BREAKINGNATIONAL

25 വര്‍ഷം മുമ്പ് മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയ അന്ധയായ പെണ്‍കുഞ്ഞ്; തോല്‍ക്കാന്‍ മനസ്സില്ലാത്ത മാല ഇനി സര്‍ക്കാര്‍ ജീവനക്കാരി

ലക്‌നൗ: 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ ജാല്‍?ഗണ്‍ റെയില്‍വേ സ്റ്റേഷനില്‍ മാലിന്യക്കൂടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു പെണ്‍കുഞ്ഞിനെ കണ്ടെത്തി. കാഴ്ചാപരിമിതിയുണ്ടായിരുന്ന കുഞ്ഞായിരുന്നു അവള്‍. അവളുടെ മാതാപിതാക്കളാരെന്നോ എന്തിനാണ് അവര്‍ അവളെ ഉപേക്ഷിച്ചതെന്നോ അറിയാത്ത അധികൃതര്‍ അവളെ അന്ധര്‍ക്കും ബധിരര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പുനരധിവാസ കേന്ദ്രത്തിലാക്കി. പേരറിയാത്ത മാതാപിതാക്കളാരെന്നറിയാത്ത അന്നത്തെ പെണ്‍കുഞ്ഞിന്റെ ഇന്നത്തെ പേര് മാലാ പപാല്‍ക്കര്‍ എന്നാണ്.
മഹാരാഷ്ട്ര പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പരീക്ഷ പാസ്സായി സെക്രട്ടറിയേറ്റിലെ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയില്‍ ജോലി നേടിയിരിക്കുകയാണ് മാലാ പപാല്‍ക്കര്‍. പത്മ അവാര്‍ഡ് ജേതാവായ 81 കാരന്‍ ശങ്കര്‍ബാബ പപാല്‍ക്കര്‍ ആണ് അവളുടെ മാര്‍?ഗദര്‍ശി. അവള്‍ക്ക് തന്റെ സര്‍നെയിം നല്‍കുക മാത്രമല്ല, അവളുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും ബ്രെയിലി ലിപി പഠിപ്പിക്കുകയും ചെയ്തു അദ്ദേഹം.
കാഴ്ച വൈകല്യമുള്ള, അനാഥരായ കുട്ടികളുടെ ലോകത്ത് തന്റെ രക്ഷാധികാരിയുടെ സാന്നിദ്ധ്യമാണ് മാലയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ‘എന്നെ രക്ഷപ്പെടുത്താനും സംരക്ഷിക്കാനും ഇന്നത്തെ അവസ്ഥയിലേക്ക് എത്തിക്കാനും ദൈവം മാലാഖമാരെ അയച്ചു’ എന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേ മാല പറഞ്ഞത്. ‘ഇവിടം കൊണ്ട് പരിശ്രമം അവസാനിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല. യുപിഎസ്‌സി പരീക്ഷയെഴുതി ഞാനൊരു ഐഎഎസ് ഓഫീസറാകും.’ മാലയുടെ ആത്മവിശ്വാസം നിറയുന്ന വാക്കുകളിങ്ങനെ.
അന്ധവിദ്യാലയത്തിലാണ് മാല തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കണ്ടറിയിലും മികച്ച മാര്‍ക്കോടെയായിരുന്നു മാലയുടെ വിജയം. 2018-ല്‍ അമരാവതി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും ഗവ. വിദര്‍ഭ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസില്‍ നിന്ന് ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും നേടി. ബ്രെയിലി ലിപി ഉപയോഗിച്ചായിരുന്നു മാലയുടെ വിദ്യാഭ്യാസം. പരീക്ഷയെഴുതാന്‍ മാത്രമായി മറ്റൊരാളുടെ സഹായം തേടുകയും ചെയ്തു. പിന്നീട് ദരിയാപൂരിലെ പ്രൊഫ. പ്രകാശ് ടോപ്ലെ പാട്ടീല്‍ അവളുടെ വിദ്യാഭ്യാസം ഏറ്റെടുത്തു.
എംപിഎസ്‌സി പരീക്ഷകള്‍ക്ക് മാലയെ പരിശീലിപ്പിച്ചതും ആവശ്യമായ മാലക്ക് ആവശ്യമായ മാര്‍?ഗനിര്‍ദേശങ്ങള്‍ നല്‍കിയതും പ്രൊഫസര്‍ അമോല്‍ പാട്ടീല്‍ ആയിരുന്നു. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ തഹസീല്‍ദാര്‍ പരീക്ഷ എഴുതിയെങ്കിലും മാലയ്ക്ക് വിജയം നേടാന്‍ സാധിച്ചില്ല. എന്നാല്‍ ഈ വര്‍ഷം എംപിഎസ്‌സി ക്ലര്‍ക്ക് പരീക്ഷയില്‍ അവള്‍ക്ക് വിജയം നേടാനായി. ലോകമെങ്ങുമുള്ള ശാരീരിക പരിമിതികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനമാണ് മാല പപാല്‍ക്കര്‍ എന്ന യുവതി.

Related Articles

Back to top button