WEB MAGAZINEARTICLES

പുതിയ ജനപ്രതിനിധികൾക്ക്….

 

വി.കെ. ശ്രീധരന്‍

പദ്ധതി രൂപീകരണവും നിര്‍വ്വഹണവും ജനകീയാഘോഷമായി തീര്‍ന്ന കാലമായിരുന്നു ഒന്‍പതാം പദ്ധതി (1997 – 2002). അസാധ്യം എന്ന് നിനച്ചിരുന്ന ആസൂത്രണത്തിന്റെ ആദ്യപാഠങ്ങള്‍ ഉരുവിട്ട് സാധാരണക്കാര്‍ ഗ്രാമഹൃദയങ്ങളിലൂടെ നടന്ന് നാടിന്റെ പഴമകള്‍ കോരിയെടുത്തു.
പിറന്നുവീണത് പ്രാദേശിക ചരിത്രമുള്‍ക്കൊള്ളുന്ന പഞ്ചവത്സര വികസനരേഖ. (ഓരോ വര്‍ഷത്തേക്കുംവേണ്ടത് പദ്ധതിരേഖ) ഇത്രക്ക് സമഗ്രമായ ഒന്ന് പിന്നീടൊരിക്കലും തയ്യാറാക്കപ്പെട്ടിട്ടില്ല. ചില തദ്ദേശസ്ഥാപനങ്ങളി ലൊഴികെ, ഇവ കിലയിലും ജില്ലാപ്ലാനിംഗ് ഓഫീസിലും മാത്രമെ
ഇപ്പോള്‍ ലഭിക്കാന്‍ സാധ്യതയുള്ളു. വിദഗ്ധരും ഉദ്യോഗസ്ഥരുമൊത്ത് തദ്ദേശവാസികള്‍ വരും കാലത്തേ ക്കായി പ്രോജക്റ്റുകള്‍ ആവിഷ്‌കരിച്ചു. ജനാഭിലാഷങ്ങളുടെ പുഷ്പമഞ്ജരി.

73, 74 ഭരണഘടന ഭേദഗതി അനുസരിച്ച് കേന്ദ്ര പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ നമ്മുടെ സംസ്ഥാനം മാത്രമാണ് അര്‍ത്ഥവും (പദ്ധതി വിഹിതം) അധികാരവും ആസൂത്രണവും ജനങ്ങളിലേക്ക് വിന്യസിച്ചത്. ജനകീയാസൂത്രണ ത്തിന്റെ രജത ജൂബിലി
നിറവില്‍, നിനവുകള്‍ നിലനിര്‍ത്താം.

സുതാര്യതയുടെ സൂര്യശോഭ

2005 ല്‍ കേന്ദ്ര വിവരാവകാശ നിയമം വരുന്നതിന് മുന്‍പ് കേരള പഞ്ചായത്ത് രാജ് നിയമത്തില്‍ 271(അ) സെക്ഷനില്‍ അറിയാനുള്ള അവകാശം ചേര്‍ത്തിട്ടുണ്ട്. ഓരോ ഭരണ സമിതിയും പൗരാവകാശരേഖ പ്രസിദ്ധീകരിക്കേണ്ടത് ചുമതലയേറ്റ് ആറ് മാസത്തിനുള്ളില്‍. അത്
വര്‍ഷംതോറും പുതുക്കുകയും വേണം. പഞ്ചായത്തില്‍ നിന്ന് നല്കുന്ന സേവനങ്ങള്‍, അവക്കുള്ള മാനദണ്ഡങ്ങള്‍, സമയ പരിധി എന്നിവ ഉള്ളടക്കം. 2016 ല്‍ നിലവില്‍ വന്ന സംസ്ഥാന സേവനാവകാശനിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ഗ്രാമപഞ്ചായത്തിലെ പതിനാറ് ഇനങ്ങള്‍ മാത്രം. മറ്റു
വകുപ്പുകളില്‍ വളരെ കുറഞ്ഞ സേവനങ്ങളും. പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് സംവിധാനം മറ്റുവകുപ്പുകളിലേതിനേക്കാള്‍ വളരെ മുന്‍പ് നിലവില്‍ വന്നത്. കഘഏങട എന്ന സോഫ്റ്റ്‌വെയറില്‍ ഇപ്പോള്‍
ഭൂരിഭാഗം സേവനങ്ങളും ഒരു വിരല്‍തുമ്പില്‍. ഇത് പരീക്ഷണാടിസ്ഥാനത്തില്‍
പ്രയോഗിച്ചുവരുന്നു. ഇഗവര്‍ണന്‍സിന്റെ ചിറകിലേറുകയാണ് പഞ്ചായത്തുകള്‍. ഗുണഭോക്തൃ തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഗ്രാമസഭയുടെ അധികാരപരിധിയില്‍. ഇതു സംബന്ധിച്ച് ഹൈകോടതിവിധിയും നിലവിലുണ്ട്. പഞ്ചായത്തുകളില്‍ പ്രത്യേകിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ്. പരിധിയും പരിമിതിയും ഉണ്ടെങ്കിലും ആത്യന്തിക ലക്ഷ്യം സുതാര്യത ഉറപ്പാക്കല്‍.

ചിറകറ്റ പക്ഷികള്‍

Inline

പഞ്ചായത്തിന്റെ പരിണാമത്തില്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ചവരാണ് കേരളീയര്‍. വിശ്വാസം പറന്നകലുമ്പോള്‍ ഗ്രാമസഭ കേവലം നോക്കുകുത്തിയാകുകയോ? തുടര്‍ച്ച യായി രണ്ടുതവണ
ഗ്രാമസഭ വിളിച്ചുചേര്‍ത്തില്ലെങ്കില്‍ കണ്‍വീനറായ വാര്‍ഡ് മെമ്പര്‍ക്ക് അയോഗ്യത എന്നായിരുന്നു മുന്‍പുള്ള നിയമം. ഒരിക്കല്‍ ചില പഞ്ചായത്തുകളില്‍ ഇത്തരത്തിലൊരു പ്രശ്‌നം ഉയര്‍ന്നുവന്നു.
അപ്പോള്‍ തുടര്‍ച്ചയായി മൂന്നുതവണ എന്ന് ഭേദഗതി ചെയ്തത് മുന്‍കാല പ്രാബല്യത്തോടെ. കേരള പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷന്‍ 234 പ്രകാരം മദ്യശാലക്ക് ലൈസന്‍സ് അനുവദിക്കാനുള്ള അംഗീകാരം പഞ്ചായത്തിനുണ്ടായിരുന്നു. ചില പഞ്ചായത്തുകള്‍ ബാര്‍
ലൈസന്‍സ് അനുവദിക്കേ ണ്ടതില്ലെന്ന് തീരുമാനിച്ചപ്പോള്‍ അതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. 2004 ലെ ജൈവവൈവിധ്യ നിയമപ്രകാരം പഞ്ചായത്തില്‍ രൂപീകരി ക്കപ്പെട്ട ബയോഡൈവേഴിസിറ്റി മാനേജ്‌മെന്റ് കമ്മിറ്റി നിഷ്പ്രഭം. അസംഖ്യം മാതൃക
കള്‍ സൃഷ്ടിച്ച ഗുണഭോക്തൃ സമിതികള്‍ തരം താഴുകയാണ്. പലപ്പോഴും കരാറു
കാരന്‍/ഇടനിലക്കാരന്‍ എന്ന നിലയില്‍. മറ്റു വകുപ്പുകളുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് കണ്ടുവരുന്നത് എന്തും ഏതും ഗ്രാമപഞ്ചായത്തുകളെ ഏല്പിച്ച് കയ്യൊഴിയുന്ന ഏര്‍പ്പാട്.
ഫലമോ ശ്രദ്ധകേന്ദ്രീകരിക്കാനാകതെ, വിഭവശേഷിയുടെ അപര്യാപ്തയും സമയകുറവുമൂലവും പലതും കാട്ടിക്കൂട്ടലാകുന്നു. മറ്റു രണ്ടുതലങ്ങളും വകുപ്പുകളും സര്‍ക്കാരും ഉത്തരവാദിത്വങ്ങള്‍ നിയാമകമായി പങ്കിടുകയാണ് പരിഹാരം.

അതിജിവിക്കാം അനുപമതയുടേ അഭാവങ്ങള്‍

വാര്‍ഡ്/ഗ്രാമസഭകള്‍ പൗരസമൂഹത്തിന്റെ സാന്നിധ്യ-സഹകരണ-സംവാദങ്ങളാല്‍ സമ്പന്നവും സജീവമാകേണ്ടതുണ്ട്. ജനപങ്കാളിത്തം ഉറപ്പാക്കാനുള്ള പരിഷ്‌കാരങ്ങളും തന്ത്രവും മെനയണം.
പഞ്ചായത്ത് രാജ് നിയമം സെക്ഷന്‍ മൂന്ന് പ്രകാരം അവകാശ ങ്ങളും ചുമതലകളും നിറവേറ്റാന്‍ വോട്ടര്‍മാര്‍ മുന്നോട്ടുവരട്ടെ. വേണം വിഭവങ്ങളുടെ മേലുള്ള അധികാരം ഗ്രാമസഭക്ക്. അഴിമതിയും കാലവിളംബവും മറികടക്കാന്‍ ഉണ്ടാകേണ്ടത് ഏകാംഗ ഓംബുഡ്‌സ്മാന്റെ വിപുലീകരണവും ഒന്നിനുപകരം മിനിമം മൂന്ന് മേഖലാതല അപ്പലേറ്റ് ട്രിബ്യൂണലുകളും.
മുന്‍ഗണനാക്രമം പാലിക്കപ്പെടാനുള്ള ഫ്രണ്ട് ഓഫീസുകള്‍ ഫ്രന്‍ഡ്‌ലി ഓഫീസുകളാകട്ടെ.1990-95 ഭരണ സമിതികളുടെ കാലത്ത് രൂപകല്പന ചെയ്ത, വൈകുന്നേരങ്ങളിലും പ്രവൃത്തിക്കേണ്ട വാര്‍ഡ് ഗ്രാമകേന്ദ്രങ്ങള്‍ (സേവാഗ്രാം) തുടരട്ടെ. പരസ്പരം അതിരുകള്‍ ഉല്ലംഘിക്കാതിരിക്കാന്‍ ഉറപ്പാക്കേണ്ടത് ത്രിതല പഞ്ചായത്തുകളുടെ പ്രവൃത്തിപരവും ധനപരവും ഭരണ പരവുമായ സ്വയംഭരണം. ചെറിയ ജില്ലകളും വലിയ പഞ്ചായത്തുകളുമുള്ള കേരളത്തില്‍
മാധ്യമികതലമായ ബ്ലോക്ക് പഞ്ചായത്തിന് പ്രസക്തിയില്ലെന്ന് വിദഗ്ധര്‍. സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യം തീരുമാനിക്കാന്‍ ഭരണഘടനാ ഭേദഗതി അനിവാര്യം. ഒഴിച്ചുകൂടാനാവാത്തത് ശക്തവും ഫലപ്രദവും സമ്പൂര്‍ണ്ണവുമായ മാലിന്യസംസ്‌കരണം. ഗ്രാമ പഞ്ചായത്തിന്റെ കീഴിലാകട്ടെ ഏറ്റവും താഴെതട്ടിലുള്ള വില്ലേജ് ഓഫീസ്. പിരിച്ചെടുക്കുന്ന നികുതിയില്‍
നിന്നും താഴെതട്ടിലെ വിഹിതം എടുത്തതിനുശേഷം മാത്രം സംസ്ഥാന – കേന്ദ്രസര്‍ക്കാരുകള്‍ക്ക് നല്കിയാല്‍ മതിയെന്ന ഗാന്ധിജിയുടെ സങ്കല്പമാണ് ശരി. അല്ലെങ്കില്‍ കീഴ്ഘടകങ്ങള്‍ മേലധികാരികള്‍ക്ക് മുന്‍പില്‍ കൈനീട്ടി നില്‌ക്കേണ്ടിവരും. ഉദാ: ജി.എസ്.ടി.

മാറ്റങ്ങളുടെ മറുലോകത്തിലേക്ക്

ഇനി വേണ്ടത് സ്ഥതിവിവര കണക്കുകളുടെ മായിക പ്രഭചൊരിഞ്ഞ് കണ്ണ് മഞ്ഞളി പ്പിക്കുന്ന നേട്ടങ്ങളുടെ പട്ടികയല്ല. പകരം വിഹായസ് വീടാക്കി, തെരുവോരങ്ങളില്‍ നിദ്രയിലമരുന്ന നിസ്വന്റെ നിലവിളി
നിലപ്പിക്കാനുള്ള പരിഹാര നടപടികള്‍. പരദേശി മൂല്യങ്ങള്‍ക്ക് പിറകേപാഞ്ഞ്, സ്വന്തമായതെല്ലാം നഷ്ടമാകുന്ന മലയാളിയുടെ പാപ്പരത്തം മാലോകരറിയേണ്ട. പ്രത്യാശയും പ്രവൃത്തിയും യോജിപ്പിച്ചുകൊണ്ട്, സാമാന്യജനതക്ക് തൊട്ടറിയാവുന്ന തരത്തില്‍, ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാവട്ടെ പദ്ധതികള്‍. വേഗതയേറിയതും സുസ്ഥിരവും
എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ച എന്ന ത്രിത്വം പൂവണിയാന്‍. ഇതിനായി രൂപപ്പെടേണ്ടത് സമഗ്രതയും സമവായവും സഹവര്‍ത്തിത്വവും സമ്മളിതമാകുന്ന സമതലങ്ങള്‍. മുന്‍ തദ്ദേശ ഭരണ വകുപ്പുമന്ത്രി എം.കെ. മുനീറിന്റെ നേതൃത്വത്തിലാണ് ഉള്‍പ്രദേശങ്ങളുടെ
ഉള്‍തുടിപ്പുകള്‍ നേരിട്ടറിഞ്ഞ് പരിഹാരം തേടാന്‍ ഗ്രാമയാത്രകള്‍ സംഘടിപ്പിക്കപ്പെട്ടത്. സ്ഥലകാലജ്ഞാനമില്ലാതെ ദില്ലിയിലെ ശീതീകരിച്ച മുറികളിലിരുന്ന് അന്യദേശങ്ങളുടെ ആസൂത്രണത്തിന് യൂറോപ്പ്യന്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്ന ഉദ്യോഗസ്ഥരുടേയും
ജനപ്രതിനിധികളുടേയും രീതികള്‍ കാലഹരണപ്പെട്ടു. ഗ്രാമീണ നോവുകള്‍ തൊട്ടറിഞ്ഞ് പ്രതീക്ഷയുടെ നാമ്പുകള്‍ക്ക് ദാഹജലം നല്‍കാന്‍ ഭരണ കര്‍ത്താക്കള്‍ ദന്തഗോപുരങ്ങളില്‍ നിന്നിറങ്ങട്ടെ.
സുസ്ഥിര വികസനലക്ഷ്യങ്ങള്‍ (ടഉഏ) സഫലമാ ക്കുക അടിയന്തിര കര്‍ത്തവ്യം. നീര്‍ത്തടാധിഷ്ഠിത,പരിസ്ഥിതിക്കിണങ്ങുന്ന സംയോ ജിത പരിപാടികള്‍ പരിഗണിക്കപ്പെടണം. പൈതൃകമ്യൂസിയവും പ്രാദേശിക ചരിത്രവും അഭിലഷണീയം. കോവിഡ് കാല വിദ്യാഭ്യാസത്തിന്റെ വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഭിന്നശേഷി, ബാല, വയോജന സൗഹൃദ തദ്ദേശ ഭരണത്തിന്റെ സാധ്യതകള്‍ ആരായാം. സദ്ഭരണ തത്വങ്ങളിലൂന്നി സാമൂഹ്യ നീതിയും സുതാര്യതയും ചേര്‍ത്തുപിടിക്കുക. ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതികത്വത്തിന്റെ സമയത്ത്, സൗഹൃദവും സന്തോഷവും തുളുമ്പുന്ന കൂട്ടായ്മകള്‍ പരിപോഷിപ്പിക്കുന്ന അയല്‍കൂട്ടങ്ങളിലൂടെ/ഗ്രാമസഭകളിലൂടെ നമുക്ക്
മുന്നേറാം.

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker