ARTICLESWEB MAGAZINE

സാദൃശ്യം തോന്നുന്നുവെങ്കിൽ യാദൃശ്ചികമല്ല …

കെ എം സന്തോഷ് കുമാർ

ചില സമാനതകൾ നമ്മളെ വല്ലാതങ്ങ് വിസ്മയിപ്പിച്ചു കളയും. അത് താൻ അല്ലയോ ഇത് എന്ന ആശങ്കയിൽ വീർപ്പുമുട്ടിപ്പോകും. ഒരാളെപ്പോലെ തോന്നിക്കുന്ന അപരനെ വഴിയിൽ കണ്ടപ്പോഴുള്ള വിസ്മയത്താൽ അല്ല കുറിപ്പ്. രണ്ട് ഉന്നത വ്യക്തികളുടെ, രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായ സാദൃശ്യം ആണ് പരാമർശിക്കുന്നത്.കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭിപ്രായവും വിമർശനവുമായി ഒരു കാര്യം ചൂണ്ടിക്കാട്ടി. ഒരു പുതിയ പദപ്രയോഗമാണ് അതിന് അദ്ദേഹം ഉപയോഗിച്ചത്‌. സമരജീവികൾ എന്ന്… ആന്ദോളൻ ജീവികൾ… അസാമാന്യമായ ഐക്യവും നിശ്ചയദാർഢ്യവും അക്രമരാഹിത്യവും കൊണ്ട് ആഗോള ശ്രദ്ധയിലേക്ക് എത്തിയ കർഷക സമരത്തെ പരിഹസിക്കാനാണ് നരേന്ദ്ര മോദി ആ പ്രയോഗം നടത്തിയത്.പല വിഷയങ്ങളിലും പല സ്ഥലങ്ങളിലും സ്ഥിരം സമരങ്ങളുമായി എത്തുന്നു എന്നതാണ് നരേന്ദ്ര മോദിയുടെ പരാതി. ഈ വാക്കുകൾ മുൻപ് എവിടെയോ കേട്ടിട്ടുണ്ടല്ലോ ?.ഓർത്തു നോക്കാം… ഓർമ്മകൾ ഉണ്ടായിരിക്കണമല്ലോ ? മറവിക്കെതിരായ ഓർമ്മയുടെ സമരം എന്നത് ദുരാധികാരത്തിനെതിരായ സമരം തന്നെയാണെന്ന മിലൻ കുന്ദേര യുടെ വാക്കുകൾ ഉണ്ടല്ലോ. കിട്ടി… കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് , എറണാകുളം വഞ്ചി സ്വകയറിൽ കേരളം കണ്ടിട്ടുള്ളതിൽ വച്ച് അത്യപൂർവ്വമായ സമരം നടക്കുന്ന സമയം. അത്യപൂർവ്വമായ വിഷയം, മഠങ്ങളിൽ നിന്ന് നിരത്തിലേക്ക് കന്യാസ്ത്രീകൾ ഇറങ്ങി വന്ന അത്യപൂർവ്വ സമരം. ആ സമയം കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒരു അഭിപ്രായം പറഞ്ഞു. ഇത് മൊബൈൽ സമരക്കാരാണ്. കേരളത്തിലെ ഏതു സമരത്തിലും ഇവരെ കാണാം . ഒന്ന് കഴിഞ്ഞാൽ മറ്റൊരിടത്തായി സമരം നടത്തുന്ന മൊബൈൽ സമരക്കാർ ! നരേന്ദ്ര മോദിയുടേയും കോടിയേരി ബാലകൃഷ്ണൻ്റേയും ഈ വാക്കുകൾ തമ്മിൽ സമാനത തോന്നുന്നുവെങ്കിൽ അത് യാദൃശ്ചികമല്ല.

നരേന്ദ്ര മോദിയുടെ വിമർശനത്തിന് കർഷകർ ഒറ്റവാക്കിൽ മറുപടി പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടിയത് സമരം ചെയ്താണ്. അതിൽ പങ്കുചേരാത്തവർക്ക് സമരം അലർജിയായിക്കാം എന്ന് . മൊബൈൽ സമരം എന്ന മുൻ അഭിപ്രായപ്രകടനത്തിന് അന്ന് ഇത്ര അർത്ഥ പൂർണ്ണമായ മറുപടി ഉണ്ടായോ എന്നത് പരിശോധിക്കാതെ പറയാനാവില്ല. പക്ഷേ ഒന്നറിയാം ,ചോദ്യം ഒന്നായതിനാൽ ഉത്തരവും ഒന്നുമതിയല്ലോ ???

 

Related Articles

Back to top button