തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണങ്ങളും വിവാദങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് സമാപനം. തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന പരിപാടിയിൽ വയനാട്എംപിയും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധി പങ്കെടുക്കും. ഇതിനു ശേഷം നടക്കുന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിലും രാഹുൽ ഗാന്ധിയുടെ സാന്നിധ്യമുണ്ടാകും.
യുഡിഎഫിലെ മുഴുവൻ ഘടകകക്ഷികളെയും ഉള്‍പ്പെടുത്തിയാണ് സമാപന സമ്മേളനം നടക്കുക. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട തിരിച്ചടിയ്ക്ക് ശേഷം യുഡിഎഫിനെ രാഷ്ട്രീയമായി ഉണര്‍ത്താനും തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുമായിരുന്നു രമേശ് ചെന്നിത്തല യാത്ര നടത്തിയത്. യുഡിഎഫിൻ്റെ മുഖ്യമന്ത്രി സാധ്യതാ പട്ടികയിലുള്ള ആളെന്ന നിലയിൽ രമേശ് ചെന്നിത്തല തന്നെയായിരുന്നു യാത്രയുടെ ശ്രദ്ധാകേന്ദ്രം.
ജനുവരി 31ന് കാസര്‍കോട് നിന്നു തുടങ്ങിയ യാത്ര എല്ലാ ജില്ലകളിലും യോഗങ്ങള്‍ നടത്തിയ ശേഷമാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ക്കു പുറമെ പിഎസ്സി സമരം, ആഴക്കടൽ മത്സ്യബന്ധന കരാര്‍ തുടങ്ങിയ പുതിയ വിഷയങ്ങളും രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയ്ക്ക് മൂര്‍ച്ചയേറ്റി. ശബരിമലയിൽ ആചാരസംരക്ഷണത്തിനായി നിയമം നിര്‍മിക്കുമെന്ന യുഡിഎഫ് നിലപാടും ഇതിനായി തയ്യാറാക്കിയ കരടും ഏറെ ശ്രദ്ധ നേടി. പാലായിൽ വെച്ച് മാണി സി കാപ്പൻ്റെ യുഡിഎഫ് പ്രവേശനവും യാത്രയുടെ ഭാഗമായെന്നതും ശ്രദ്ധേയമായി. കോൺഗ്രസ് പ്രവര്‍ത്തകനായ ധര്മജൻ ബോള്‍ഗാട്ടി ഉള്‍പ്പെടെയുള്ളവരും യാത്രയ്ക്കിടയിൽ സജീവരാഷ്ട്രീയത്തിലേയ്ക്ക് കടന്നതായി പ്രഖ്യാപിച്ചു.