ചണ്ഡീഗഡ്: അധികാരമേറ്റെടുത്ത് ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനവുമായി പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍. 25,000 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ഉടന്‍ ജോലി നല്‍കാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം ആദ്യം കൈക്കൊണ്ടത്. ഇതില്‍ 15,000 പേര്‍ക്ക് പോലീസിലും ബാക്കിയുള്ളവര്‍ക്ക് മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലുമാണ് അവസരം. സര്‍ക്കാരിന് കീഴിലുള്ള വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലാണ് നിയമനം നല്‍കുകയെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു.
ഒരു മാസത്തിനുള്ളില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ഇത് പഞ്ചാബിലെ യുവാക്കള്‍ക്ക് നല്‍കിയ വാഗ്ദാനമായിരുന്നുവെന്നും ഭഗവന്ത് മന്‍ പറഞ്ഞു.യുവാക്കളാണ് തങ്ങളുടെ പ്രഥമ പരിഗണനയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു വനിതയുള്‍പ്പെടെ പത്ത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പരമാവധി 18 മന്ത്രിമാരെ ഉള്‍പ്പെടുത്താമായിരുന്നിട്ടും മന്ത്രിമാരുടെ എണ്ണം കുറയ്ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്.
117 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ആം ആദ്മി പഞ്ചാബില്‍ സ്വന്തമാക്കിയത്. 92 സീറ്റുകളില്‍ വിജയിച്ചാണ് അധികാരത്തില്‍ നിന്നും അവര്‍ കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞത്. വെറും 18 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്.