LATESTKERALA

പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകയോട് എന്‍ പ്രശാന്ത് മോശമായി പെരുമാറിയെന്ന് പരാതി; വിശദീകരണവുമായി പ്രശാന്തിന്റെ ഭാര്യ രംഗത്ത്

കൊച്ചി: അമേരിക്കന്‍ കമ്പനിയുമായി ആഴക്കടല്‍ ട്രോളര്‍ നിര്‍മാണത്തിനു കരാര്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ നില്‍ക്കുന്ന ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡി എന്‍ പ്രശാന്ത് വിവാദക്കുരുക്കില്‍. ആരോപണത്തില്‍ പ്രതികരണം ആരാഞ്ഞ് മൊബൈല്‍ സന്ദേശം അയച്ച മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്നാണ് പരാതി. ഇതില്‍ വിശദീകരണവുമായി പ്രശാന്തിന്റെ ഭാര്യ രംഗത്തെത്തി.

വിവാദത്തില്‍ പ്രതികരണം ആരാഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അശ്ലീലച്ചുവയുള്ള ഇമോജികള്‍ മറുപടിയായി നല്‍കിയെന്നാണ് പ്രശാന്തിനെതിരായ ആക്ഷേപം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പങ്കുവച്ചാണ് വാര്‍ത്ത.

പ്രശാന്തിന്റെ ഭാര്യ ഫെയ്സ്ബുക്കില്‍ എഴുതിയ പ്രതികരണം ഇങ്ങനെ……

”ഉച്ചയ്ക്ക് പ്രശാന്ത് ഊണ് കഴിക്കുമ്പോള്‍ എന്റെ കയ്യിലായിരുന്ന ഫോണിലേക്ക് വന്ന ഈ ചാറ്റിന് മറുപടി ഇട്ടത് ഞാനായത് കൊണ്ടാണ് ഈ പോസ്റ്റ് ഞാനിടുന്നത്. മനസ്സ് സ്വസ്ഥമായിരിക്കാന്‍ പ്രശാന്തിനെ ഫോണില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും പരമാവധി മാറ്റി നിര്‍ത്താനാണ് എന്റെ ശ്രമം. പെട്ടെന്ന് കേറി ഒന്നും പ്രതികരിക്കാതിരിക്കാന്‍. ഇതുവരെ നല്ല കുട്ടിയായി മിണ്ടാതിരിപ്പുണ്ട്. ഒരു വ്യക്തി ഒരു വാര്‍ത്തയോട് പ്രതികരിക്കണോ വേണ്ടയോ എന്ന് ഒരു ലേഖകനോ ലേഖികയോ തീരുമാനിക്കുന്ന നാടല്ല ഇത്.”

”വിവാദത്തില്‍ തീ കൂട്ടാന്‍ ഒരു വാചകം ഒപ്പിച്ച് അതാഘോഷിക്കാന്‍ നോക്കി, നടന്നില്ല. പ്രതികരണം കിട്ടാതെ ചമ്മി. ചമ്മിയതും വാര്‍ത്തയാക്കി. എന്നാല്‍ കാര്യങ്ങള്‍ ഇത്ര സിമ്പിളല്ല. കഥക്ക് പിന്നില്‍ പറയാത്തത് വേറെയുണ്ട്.
പലതവണ അജ്ഞാത നമ്പറുകളില്‍ നിന്ന് പല പേരുകളില്‍ പലതവണ കോളും മെസേജും ‘ വീഡിയോ കോളും’ ചെയ്ത ഈ മാന്യ/മാന്യന്റെ ഉദ്ദേശ്യം നന്നായി മനസ്സിലാക്കിയാണ് അയാളെ ഞാന്‍ കൈകാര്യം ചെയ്തത് എന്ന് മനസ്സിലാക്കുക. സ്റ്റിക്കറുകള്‍ മാത്രം കിട്ടിയപ്പോള്‍ കാര്യം നടക്കില്ലെന്ന് മനസ്സിലായ ലേഖകന്‍/ലേഖിക ട്രാക്ക് മാറ്റുന്നു. ഒരു ഉദ്യോഗസ്ഥനോട് ‘താങ്കളെ ഉപദ്രവിക്കാനല്ല’ എന്ന ചെറിയ വായിലെ വലിയ വര്‍ത്തമാനത്തിന് ‘ഓ യാ!’ എന്നല്ലാതെ എന്ത് പറയാന്‍! ഞാനിട്ട സീമച്ചേച്ചിയുടെ ‘ഓ..യാ!’ എന്ന സ്ഥിരം സ്റ്റിക്കര്‍ അശ്ലീലമായി പെട്ടെന്ന് തോന്നിയ ലേഖകന്‍/ലേഖിക വീണ്ടും വീഡിയോ കോള്‍ തുടങ്ങി. അത് കൊള്ളാല്ലോ. അശ്ലീലം കാണാനാണോ വീഡിയോ കോള്‍? ഒരു വീഡിയോ കോള്‍ എങ്ങനെയെങ്കിലും അറ്റന്റ് ചെയ്യിച്ച് അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്ന പഴയ നമ്പറൊക്കെ ഈ ഭാഗത്തുള്ളവര്‍ക്കും അറിയാം. സാധാരണ ഒരു സ്റ്റിക്കറിനെ ‘അശ്ലീലം’ എന്ന് വിശേഷിപ്പിച്ച ലേഖകന്‍/ലേഖിക വീഡിയോ കോള് നടത്തി അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് ‘സെക്സ് ചാറ്റ്’ എന്ന് വാര്‍ത്ത സൃഷ്ടിക്കലായിരുന്നു പരിപാടി. സത്യത്തില്‍ കോള്‍ എടുത്ത് ഞാന്‍ രണ്ട് പറയുകയായിരുന്നു വേണ്ടത്.”- കുറിപ്പില്‍ പറയുന്നു

”ലേഖകന്‍/ലേഖിക സ്വയം കൊഞ്ഞനം കുത്താതെ കൊട്ടേഷന്‍ തന്ന ചേട്ടനോട് പോയി ഏറ്റ കാര്യം നടന്നില്ല എന്ന് പറയുക. പ്രൊഫഷനലായി വാര്‍ത്ത ചെയ്യാനറിയാത്തവര്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ കാണിക്കുന്ന നിലവാരമില്ലായ്മയായിട്ടേ ഇതിനെ കാണാനാവൂ. പിന്നെ, സ്‌കാവഞ്ചര്‍ എന്നാല്‍ ശവംതീനിയെന്നാണ് അര്‍ത്ഥം. എന്നാല്‍ ലേഖകന്‍/ലേഖികക്ക് അത് തോട്ടിപ്പണിയാണത്രെ. തര്‍ക്കാനില്ല.
പ്രൊഫഷനലുകളായ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ ആരും മൗനമായിരിക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഇങ്ങനെ ശല്യം ചെയ്യുന്നില്ല. പത്രക്കാരെ പ്രശാന്തിനെതിരെ തിരിച്ച് വിടാന്‍ എടുത്ത കൊട്ടേഷന്‍ ആണത്രെ. ബുദ്ധിയുള്ള പത്രപ്രവര്‍ത്തകര്‍ക്ക് ഇതൊക്കെ മനസ്സിലാവും. ദയനീയം തന്നെ മൊയലാളീ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker