
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കോർപ്പറേഷനുമായി ഏതെങ്കിലും ധാരണാപത്രം ഒപ്പിട്ട കാര്യം കെഎസ്ഐഎന്‍സിയുടെ എംഡി സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് രേഖയായി ഉയര്‍ത്തിക്കാട്ടുന്നത് കമ്പനി നല്കിയ നിവേദനത്തിലെ വിവരങ്ങളാണെന്നും ഇത് അദ്ദേഹത്തിന് എങ്ങനെ കിട്ടി എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഡി ആയ ഉദ്യോഗസ്ഥന് (എൻ.പ്രശാന്ത്) നേരത്തെ ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നെന്നും പിണറായി പറഞ്ഞു.
കെഎസ്ഐഎന്‍സി പൊതുമേഖലാ സ്ഥാപനമാണ്. സംസ്ഥാന സര്‍ക്കാരോ സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഇതുവരെ ഒരു എംഒയും ഒപ്പിട്ടിട്ടില്ല. സാധാരണയായി കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നീടാണ് അത് സര്‍ക്കാരിന്റെ പരിഗണനയില്‍ വരികയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
“2021 ഫെബ്രുവരി 11ന് കമ്പനിയുടെ പ്രതിനിധികള്‍ വ്യവസായ മന്ത്രിയുടെ ഒഫീസിലെത്തി ഒരു നിവേദനം നല്‍കിയിരുന്നു. ഫിഷറീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റില്‍ കേരള സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്നും അതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നിവേദനം. നിവേദനം മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു,” മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത്തരമൊരു ധാരണാപത്രത്തെപ്പറ്റി സര്‍ക്കാരിനെയോ മന്ത്രിയെയോ ബന്ധപ്പെട്ട സെക്രട്ടറിയെയോ കോര്‍പറേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.