KERALABREAKING NEWSLATEST

താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തൽ യുഡിഎഫ് ഭരണകാലത്തും ; സെക്രട്ടേറിയറ്റിലെ ഏഴു സുരക്ഷാ ജീവനക്കാരെ ഉമ്മൻ ചാണ്ടി സ്ഥിരപ്പെടുത്തി

തിരുവനന്തപുരം: സ്ഥിരപ്പെടുത്തല്‍ വിവാദം പുകയുന്നതിനിടെ യു ഡി എഫ് ഭരണകാലത്തും സമാനമായ നിയമനങ്ങൾ നടന്നതിന് തെളിവ്. പി എസ് സി ലിസ്റ്റ് നിലനില്‍ക്കെ സെക്രട്ടേറിയറ്റിലെ താത്കാലിക സെക്യൂരിറ്റി ഗാർഡുകളെയാണ് ഉമ്മൻ ചാണ്ടി സർക്കാർ സ്ഥിരപ്പെടുത്തിയത്.

കെ മുരളീധരനും ശശി തരൂരും അടക്കമുള്ള നേതാക്കളുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. എൽ ഡി എഫ് സർക്കാർ അധികാരം ഏറ്റെടുത്ത ശേഷം ഈ നിയമനങ്ങള്‍ റദ്ദാക്കുകയായിരുന്നു.

ദിവസ വേതന അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റിൽ അഞ്ച് വർഷമായി സുരക്ഷാ ജോലി ചെയ്യുന്ന തങ്ങളെ സ്ഥിരപ്പെടുത്തുമെന്ന അപേക്ഷ താത്കാലിക ജീവനക്കാരായ ഏഴ് വിമുക്ത ഭടന്മാർ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നല്‍കിയത് 2015 ജൂലൈ ഒന്നിന്.

അതിന് പിന്നാലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷനും കോണ്‍ഗ്രസിന്‍റെ കുടപ്പനക്കുന്ന് മണ്ഡലം കമ്മിറ്റിയും മുഖ്യമന്ത്രിക്കു നിവേദനം നൽകി.

കെ മുരളീധരൻ എം എൽ എ, ശശി തരൂര്‍ എം പി, കെ പി സി സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി എന്നിവരുടെ ശുപാർശയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു മുന്നിലെത്തി. 2015 ഡിസംബർ മൂന്നിന് ചേർന്ന മന്ത്രിസഭ യോഗം നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

ഇടത് സർക്കാർ അധികാരം ഏറ്റെടുത്ത ശേഷം 2017 മാർച്ചില്‍ 21 ഈ നിയമനങ്ങള്‍ റദ്ദാക്കി. നിയമനങ്ങൾ സ്ഥിരപ്പെടുത്തിയ ഉത്തരവ് ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമെന്ന് വിലയിരുത്തി ആയിരുന്നു പിണറായി സർക്കാരിന്റെ നടപടി.

വൈകാതെ ഈ ജീവനക്കാരെ പിരിച്ച് വിടുകയും ചെയ്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഇത്തരം നിയമനങ്ങളുടെ കണക്കെടുത്ത് തെളിവുകൾ പുറത്തു വിട്ട് പ്രതിപക്ഷത്തിന് മറുപടി നൽകാനാണ് സർക്കാർ തീരുമാനം.

Related Articles

Back to top button