BREAKINGSPORTS

’25 ലക്ഷത്തില്‍ നിന്ന് ഒരു കോടിയിലേക്ക്’;വിനേഷ് ഫോഗട്ട് പരസ്യപ്രതിഫലം ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സില്‍ മെഡല്‍ നേടാനായില്ലെങ്കിലും പരസ്യപ്രതിഫലം വര്‍ധിപ്പിച്ച് ഗുസ്തിതാരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്സിന് മുമ്പ് വാങ്ങുന്നതിനേക്കാള്‍ നാലിരട്ടിയോളം കൂടുതല്‍ പ്രതിഫലമാണ് വിനേഷ് ഇപ്പോള്‍ വാങ്ങുന്നതെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരീസ് ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളായ നീരജ് ചോപ്രയും മനു ഭാക്കറും പരസ്യപ്രതിഫലം ഉയര്‍ത്തിയിട്ടുണ്ട്.
പാരീസ് ഒളിമ്പിക്സിന് ശേഷം വിനേഷിന്റെ ബ്രാന്‍ഡ് വാല്യു ഉയര്‍ന്നിട്ടുണ്ട്. ഒളിമ്പിക്സിന് മുമ്പ് ഓരോ എന്‍ഡോഴ്സ്മെന്റ് ഡീലിനും 25 ലക്ഷം രൂപയാണ് താരം വാങ്ങിയിരുന്നത്. ഇപ്പോള്‍ അത് 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാരീസ് ഒളിമ്പിക്സില്‍ മെഡല്‍ നേടാനായില്ലെങ്കിലും വിനേഷ് ഫൈനലിന് മുമ്പ് അയോഗ്യയാക്കപ്പെട്ടത് രാജ്യത്തെയൊന്നാകെ ഞെട്ടിച്ചിരുന്നു. ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടു.
ഒളിമ്പിക്സ് ഗുസ്തിയില്‍ വനിതകളുടെ 50കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയെങ്കിലും ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് താരം അയോഗ്യയാക്കപ്പെട്ടത്. പിന്നാലെ വെള്ളി മെഡലിനായി കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയതോടെ വിനേഷ് മെഡലില്ലാതെ നാട്ടിലേക്ക് മടങ്ങി.
പാരീസില്‍ രണ്ട് മെഡലുകള്‍ നേടിയ ഷൂട്ടിങ് താരം മനു ഭാക്കറിന്റെ ബ്രാന്‍ഡ് വാല്യു വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. തമ്പ്സ്അപ്പുമായി 1.5 കോടി രൂപയുടെ ഡീലാണ് നടത്തിയത്. ഒളിമ്പിക്സിന് മുമ്പ് 25 ലക്ഷമാണ് മനു പ്രതിഫലമായി വാങ്ങിയിരുന്നത്. ഒളിമ്പിക്സില്‍ സ്വര്‍ണനേട്ടം ആവര്‍ത്തിക്കാനായില്ലെങ്കിലും ജാവലിന്‍ താരം നീരജ് ചോപ്രയുടെ ബ്രാന്‍ഡ് വാല്യുവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button