WEB MAGAZINE

‘നരേന്ദ്ര മോദി: ജനപക്ഷത്തിലെ സ്ത്രീപക്ഷം’

അനീഷ്‌
-ശോഭാ സുരേന്ദ്രന്‍ രചിച്ച ‘നരേന്ദ്ര മോദി: ജനപക്ഷത്തിലെ സ്ത്രീപക്ഷം’ എന്ന പുസ്‌കത്തേക്കുറിച്ച്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മോദി സര്‍ക്കാരുകളുടെയും സ്്ത്രീപക്ഷ നയങ്ങളെയും നടപടികളെയും കുറിച്ച് സമഗ്രവും ആധികാരികവുമായ പുസ്തകമാണ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍ എഴുതിയ ‘നരേന്ദ്ര മോദി: ജനപക്ഷത്തിലെ സ്ത്രീപക്ഷം’. മലയാളത്തില്‍ ഇത്തരമൊരു പുസ്തകം ആദ്യമാണ് എന്നതു മാത്രമല്ല, മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഈ ഉള്ളടക്കമുള്ള സമഗ്ര രചന ഉണ്ടായിട്ടുമില്ല എന്നത് ശ്രദ്ധേയം. ഇംഗ്ലീഷ് പരിഭാഷ വൈകാതെ പുറത്തിറങ്ങുന്നുമുണ്ട്. ശോഭാ സുരേന്ദ്രന്‍ എഴുതുന്ന മൂന്നു പുസ്തകങ്ങളില്‍ ആദ്യത്തേതാണ് ഇത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ രാഷ്ട്രീയ ജീവിതത്തെയും യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയപ്രവേശത്തെയും മുഖ്യമന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളെയും കുറിച്ചാണ് മറ്റു രണ്ടു പുസ്തകങ്ങള്‍.
” സത്യത്തില്‍ ഭയത്തോടെയും അധിക ശദ്ധയോടെയുമാണ് ഞാനിത് എഴുതുന്നത്. നമ്മുടെ മാതൃരാജ്യത്തിനു മഹത്വവും പ്രശസ്തിയും ആദരവും കൊണ്ടുവരുന്ന, ലോകത്തെ സ്വാധീനിച്ച ഏറ്റവും പ്രമുഖ വ്യക്തിത്വത്തെക്കുറിച്ച്, പ്രിയപ്പെട്ട മോദിജിയെക്കുറിച്ച് എഴുതുമ്പോള്‍ കൈവിരലുകള്‍ മുതല്‍ അറിയാതെ പടരുന്ന സൂക്ഷ്മത”. ആമുഖത്തില്‍ ശോഭാ സുരേന്ദ്രന്‍ എഴുതുന്നു. ആ സൂക്ഷ്മത പുസ്തകത്തിലുടനീളം പ്രകടമാണുതാനും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപി ബൗദ്ധിക വിഭാഗത്തിലെ പ്രധാനിയുമായ ഡോ. ആര്‍.ബാലശങ്കര്‍ ആണ് അവതാരിക എഴുതിയിരിക്കുന്നത്. ” 2020 നവംബറില്‍ നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിച്ചത് സ്ത്രീകള്‍ ശക്തമായി ആ മുന്നണിയെ പിന്തുണച്ചതുകൊണ്ടാണ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. മൂന്നു വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബിജെപിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിക്കൊടുത്തതും സ്ത്രീകളുടെ സമ്പൂര്‍ണ്ണ പിന്തുണ കൊണ്ടാണെന്ന് പല പഠനങ്ങളും തെളിയിച്ചിരുന്നു.2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലെത്തിയ ശേഷം സ്ത്രീശക്തിയെ രാഷ്ട്രനിര്‍മാണത്തിനുള്ള ഒരു രാഷ്ട്രീയ ശക്തിയായി കണക്കാക്കി ദേശീയ പുനര്‍നിര്‍മാണത്തിന്റെ ഭാഗമാക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തി എഴുതി. സ്ത്രീകള്‍ നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസിക്കാവുന്ന ‘വോട്ടുബാങ്ക്’ ആയി പരിണമിച്ചു. ഇതെങ്ങനെ സംഭവിച്ചു. ഈ ചോദ്യത്തിനുള്ള ഉത്തരത്തിലേക്കു വെളിച്ചം വീശുന്ന പഠനമാണ് കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന വനിതാ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ എഴുതിയ പുസ്തകം” ഡോ.ബാലശങ്കറിന്റെ വാക്കുകള്‍. തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ സാക്ഷരത നേടി പ്രധാനമന്ത്രിയില്‍ നിന്ന് നാരീരത്ന പുരസ്‌കാരത്തിന് അര്‍ഹയായ ആലപ്പുഴ സ്വദേശി കാര്‍ത്യായനി അമ്മയെ നരേന്ദ്ര മോദി പ്രണമിക്കുന്നതാണ് പുസ്തകത്തിന്റെ ശ്രദ്ധേയമായ കവര്‍ചിത്രം.
