BREAKINGNATIONAL

26-കാരി മാഹാലക്ഷ്മിയുടെ ക്രൂര കൊലപാതകം; മുന്‍ ഭര്‍ത്താവിന്റെ വെളിപ്പെടുത്തലും ആരോപണവും ‘ കൊന്നത് കാമുകന്‍’

ബെംഗളൂരു: ഇക്കഴിഞ്ഞ 21നാണ് ബെംഗളൂരുവിലെ വൈലിക്കാവലില്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്രിഡ്ജിനുള്ളില്‍ കഷ്ണങ്ങളാക്കി മുറിച്ച നിലയില്‍ മഹാലക്ഷ്മി എന്ന 26കാരിയുടെ മൃതദേഹം കണ്ടെത്തിയത്. രാജ്യത്തെ ആകെ ഞെട്ടിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. ഇതിനിടയിലാണ് മഹാലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് ഹേമന്ത് ദാസ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. തന്റെ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു എന്നാണ് ദാസിന്റെ വെളിപ്പെടുത്തല്‍. അവളുടെ കാമുകനായ അഷ്‌റഫാണ് ക്രൂരമായ കൊലപാതകത്തിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിക്കുന്നു.
ബൗറിംഗ് ആന്‍ഡ് ലേഡി കഴ്സണ്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലെത്തി മൃതദേഹം കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 ദിവസം മുമ്പ് മകളുടെ ഒരു കാര്യത്തിന് നെലമംഗലയിലെ തന്റെ കടയിലെത്തിയപ്പോഴാണ് അവളെ അവസാനമായി കണ്ടതെന്നും ദാസ് പറഞ്ഞു. മഹാലക്ഷ്മി, ഉത്തരാഖണ്ഡ് സ്വദേശി അഷ്റഫുമായി ബന്ധത്തിലായിരുന്നു. ഇയാള്‍ നെലമംഗലയിലെ സലൂണില്‍ ജോലി ചെയ്തിരുന്നതായും ഹേമന്ത് ദാസ് പറയുന്നു. ഇയാളാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് കരുതുന്നത്. മാസങ്ങള്‍ക്ക് മുമ്പ് മഹാലക്ഷ്മി ശേഷാദ്രിപുരം പോലീസ് സ്റ്റേഷനിലെത്തി അഷ്റഫിനെതിരെ ബ്ലാക്ക്മെയിലിങ്ങിന് പരാതി നല്‍കിയിരുന്നുവെന്നും ദാസ് പറയുന്നു.
ആറ് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഒമ്പത് മാസം മുമ്പാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. ഡിസംബറില്‍ ഒരു തര്‍ക്കത്തിന്റെ പേരില്‍ മഹാലക്ഷ്മി എനിക്കെതിരെയും നെലമംഗല പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയിരുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞ ശേഷം അവര്‍ വയലിക്കാവില്‍ തനിച്ചായി. വെള്ളിയാഴ്ച, അവര്‍ താമസിക്കുന്ന ഒന്നാം നിലയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ എന്നെ വിളിച്ച് എന്നെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഞാന്‍ മഹാലക്ഷ്മിയുടെ അമ്മയെ വിവരമറിയിക്കുകയും ചെയ്തു, അവര്‍ ശനിയാഴ്ച പരിശോധിച്ചപ്പോഴാണ് അവളുടെ മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജില്‍ നിറച്ച നിലയില്‍ കണ്ടെത്തിയതെന്നും ഹേമന്ത് പറയുന്നു.

Related Articles

Back to top button