. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് – ബ്ലെസി ചിത്രം ആടുജീവിത്തിന്റെ നിര്‍മാണ പങ്കാളികൂടിയാണ് എബ്രഹാം.
ഇതിനുപുറമെ എണ്ണയിലും അനുബന്ധ മേഖലകളിലും കമ്പനിക്ക് വ്യക്തമായ സാന്നിധ്യമറിയിക്കാനായിട്ടുണ്ട്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ എബ്രഹാം വിമര്‍ശനം ഉന്നയിച്ചിരുന്നു 2018, 2019 വെള്ളപ്പൊക്കത്തില്‍ കേരളത്തിന് ധനസഹായം നല്‍കിയ പ്രമുഖരില്‍ എബ്രഹാമും ഉള്‍പ്പെട്ടിരുന്നു. അതേസമയം കുവൈത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ജീവനക്കാരെ കാണുന്നത് കുടുംബാംഗങ്ങളെ പോലെയാണെന്നും മരണമടഞ്ഞവരുടെ കുടംബങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് എന്‍ബിടിസി ഡയറക്ടര്‍ കെജി എബ്രഹാം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം വിതുമ്പിക്കരയുകയും ചെയ്തു.