ക്ഷേത്രത്തിലേക്ക് പോയ വിജയലക്ഷ്മിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ സ്കൂട്ടര്‍ ചിറയ്ക്കു സമീപത്തു നിന്നു കണ്ടെത്തി. കുളത്തിന്റെ കടവില്‍ ചെരുപ്പും ലഭിച്ചു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭർത്താവ് പ്രദീപ് ഏഴുപതിലേറെ മോഷണ കേസുകളിൽ പ്രതിയായത് വിജയലക്ഷ്മിയെ ഏറെ മനോ വിഷമത്തിലാക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുവരുടെതും പ്രണയ വിവാഹമായിരുന്നു. നേരത്തെ വിദേശത്തായിരുന്ന പ്രദീപ് നാട്ടിൽ ബിസിനസ് നടത്തുന്നെന്ന് വിശ്വസിപ്പിച്ചാണ് വിജയലക്ഷ്മിയുമായി അടുത്തത്. എന്നാൽ ഇയാൾ ചില മോഷണ കേസുകളിൽ അറസ്റ്റിലായി. തുടര്‍ന്ന് ഭര്‍ത്താവിനെ നാട്ടിൽ നിന്നു മാറ്റിയാല്‍ മാറ്റമുണ്ടായേക്കും എന്നു കരുതിയാണ് ബെംഗളുരുവിലേയ്ക്കു ഇവർ താമസം മാറ്റിയത്. എന്നാൽ അവിടെയും പ്രദീപ് മോഷണം തുടർന്നു. ഇതോടെ വിജയലക്ഷ്മി നാട്ടിലേക്ക് മടങ്ങുകയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ഇതിനിടെ മോഷണത്തിനിടെ നടത്തിയ കൊലപാതകത്തിലും പ്രദീപ് ജയിലിലായി.
ബെഗളുരു കൊടിച്ചിക്കനഹള്ളിയിൽ നിര്‍മ്മലാ മേരി(65) എന്ന വീട്ടമ്മയെയാണ് പ്രദീപും ഷാഹുല്‍ ഹമീദ് എന്നയാളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലയ്ക്കു ശേഷം ഇവരുടെ പക്കലുണ്ടായിരുന്ന സ്വർണവും പണവും കവർന്നു. കേരളത്തിലേക്ക് മുങ്ങുന്നതിനിടെ ഈ കേസിൽ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹത്തിന് മുൻപ് ഗൾഫിലെ ഒരു സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായും പ്രദീപ് ജോലി ചെയ്തിട്ടുണ്ട്. സൂപ്പർ മാർക്കറ്റിൽ നടത്തിയ മോഷണത്തെ തുടർന്ന് ഇയാൾക്ക് ജയിൽവാസം അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. ജയിൽ മോചിതനായ ശേഷമാണ് ഇയാൾ നാട്ടിൽ മടങ്ങി എത്തിയതും വിജയലക്ഷ്മിയുമായി പ്രണയത്തിലായതെന്നും ബന്ധുക്കൾ പറയുന്നു. വിജയലക്ഷ്മിയുടെ നിർബന്ധത്തെ തുടർന്നാണ് വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും പ്രദീപ് മോഷണക്കേസില്‍ അറസ്റ്റിലായി. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, കുറത്തികാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 18 കേസുകളാണ് ഇയാളുടെ പേരില്‍ അന്നുണ്ടായിരുന്നത്. തുടർന്ന് കൊട്ടാരക്കര, ഓച്ചിറ, കൊല്ലം വെസ്റ്റ്, കുണ്ടറ, പുത്തൂര്‍, അടൂര്‍, ചവറ പൊലീസ് സ്റ്റേഷനുകളിലായി 28 കേസുകള്‍ തെളിയിക്കപ്പെട്ടു. തുടർന്നും നിരവധി കേസുകളിൽ ഇയാൾ പിടിക്കപ്പെട്ടു. ഇതോടെയാണ് ബെഗളുരുവിലേക്ക് താമസം മാറ്റാൻ വിജയലക്ഷ്മി തീരുമാനിച്ചത്. എന്നാൽ മോഷണത്തിനു പുറമെ കൊലക്കേസിൽ കൂടി പ്രദീപ് പ്രതിയായതാണ് വിജയലക്ഷ്മിയെ കടുത്ത സമ്മർദ്ദത്തിലാക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.