TECHNOLOGY

മോസില്ലക്ക് പിന്നാലെ ഗൂഗിൾ ക്രോമിലും സുരക്ഷാപിഴവ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്


മുംബൈ:മോസില്ല ഫയർഫോക്സിന് പിന്നാലെ ഗൂഗിൾ ക്രോമിലും സെക്യൂരിറ്റി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ഗൂഗിൾ ക്രോം. സൈബർ കുറ്റവാളികളുടെ പ്രധാന ലക്ഷ്യവും ഈ ആപ്ലിക്കേഷനാണ്.

ഇപ്പോഴിതാ ക്രോമിന്റെ രണ്ട് വേർഷനുകളിലും സെർട്ട്- ഇൻ പിഴവ് ചൂണ്ടിക്കാണിച്ചെത്തിയിരിക്കുകയാണ്. ഒന്നിലധികം പിഴവുകളാണ് രണ്ട് വെർഷനിലും കണ്ടെത്തിയിരിക്കുന്നത്. 123.0.6312.58 for Linux എന്ന അപ്‌ഡേറ്റിന് മുമ്പുള്ള ക്രോമിന്റെ പതിപ്പുകൾ, 123.0.6312.58.59 എന്ന അപ്‌ഡേറ്റിന് ശേഷമുള്ള വിൻഡോസ്, മാക് ഒ എസുകളിലെ ക്രോം പതിപ്പുകൾ എന്നിവയിലാണ് പിഴവുകളുള്ളത്.

ഇവ അതീവഗുരുതരമാണെന്നും ടീമിന്റെ മുന്നറിയിപ്പിൽ പറയുന്നുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ് വേഡുകളും കണ്ടെത്താൻ ഈ പിഴവ്  ഹാക്കർമാരെ സഹായിച്ചേക്കും. അനധികൃത സോഫ്റ്റ്‌വെയറുകൾ, ഡൗൺലോഡുകൾ, എന്നിവ ഈ ക്രോം പതിപ്പുകളിൽ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇത് കൂടാതെ ഈ വേർഷനുകൾ വ്യാജ വെബ്‌സൈറ്റുകൾ ഉപയോഗിച്ച് ഹാക്ക് ചെയ്യാനും സാധ്യതയുണ്ട്. പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ ഉപയോഗിക്കുന്നതാണ് ഹാക്കിങ്ങിൽ നിന്ന് രക്ഷനേടാനുള്ള ഏക വഴിയെന്ന് മുന്നറിയിപ്പിൽ പറയുന്നു  .

കഴിഞ്ഞ ദിവസം മോസില്ലയിലെ പിഴവുകൾ ചൂണ്ടിക്കാണിച്ച് സെർട്ട്- ഇൻ രംഗത്ത് വന്നിരുന്നു. കമ്പ്യൂട്ടർ സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും അതിലൂടെ പ്രധാനപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്താനും ഫയർഫോക്‌സിലെ പ്രശ്‌നങ്ങൾ ഉപയോഗപ്പെടുത്തി ഹാക്കർക്ക് സാധിക്കുമെന്നാണ് അതിലെയും മുന്നറിയിപ്പിൽ പറയുന്നത്.

ഫയർഫോക്‌സ് ഇഎസ്ആർ 115.9 ന് മുമ്പുള്ള വേർഷനുകൾ, ഫയർഫോക്‌സ് ഐഒഎസ് 124 ന് മുമ്പുള്ള വേർഷനുകൾ, മോസില്ല തണ്ടർബേർഡ് 115.9 ന് മുമ്പുള്ള വേർഷനുകൾ എന്നിവയിലാണ് നിലവിൽ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയത്.

മോസില്ലയുടെ ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവർ കഴിയുന്നതും വേഗം അവ അപ്ഡേറ്റ് ചെയ്യണമെന്നാണ് സേർട്ട്-ഇൻ പുറത്തിറക്കിയ നിർദേശത്തിലുളളത്. കൂടാതെ ഉല്പന്നങ്ങൾക്കുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. തേഡ് പാർട്ടി ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത് എന്നും അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സേർട്ട്-ഇന്നിന്റെ നിർദേശത്തിൽ പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button