
ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ പി.ജെ ജോസഫ് ആലോചന യോഗം വിളിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ജോസഫ് ഗ്രൂപ്പ് അടിയന്തര നേതൃയോഗവും ചേരും. പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യമാണ് പ്രധാനമായും ചർച്ച ചെയ്യുക. കേരളാ കോൺഗ്രസ് (ജെ), കേരളാ കോൺഗ്രസ് എം (ജെ) എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. പുതിയ പാർട്ടി രൂപീകരണത്തെക്കുറിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് ജോസഫ് വിഭാഗത്തിലെ പ്രമുഖ നേതാക്കൾ വ്യക്തമാക്കി.
കേരള കോൺഗ്രസ് അയോഗ്യത വിഷയത്തിലെ സ്പീക്കറുടെ നടപടി കൂടി പരിശോധിച്ചാകും പാർട്ടി തീരുമാനം. ഓഗസ്റ്റ് 24ന് ചേർന്ന നിയമസഭാ സമ്മേളനത്തിൽ വിപ്പ് ലംഘിച്ചതിന് ജോസ്, ജോസഫ് പക്ഷങ്ങൾ പരസ്പരം നൽകിയ പരാതികളിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നടപടി എതിരായാൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യവും ചർച്ച ചെയ്യും. വിഷയത്തിൽ സ്പീക്കർക്ക് ഇടപെടാൻ കഴിയുമോ എന്ന കാര്യത്തിൽ ഇരു വിഭാഗങ്ങളുടെയും വാദം സ്പീക്കർ നേരത്തെ കേട്ടിരുന്നു. വിഷയത്തിൽ സ്പീക്കറുടെ തീരുമാനം വ്യാഴാഴ്ച ഉണ്ടാകും.