തികഞ്ഞ അക്കാദമിക സ്വഭാവം പ്രകടമാക്കാനും അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രീപക്ഷ നടപടികള്‍ ലളിതമായി, സാധാരണക്കാര്‍ക്കും മനസ്സിലാകുന്ന വിധം വിശദീകരിക്കാനും കഴിയുന്നത് ശോഭയുടെ രചനയുടെ പ്രത്യേകതയാണ്. ആദ്യമായി എഴുതുന്ന പുസ്തകത്തിന്റെ ഉ്ള്ളടക്കം ഇത്ര നന്നാക്കാന്‍ സഹായിച്ച ബിജെപി അനുഭാവികളും അല്ലാത്തവരുമായ വിവിധ തലങ്ങളിലുള്ളവരുടെ പിന്തുണയേക്കുറിച്ച് മടികൂടാതെ അവര്‍ തുറന്നു പറയുന്നുമുണ്ട്.
ഇന്ത്യയുടെ നാനാമുഖമായ വികാസപരിണാമങ്ങള്‍ എത് ഭാരതത്തിലെ സ്ത്രീസമൂഹവുമായും ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കു ഒന്നാണ് എന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ സ്ത്രീ: ചരിത്രത്തില്‍ നിന്നു പുതിയ വര്‍ത്തമാനത്തിലേക്ക് എന്ന ആദ്യ അധ്യായത്തിന്റെ തുടക്കം: ” ഇന്ത്യ അതിന്റെ സ്ത്രീകളെ കാലത്തിലൂടെ രൂപപ്പെടുത്തിക്കൊണ്ടുവന്നതുപോലെ വലിയതോതില്‍ ഭാരതത്തിന്റെ നാനാമേഖലകളുടെ വികാസത്തിലും ഇന്ത്യന്‍ സ്ത്രീ ചരിത്രപരമായ കര്‍ത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും നിറവേറ്റിയിട്ടുണ്ട്. ആധുനിക ഇന്ത്യയെയും അതിന്റെ നേട്ടങ്ങളെയും രൂപപ്പെടുത്തിയതില്‍ അദ്വിതീയ പങ്കാണ് ഇന്ത്യന്‍ സ്ത്രീകള്‍ക്കുള്ളത് എതു തര്‍ക്കമില്ലാത്ത വസ്തുതയാണ്. ഒരേ സമയം രാഷ്ട്രത്തെ രൂപപ്പെടുത്തുകയും സ്വയം മാറ്റത്തിനു വിധേയ ആവുകയും ചെയ്യുന്ന ആ പ്രക്രിയയ്ക്ക് ഊര്‍ജ്ജം പകരുകയാണ് ഭാവനാത്മകമായ സര്‍ക്കാര്‍നയങ്ങള്‍ക്ക് ചെയ്യാനുള്ളത്”.
ഇന്ത്യയുടെ നാവികസേനയിലെ ആദ്യ വനിതാ സബ് ലഫ്റ്റനന്റുമാരായി കുമുദിനിത്യാഗി, റിതിസിംഗ് എന്നിവരെ 2020 സെപ്റ്റംബറിനു നിയമിച്ചതിനേക്കുറിച്ചു വിശദമായി പരാമര്‍ശിച്ചുകൊണ്ടാണ് 2014 മുതല്‍ ഇതുവരെ മോദി സര്‍ക്കാരുകള്‍ നടത്തിയ സ്ത്രീപക്ഷ ഇടപെടലുകളുടെ വസ്തുതാ വിശദീകരണത്തിലേക്കു കടക്കുന്നത്. ” നാവികസേനയില്‍ വിന്യസിക്കപ്പെട്ട ഈ വനിതാ ഓഫീസര്‍മാര്‍ അന്നേദിവസം മുതല്‍ ചരിത്രത്തിന് കൂടി അവകാശികളായി മാറുകയാണ് ചെയ്തത്. നാവികസേനയുടെ പടക്കപ്പലില്‍ നിയോഗിതയരായ ആദ്യ വനിതാ ഓഫീസര്‍മാരായിരുന്നു ഇരുവരും. യുദ്ധരംഗത്തെ നിര്‍ണായക ചുമതലകളുടെ ബാറ്റണ്‍ വനിതകളെ ഏല്‍പ്പിച്ചതിലൂടെ ഭാരതം ഉത്തരവാദിത്തങ്ങള്‍ ഉജ്ജ്വലമായി നിറവേറ്റാനുള്ള വനികളുടെ ശേഷിക്ക് ഉറച്ചൊരു സല്യൂട്ടു നല്‍കുകയാണ് ചെയ്തത്. തീര്‍ച്ചയായും സ്വയം രൂപപ്പെടുകയും അതുവഴി ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യുന്ന കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ അതിന്റെ മനോഹരമായ മറ്റൊരു രംഗത്തെ വെളിപ്പെടുത്തുകയാണ് ഇതിലൂടെ” എന്നും ഇതൊരു തുടര്‍ച്ചയാണ് എന്നും പുസ്തകം പറയുന്നു.
സ്ത്രീജീവിതങ്ങള്‍: അക്ഷരത്തിലും അക്കത്തിലും, സ്വഛഭാരതവും ഭാരതസ്ത്രീയും, പെണ്‍കുട്ടി വളരട്ടെ, പെണ്‍കുട്ടി പഠിക്കട്ടെ, മുത്തലാഖ് നിരോധന നിയമവും വിവാഹപ്രായം ഉയര്‍ത്തലും, സ്ത്രീയുടെ ആരോഗ്യം- ഇന്ത്യയുടെ ആരോഗ്യം, സ്ത്രീക്ഷേമവും സ്ത്രീസുരക്ഷയും തിരുത്തിയെഴുതപ്പെടുമ്പോള്‍, തൊഴില്‍-സമ്പത്ത്-സ്ത്രീ, കൊവിഡ് പാക്കേജും സ്ത്രീകളും, സ്ത്രീശാക്തീകരണം: മോദിയുടെ നേതൃത്വവും ഊര്‍ജ്ജസ്രോതസ്സും എന്നിങ്ങനെ തലക്കെട്ടില്‍ത്തന്നെ ഉള്ളടക്കത്തിലേക്കു കൃത്യമായ സൂചന നല്‍കുന്ന രചനാരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നയങ്ങളുടെയും നടപടികളുടെയും വിരസമായ വിശദീകരണമായി മാറാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തിയിട്ടുമുണ്ട്.
മുത്തലാഖ് നിരോധന നിയമത്തേക്കുറിച്ചുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്ന്. മുത്തലാഖ് നിരോധന നിയമത്തെ മുസ്ലിം സ്ത്രീയുടെ പക്ഷത്തു നിന്നുകൊണ്ട് സമര്‍ത്ഥമായി വിശദീകരിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നതുതന്നെയാണ് പ്രധാനം.
പാര്‍ലമെന്റ് 2019 ജൂലൈ 26നു പാസാക്കിയ മുത്തലാഖ് നിരോധനബില്‍ രാജ്യത്തെ മുസ്ലിം സഹോദരിമാര്‍ക്ക് നിയമത്തിനു മുന്നിലെ തുല്യത ഉറപ്പാക്കുക മാത്രമായിരുന്നില്ല ചെയ്തതെന്നും കാലങ്ങളായുള്ള ഒരു അനാനാചാരത്തിന് അന്ത്യം കുറിക്കുകകൂടി ആയിരുന്നു  എന്നും തുറന്നെഴുതുന്നു. ”അതുവഴി പുരുഷാധികാരത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട അനീതിയില്‍ നിന്ന് അവര്‍ക്ക് മോചനം നല്‍കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. നിയമത്തിന് മുന്നില്‍ മുത്തലാഖ് കുറ്റകരമാക്കുക വഴി, അതിവേഗത്തിലുള്ള, ഏകപക്ഷീയമായ വിവാഹമോചനത്തില്‍ നിന്നു സ്ത്രീകള്‍ക്ക് നിയമപരിരക്ഷ ഉറപ്പായി. സ്വതന്ത്രവ്യക്തികള്‍ എന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും ലഭ്യമാകുന്ന അവകാശങ്ങള്‍ അവര്‍ക്ക് വിവാഹമോചനത്തിന്റെ കാര്യത്തിലും ലഭ്യമായി. അങ്ങനെ നോക്കുമ്പോള്‍ അത് തുല്യതയിലേക്കുള്ള കൈപിടിച്ചുയര്‍ത്തല്‍ കൂടിയായിരുന്നു”.
പാരമ്പര്യവാദികളായ ചില മതപണ്ഡിതരും സ്ഥാപിതതാല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന ചില പ്രസ്ഥാനങ്ങളും ഒഴികെ ഇന്ത്യയിലെ മുസ്ലീങ്ങളില്‍ ബഹുഭൂരിപക്ഷവും, പ്രത്യേകിച്ചും സ്ത്രീകള്‍ ആഹ്ളാദത്തോടെ എന്‍.ഡി.എ സര്‍ക്കാരിന്റെ ഈ ചരിത്രപരമായ ഇടപെടലിനെ സ്വാഗതം ചെയ്തു എന്ന ശക്തമായ രാഷ്ട്രീയ കടന്നാക്രണമുണ്ട് ഈ അധ്യായത്തില്‍. ” മതഗ്രന്ഥത്തില്‍ പറഞ്ഞിട്ടില്ലാത്ത മുത്തലാഖ് പുരുഷന്റെ സ്ഥാപിതതാല്‍പര്യത്തിനായി ഇന്ത്യയില്‍ കാലങ്ങളായി ഉപയോഗപ്പെടുത്തി വരികയായിരുന്നു” എന്നു ചൂണ്ടിക്കാണിക്കുകവഴി ഈ വിഷയത്തില്‍ ചര്‍ച്ചയുടെ വാതില്‍ തുറന്നിടുന്നുമുണ്ട് ശോഭ. ഈ വരികള്‍ അതു വ്യക്തമാക്കുന്നു: ”മുസ്ലിം വ്യക്തിനിയമത്തിന്റെ ഭാഗമെ നിലയില്‍ ഇക്കാലമത്രയും അതിന് സവിശേഷ പരിരക്ഷയും നല്‍കി. എന്നാല്‍ ഇത് സ്ത്രീജീവിതങ്ങള്‍ക്ക് എന്താണ് നല്‍കിയതെും അത് നീതിപൂര്‍വ്വകമാണോ എന്നം ആരും ചോദിച്ചില്ല. ഭൂരിപക്ഷം മുസ്ലിം പണ്ഡിതരും മുത്തലാഖ് ചൊല്ലി സ്ത്രീയെ ഉടനടി വിവാഹബന്ധത്തില്‍ നിന്നു പുറത്താക്കുന്നതിനെ എതിര്‍ക്കുന്നവരാണ്. ഇത് സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങള്‍ ഹനിക്കുന്നത് കൊണ്ടു മാത്രമല്ല, മതത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് മുത്തലാഖ് നില നില്‍ക്കുന്നത് എന്ന് ഇവര്‍ കൃത്യമായ വാദമുഖങ്ങളുയര്‍ത്തി സമര്‍ത്ഥിക്കുകയും ചെയ്യുന്നു”. ഒപ്പം, നിരവധി ഇസ്ലാമിക രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിക്കപ്പെട്ടിട്ടുണ്ട് എന്നത് ആ അനാചാരത്തെ അനുകൂലിക്കുവര്‍ കണ്ടില്ലെന്നു നടിച്ചതായും പാക്കിസ്ഥാനും ബംഗ്ളാദേശും പോലും അതു നിരോധിച്ചിണ്ടെന്നും ശോഭാ സുരേന്ദ്രന്‍ ഓര്‍മിപ്പിക്കുന്നു. ” ഇന്ത്യ പോലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം സ്വന്തം സഹോദരിമാര്‍ക്കു നല്‍കാന്‍ വൈകുകയായിരുന്നു. എന്നാലിന്നു നീതി നടപ്പായിരിക്കുന്നു. അക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഇഛാശക്തിക്ക് തുല്യതയില്ല”.
ശുചിത്വഭാരത ദൗത്യത്തിന്റെ സ്ത്രീപക്ഷ സ്വഭാവത്തേക്കുറിച്ചുള്ള അധ്യായവും പ്രത്യേക പരാമര്‍ശം ആവശ്യപ്പെടുന്നുണ്ട്. ‘ഇന്ത്യയുടെ അതിവിശാലമായ ഗ്രാമീണ ജീവിതത്തില്‍ സ്വച്ഛഭാരത് മിഷന്‍ പോലൊരു പദ്ധതി നടത്തിയ ഇടപെടലും മാറ്റങ്ങളും വലിയ തോതില്‍ പഠനം അര്‍ഹിക്കുന്നു എന്ന് പുസ്തകം വാദിക്കുന്നു. ”ക്രിയാത്മകവും ആത്മാര്‍ത്ഥവുമായ സര്‍ക്കാര്‍ നടപടികള്‍ക്ക് എത്രത്തോളം ഓരോ പൗരന്റെയും ജീവിതത്തില്‍ നേരിട്ട് ഇറങ്ങിച്ചെല്ലാന്‍ കഴിയും എന്നതിന്റെ തെളിവാണ് ശുചിത്വ ഭാരത ദൗത്യം. ഇത്തരത്തില്‍ മാതൃകയാക്കാന്‍ കഴിയുന്ന മറ്റൊരു പദ്ധതി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ വേറെ ഉണ്ടാകുമെന്നു തോന്നുന്നില്ല”.
വെളിയിടവിസ്സര്‍ജ്ജനത്തിന്റെ അനന്തരഫലങ്ങള്‍ ഒരേസമയം ഭൗതികവും മാനസികവുമാണ് എന്ന അതീവ പ്രസക്തമായ നിരീക്ഷണം ഈ അധ്യായത്തിലുണ്ട്. ”മുതിര്‍ന്ന ഒരു സ്ത്രീ തന്റെ സ്വകാര്യത പണയം വച്ച് അത്തരമൊരു പ്രവൃത്തിയില്‍ ഏര്‍പ്പെടേണ്ട സാഹചര്യമുണ്ടാകുന്നത് അങ്ങേയറ്റം കടുത്ത മാനസികവ്യഥയിലേക്ക് അവളെ തള്ളിവിടുകയും ജീവിതത്തോടുള്ള സമീപനം തന്നെ നിഷേധാത്മകമായി മാറുകയും ചെയ്യുന്നു”.
ദിവസത്തില്‍ ഏതു സമയത്തും പ്രാഥമികകൃത്യങ്ങള്‍ക്ക് സ്വകാര്യത ഉറപ്പുവരുത്തി എന്നതു കേരളത്തില്‍ നിന്നു നോക്കുമ്പോള്‍ അത്ര പ്രധാനമാകില്ല. പക്ഷേ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും അതു സ്ത്രീജീവിതത്തെ വന്‍തോതില്‍ സ്വാധീനിച്ചു എന്നു തിരിച്ചറിയുന്നുണ്ട് ഗ്രന്ഥകാരി. ” അതുവഴി വ്യക്തിപരമായ അന്തസ്സും അഭിമാനവും മാത്രമല്ല ശുചിത്വഭാരത മിഷന്‍ സാക്ഷാത്ക്കരിച്ചത്. അത് സ്ത്രീജീവിതത്തിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. അവളിലെ സാമൂഹികോര്‍ജ്ജത്തെ അത് സ്വതന്ത്രമാക്കി. അതിനൊപ്പം സാമൂഹികശുചിത്വത്തില്‍ അതുണ്ടാക്കിയ വിപ്ളവകരമായ കുതിച്ചു ചാട്ടത്തിന്റെ പ്രതിഫലനം വരുതലമുറകളില്‍ നമുക്ക് കാണാനാവുകയും ചെയ്യും”. എന്ന വിലയിരുത്തല്‍ പ്രസക്തം.
നരേന്ദ്ര മോദിയുടെ ഒന്നാം സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരും ഇഛാശക്തിയോടെ നടപ്പാക്കിയ, നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്ത്രീപക്ഷ നയങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിന് മലയാള ഭാഷയില്‍ ഒരു രചന ഉണ്ടാകണം എന്ന ആഗ്രഹം കുറേക്കാലമായി മനസ്സിലുണ്ട് എന്ന് ശോഭ ആമുഖത്തില്‍ വിശദീകരിക്കുന്നു. ”എന്തുകൊണ്ട് സ്വന്തം നിലയില്‍ത്തന്നെ അതിനു ശ്രമിച്ചുകൂടാ എന്നു പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എന്റെ ആ ആഗ്രഹത്തിന്റെ തീവ്രത അറിയുന്നവര്‍ ആവര്‍ത്തിച്ചു പ്രചോദിപ്പിതിന്റെ ഫലമാണ് ഈ പുസ്തകം” എന്നും അവര്‍ പറയുന്നു.
അഛന്റെ ഓര്‍മകള്‍ക്കും അമ്മയുടെ സ്നേഹസാന്നിധ്യത്തിനുമാണ് ശോഭാ സുരേന്ദ്രന്‍ ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. കോട്ടയത്തെ നൊസ്റ്റാള്‍ജിയ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker